ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ.
ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ.
===================
ശ്രീമതി ചിത്ര മാധവന്റെ 51 കവിതകളുടെ സമാഹാരമാണ് "ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ." പ്രസാധകർ:- ഹരിതകേരളം പബ്ലിക്കേഷൻസ് , തിരുവനന്തപുരം, വില 120 രൂപ
പ്രണയവും പ്രകൃതിയും തമ്മിലുള്ള പരസ്പരലയനം ഇഴപിരി ച്ചെടുക്കാൻ പറ്റാത്ത സമന്വയം ഈ കവിതകളുടെ നിറഞ്ഞു നിൽക്കുന്ന ഭാവമാണ്.
ആർദ്രതയും അഴലും നിലാവും വാക്കുകളിൽ അഗ്നിയുടെ കനലാട്ടവും വാരിനിറയ്ക്കുന്ന കവിതകൾ. പ്രണയവും ഏകാന്തതതയും ഒറ്റപ്പെടലിന്റെ തീവ്രവേദനകളും ഇഷ്ടപ്പെടുമ്പോഴും ചുറ്റുപാടും സമൂഹത്തിലും പരിസ്ഥിതിയിലും നടക്കുന്ന ചൂഷണങ്ങളും, സ്ത്രീഹൃദയങ്ങളുടെ ആഴങ്ങളിലേക്കും നാടിന്റെ സംസ്‌കൃതി യിലേക്കും ബാല്യത്തിന്റെ ഓർമ്മകളിലും നിറഞ്ഞുകവിയുന്ന കവി മനോഹര പദങ്ങളാലും പദസമ്പത്തുകൊണ്ടുംചൊൽക്കവിതയുടെ ചാരുത മുഴുവനും കുടഞ്ഞിടുന്നു.
പരസ്പരം മുട്ടിയുരുമ്മി ശാന്തമായ ഓളപ്പരപ്പിനെ ഇളക്കിക്കളിച്ചു കൊണ്ടു നീന്തിത്തുടിക്കുന്ന പ്രണയജോടികളെപ്പോലെ തിളങ്ങുന്ന പരൽമീനുകളുടെ ലാവണ്യവും സൗന്ദര്യാത്മകവുമായ കാഴ്ച സന്തോഷം പകരുന്നതാണ്.
" നെഞ്ചോരം ഒഴുകിയെത്തുന്ന/ പ്രണയനദികളെ ആഴത്തിൽ
ചുംബിച്ച്/ നമുക്ക് ഒറ്റയിതളിലെ ഉന്മാദപ്പൂക്കളാവാം." (ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ.")
"കനം വെച്ച കാർമേഘച്ചുരുളുകളിൽ / ആഴ്ന്നിറങ്ങി ഒളിപ്പിച്ചുവച്ച/ മഴനൂലുകളെ പിരിയിച്ചെടുത്ത്/ നിറംവറ്റിയ മണ്ണിലേയ്ക്ക് / പുതുമഴ പെയ്യിക്കാം!" "'പുതിയ പ്രഭാതങ്ങളിൽ" എവിടെയും വറ്റാത്ത പ്രതീക്ഷയാണ്. ️
സാമൂഹിക ചുറ്റുപാടുകളെ നിരീക്ഷിച്ചു രോഷവും പ്രതിഷേധവും ഉള്ളിലെ കനലായി എരിയിച്ചെടുക്കുന്നുണ്ട്. അഗ്നിമഴ, വിശപ്പിന്റെ രക്തസാക്ഷി, കത്വയിലെ മഞ്ഞേ,അടർക്കളം, ജലംകൊണ്ട് മുറിഞ്ഞവർ, ഞണ്ടുകളുടെ ലോകം എന്നിവ.
"വിശപ്പിന്റെ രക്തസാക്ഷി" യെ നമ്മളെല്ലാം അറിയും. വയനാട്ടിലെ ആദിവാസി യുവാവിനുനേരെ /(വിശക്കുന്നവനോട് ചെയ്ത ) നടന്ന മനുഷത്വഹീനമായ ആക്രമത്തിൽ പ്രതിഷേധിക്കുന്ന കവിതയിലെ.
അവൻ ചോളമണികൾ/ കണ്ണിലൊളിപ്പിച്ച കാട്ടുപൂവ് / എന്ന ഭാഷ എടുത്തുപറയേണ്ടതാണ്.
"ലിംഗ വൈജാത്യം" :- നല്ല വേദന സൃഷ്ടിക്കുന്നു.
" തനുമനങ്ങളാൽ കലഹിച്ചു/ സ്വയം കെട്ടമർന്നു രമിച്ചും/ ഹരിച്ചും ഹസിച്ചും / സ്ത്രീപുരുഷ സമന്വയങ്ങളുടെ/ ദ്വന്ദ്വ ഭാവങ്ങളാൽ സമരസപ്പെടലിന്റെ / അസ്തിത്വം പേറേണ്ടി വന്നവർ" ഭിന്നലിംഗക്കാർ നേരിടുന്ന ചൂഷണങ്ങളും വേദനകളുമാണ് .
നിഴലാട്ടങ്ങളിൽ നിറം തേടുന്നവർ:- "ആത്മാവ് പൂക്കുന്നത് ഹൃദയത്തിനായല്ല/ ഉടൽ കായുന്നത് പരകായത്തിനും/" അതും സ്‌ത്രീ ജീവിതത്തിന്റെ വേറിട്ട മുഖമാണ്. നിയമക്കുരുക്കിൽ നിസ്സഹായരാ യിപ്പോകുന്ന സ്ത്രീജീവിതമാണ് "ഹലാക്കിന്റെ മുത്വലാഖ്" :- ആറ്റിക്കുറുക്കി ഗദ്യത്തിലെഴുതിയ ഒന്നാന്തരം കവിതയാണ്. " മൂന്നു മുത്തങ്ങളുടെ സുവിശേഷങ്ങളേയുള്ളൂ/ മുഖത്തു നോക്കാതെ തന്നെ മുത്തി വിടർത്താം"
" അടർക്കളം" :- അക്രമ രാഷ്ട്രീയത്തിന്റെ പൊയ്മുഖങ്ങൾ,
"ഒരു തുണ്ടു മായുമ്പോൾ" ആലപ്പാട് കരിമണൽ ഖനനം ആസ്പദമാക്കി പുഴയും കുന്നിടിക്കലും പാറമട ഖനനവുമൊക്കെ പ്രകൃതിയെചൂഷണം ചെയ്‌ത് ഇല്ലാതാക്കുന്ന അവസ്‌ഥയെ ദീർഘവീക്ഷണം ചെയ്യുന്നു കവി .
"ഒരുതുണ്ട് മായുന്നു ഭൂപടം തന്നിലായി/ തിരയെടുത്തിന്നു തീരം കവരവേ/ ആവാസബന്ധനം തകിടം മറിച്ചുകൊണ്ടാധുനികത യിലാഴുന്നു/ തേങ്ങുന്നുകടലോരവും"
മറയുന്ന പുഴകൾ : മണലൂറ്റിപ്പോയവരിന്നലെ പുഴയുടെ/ ശവനീരുപോലും ബാക്കിവച്ചില്ല.
" നിനക്കായ്!" പ്രണയാർദ്രമാണ്. മഴയും പ്രണയവും ചേർന്നുപെയ്യുന്ന വരികളും മനോഹരം. നോക്കൂ... "ഇടവപ്പാതി മഴതൻ നോവിൽ/ പ്രണയം പൂക്കുമ്പോൾ/ ഇടവഴി പലതും ജലനൃത്തത്താൽ/ ഇളകിയൊലിക്കുന്നു. "
"പ്രണയിക്കണം!" എന്നതിൽ പ്രണയം ഏതു പ്രായത്തിലുമാവാം.അത് ശരീരബദ്ധമല്ല എന്ന് "വാർദ്ധക്യത്തിന്റെ വേരുകളെ വലിച്ചെറിഞ്ഞ്/ കൗമാരത്തിൻ ദിശകളെ വീണ്ടെടുക്കണം" എന്ന് കവിമതം.
"കടലേ നിന്നെ പ്രണയിക്കുമ്പോൾ" അഗാധമായ പ്രണയം, "പ്രണയമാണെപ്പോഴും" :/മഴയും പ്രണയവും ഒരുമിച്ചൊന്നാകുന്ന വരികൾ, "മഴത്തുള്ളികളേ നിങ്ങളിലൂടെ" അതും മനോഹര സജ്ഞകൊണ്ട് പ്രണയത്തെ നൂൽക്കുന്നു.
" വശ്യമായ മഴയുടെ/ ആർത്തലപ്പുകളിൽ/ ആവേശ ഭരിതമാകുമ്പോൾ/ മുടിയിഴകളെ മെല്ലെ മാടിയൊതുക്കി/ നിലവിറ്റിച്ച നിന്റെ കൺ തടങ്ങളിൽ/ പ്രണയ ചാരുതയാലൊരു കവിത കുറിക്കണം. "
എന്നാൽ ഏകാന്തതയുടെ, തീക്ഷ്ണമായ നോവിൽ കൂടിയിരിക്കുന്ന ഒരു കവിത യാണ് കടൽ പെറ്റ ശംഖ്, തിരസ്കാരം എന്നിവ. "അടയിരിക്കുന്ന മൗനം";-- ഋതുഭേദങ്ങളുടെ കൂടുമാറ്റങ്ങളിൽപ്പെട്ടു /ഒന്നായൊഴുകിയ ആ മേഘക്കീറുകൾ / രണ്ടായ്/ പിരിഞ്ഞകന്ന്/ ഇരുകരകളിലായ് പതിച്ച്/"
നിളനൃത്തം:- " കബനീഭാരത്താൽ കനംവെച്ച/ വാർമുടിച്ചുരുളുലച്ചി ന്നു നീ/ തമസ്സിന്റെ കൂടുപൊളിച്ചു നീയിന്നൊരു / കേദാരമായ് നിലകൊൾക വേണം/
മരവും ജീവനും :/ മഴയുടെ പെരുമ്പറമേളപ്പെരുമയിൽ/
ദിഗംബരമാടുന്ന ശിഖരതല്പങ്ങൾ/ കൂടാതെ മരങ്ങളിതു മണ്ണിന്റെ ശ്വാസകോശങ്ങൾ ഇങ്ങനെ മരവും മണ്ണും മഴയും ജീവനും തമ്മിലുള്ള സൃഷ്ടിയുടെ അനന്തസാധ്യതകളെ വായനക്കാരന്റെ ഹൃദയത്തിൽ കുടിയിരുത്തും.
"കുന്നിറങ്ങിയ മഴയിൽ കുന്നുതേടുന്നവർ "- "ജലം കൊണ്ട് മുറിഞ്ഞവർ", രണ്ടിലും പ്രളയം സൃഷ്ടിച്ച നൊമ്പരങ്ങളുണ്ട്.
വെയിൽ വരമ്പിലെ അതിരാണിപ്പൂക്കൾ:--വളരെ ഇഷ്ടം തോന്നിയ മറ്റൊരു കവിതയാണ്.അപൂർവ്വചാരുതയുണ്ട്.
പൊന്നോണം വരവായി :- വിഷുപ്പുലരി, ഇവയിൽ മനോഹരമായ പദങ്ങളാൽ കേരളത്തനിമ നിറയുന്നു.
ഒറ്റയടിപ്പാത :-- ജനനം മുതൽ മരണം വരെയുള്ള ജീവിത സഞ്ചാരത്തെ ഓർമ്മിപ്പിക്കുന്നു. "ഋതുകന്യകേ" പെൺകുട്ടിയായി തീരുന്നതോടെ ഭയാശങ്കയിൽ, അവളാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു പോകുമെന്ന വിചാരങ്ങളുമാണ്.
"ചുവന്ന കുഞ്ഞേ നീയറിയുക" കുടിയൊഴിപ്പിക്കലല്ലാ/ പറിച്ചു നടീലാണ്./ , പിറവിയുടെ നോവു പങ്കിടുന്ന ഗർഭസ്ഥശിശുവിനോടുള്ള അമ്മയുടെ മന്ത്രങ്ങളാണ് ആ കവിത.
ഓർമ്മപ്പൂക്കൾ :-
അച്ഛനെൻ മനോജ്ഞമാ-
മോർമ്മയിൽ പൂത്തിടുമ്പോൾ
തുച്ഛമെൻ വിരൽത്തുമ്പ്
നീ വന്ന് തൊടുന്ന പോൽ/ വീണ്ടും
"പിറവിയിൽ സുഗന്ധം പൊഴിച്ചെൻ/ ഹൃത്തിലായി മൗനം വിതച്ച് പടിയിറങ്ങി" കുഞ്ഞിലേ അച്ഛനെ നഷ്ടപ്പെട്ട കവിയുടെ നൊമ്പരവും അച്ഛനോർമ്മകളും വരികളിൽ കാണാം.
ഈ പുസ്തകത്തിലെ ഏതാനും കവിതകൾ മാത്രമാണ് ഇവയൊക്കെ. പദസമ്പത്തും പദഭംഗിയും ചാരുതയോടെ നമ്മുടെ കൺകളെ തൊട്ടു ഹൃദയത്തിൽ ഓളങ്ങൾ സൃഷ്ടിക്കുന്ന കവിതകൾ!
ആശംസകൾ!ചിത്രാ മാധവൻ.
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮🔮🔮

Comments
Post a Comment