ആസ്വാദനം / കരുത്തവരുടെ ജീവൻ
കറുത്തവരുടെ ജീവൻ/ രാവുണ്ണി
===================
കവിതയിൽ വാക്കുകൊണ്ട് അമ്മാനമാടുന്ന കണ്ടിട്ടുണ്ടോ നിങ്ങൾ?
അടുത്തകാലത്തായി കവിതകൾ വായിച്ച് ചിരിച്ചിട്ടുണ്ടോ? അതുപോലെ നാട്ടീണങ്ങളും നാടോടിശീലുകളും, കവിതയിൽ നിറഞ്ഞ്
ഭാഷയിലെ ചുഴികളും മലരുകളും കേറ്റിറക്കങ്ങളും കണ്ടിട്ടുണ്ടോ?
രാവുണ്ണിക്കവിയെന്നും രാവുണ്ണിക്കവിതയെന്നും വിളിക്കാം നമുക്കവയെ!
വെറുതെയല്ല, സർ കുഞ്ചൻനമ്പ്യാർക്കവിതകളിൽ ഡോക്ടറേറ്റ് എടുത്തത്!
ഗൗരവമുള്ള വിഷയങ്ങളാണെങ്കിലും ഏറിയും കുറഞ്ഞും നർമ്മത്തിന്റെ വിവിധ കൂട്ടുകൾ പാകംപോലെ ആ കവിതകളിലുണ്ടാവും.
ഒപ്പം മനുഷ്യന്റെ കണ്ണീരും നേരും ചികയുന്ന കവിതകളാണവ. രാഷ്ട്രീയ സാംസ്‌കാരിക പോരാളിയുമാണ് മാഷ്! പ്രകൃതിയും പെണ്ണും മണ്ണും പ്രണയവും നർമ്മവും തീവ്രഹാസ്യവും കവിതയ്ക്ക് പുതുഭാവുകത്വവും നല്കി പദ്യത്തിലും ഗദ്യത്തിലും കവിതകളെഴുതുന്നു രാവുണ്ണി മാഷ്. തികഞ്ഞ ലാളിത്യവും ആ കവിതകളുടെ മുഖമുദ്രയാണ്.
അതിലെ മഹത്തരമായ ഒന്നാണ് "കണ്ണി"!
പ്രകൃതിയെ, വൃക്ഷലതാദികളെ, പൂക്കളെ,പക്ഷികളെ മുഴുവൻ കൂട്ടുവിളിച്ചുകൊണ്ട് ഒരമ്മ ഏറ്റം നിസ്സഹായയായ തന്റെ കുഞ്ഞിനെ കാത്തുപോരുന്ന മനോഹരമായ, ഹൃദയം അലിയിക്കുന്ന ഒന്നാണ്!
"മണ്ണടരുകൾ" എന്നതിൽ മണ്ണിൽ അടിഞ്ഞുചേർന്ന കാലത്തിന്റെ മുദ്രകൾ. ഒന്നൊന്നായി ചികഞ്ഞുനോക്കിയാൽ "ഒരുതുണ്ട് മണ്ണിലീ ബ്രഹ്മാണ്ഡവുംകാണാം."
മാറ്റുദേശം എന്ന ദേശത്തെ നാട്ടിടവഴികളിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ! അവരുടെ നോവും ജീവിതവും എഴുതി. കവ്ങ്ങേറ്റക്കാരൻ പുരുഷു! ഒരു കവുങ്ങിൽ നിന്ന് മറ്റൊരു കവുങ്ങിലേക്ക് പകരുന്ന അവന്റെ പണിയുടെ താളം ആ കവിതയുടെ താളമാവുന്നു. ഭാഷാനിപുണത! നമ്മുടെ കണ്ണ് നിറയ്ക്കുന്നുണ്ട് ആ ജീവിതം.
"വെറുമൊരു ചൂലിന്റെ ജീവിതം" ചൂലും കാറ്റും വേണം ദുർഗന്ധമകറ്റാൻ. പഴമയുടെ ദുർഗന്ധമകറ്റാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പറയുന്ന മാറ്റത്തിന്റെ കൊടുങ്കാറ്റിന് കാതോർക്കുന്നു ഇതിൽ .
"ചേട്ടാവിളയാട്ടം" വാക്കാട്ടം എന്നുപറയാം.
ആക്ഷേപഹാസ്യമാണ്. മാലിന്യക്കൂമ്പാരംതൂത്തു സ്വന്തമിടം വൃത്തിയാക്കുന്നവൻ ചെന്നുപെടുന്ന അഴിയാകുരുക്കുകൾ, 'നഞ്ഞുകാലം' ആർത്തിമൂത്ത് ഒന്നില്നിന്നും മറ്റൊന്നിലേക്ക് കുരുക്കിൽപ്പെടുന്നവിധം, വായിച്ചുകഴിയുമ്പോൾ ഒരുചിരി ഊറിവരും. അതുപോലെതന്നെ
"അമ്പതാണ്ടപ്പുറോമമ്മായി" വാക്കുകൾ ചോടുവച്ചു വരുന്ന വിദ്യ കാണാം.
"പരസ്യരഹസ്യങ്ങളുടെ പരമാർത്ഥം"
വീട് വിൽക്കുന്നു, വൃക്ക ആവശ്യമുണ്ട്, വൃക്ക വിൽപ്പനക്ക്, എല്ലാറ്റിനും പിന്നിലെയും
രഹസ്യമായ നിലവിളികാണാമവയിൽ.
"ഭവിഷ്യത്തു ചിത്രപടം"
യഥാർത്ഥ ജയിലുകളേതെന്നും യഥാർത്ഥ ആരാച്ചാർ ആരെന്നും തൂലികയിൽ അഗ്നിസ്ഫുലിംഗങ്ങൾ നിറച്ച എഴുത്തുകാരനെ പ്രതിപാദിക്കുന്നു.
"ചിങ്ങവെളിച്ചം" പ്രത്യാശയുടെ പ്രകാശഗോപുരമാണ്. നല്ലൊരു പദ്യമാണത്.
നീയെന്ന നീ, ഏകാന്തം, ഒരുതരം മിസ്റ്റിക് എന്നു തോന്നിക്കുന്ന പ്രണയ കവിതകളാണ്.
പെൺകുട്ടികളെ ചതിച്ചും പ്രേമിച്ചും പീഡിപ്പിക്കുകയും കൊല ചെയ്യപ്പെടുന്നതിന്റെ തീവ്രമായ വേദനയിൽ വന്ന പ്രതികരണ കവിതകളാണ് വെടിയെറച്ചി, വാല്മീകം, സ്വർഗീയ പ്രണയം എന്നിവ, അതിന്റെ ശക്തിയും തീക്ഷ്ണതയും അതിൽ നിറയുന്നു.
കൃഷീവലൻ, പതിരുകൊയ്ത്ത്, പൗരത്വ കാർഡ് എന്നിങ്ങനെ കാലിക പ്രസക്തമായ വിഷയങ്ങളാണ്.
കുറുമ്പൂട്ടി മോളേ അറിയാൻ, മുതിർന്നവരാരും തയ്യാറാവുന്നില്ല. അവളുടെ കുസൃതികളും നിസ്സഹായതയും നല്ല കൗതുകമുണ്ട് ആ കവിത. കിൻഡർഗാർട്ടൻ കുഞ്ഞുങ്ങളുടെ ഭാഗം ചേരുന്ന കവിതയാണ്.
കറുത്തവരുടെ ജീവൻ, ജോർജ്ജ് ഫ്ലോയിഡ്, എന്നീ കവിതകൾക്ക് ഇനിയുംവർണ്ണവിഭജനങ്ങളുടെ നീറ്റുന്ന അനുഭവങ്ങൾ പറയാനുണ്ട്.
പറയാനിനിയുമേറെയുണ്ട്....വായിക്കുക!അനുഭവിക്കുക!
പ്രസാധകർ, ബുക്കർ മീഡിയ
" കറുത്തവരുടെ ജീവൻ "
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ

Comments
Post a Comment