9th Standard D division
ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച വർഷമാണ് ഈ ഫോട്ടോയുടെ പിറവിയും!
സ്കൂൾക്കാലത്തെ ഓർമ്മിക്കാൻ ഒരു ഫോട്ടോ എന്നത് സ്വപ്നമായിരുന്നു. ഞാൻ ജീവനോടെ എഴുന്നേറ്റുനടന്ന ആ കാലം, സ്‌കൂൾ, സുഹൃത്തുക്കൾ എങ്ങനെയായിരുന്നു! കാണണമെന്നൊരു തോന്നൽ! പരിചയപ്പെടുന്ന സുഹൃത്തുക്കളോടെല്ലാം ആദ്യം ചോദിക്കുന്നത് ക്‌ളാസ് ഫോട്ടോയുണ്ടോയെന്നാ യിരുന്നു. അവസാനം പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടതോടെ ചോദ്യമെല്ലാം അവസാനിപ്പിച്ചിരുന്നു. അവരും അതുപോലൊരു ഫോട്ടോ കിട്ടിയിരുന്നെങ്കിലെന്നു കൊതിക്കുന്നവരാണ്.
നേടാനുള്ളതെല്ലാം നേടി വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോളാണ് ചില കാലങ്ങൾ, നമ്മുടെ ബാല്യവും കൗമാരവുമൊക്കെ തിരിച്ചെടുക്കാൻ കഴിയില്ലെന്നവരുമറിയുന്നത്. ഒരു തിരിഞ്ഞുനോട്ടം ആരാ ഇഷ്ടപ്പെടാത്തത്? അങ്ങനെയാണ് ഓർമ്മയ്ക്കായി ഒരു ചിത്രമെങ്കിലും എന്ന് കൂട്ടുകാരൊക്കെ കൊതിച്ചതും. പ്രത്യേകിച്ചും ഏവർക്കും പ്രിയപ്പെട്ട 2 കൂട്ടുകാർ, സ്വപ്നയും ലതയും നമുക്കൊപ്പം ഇല്ലാലോ എന്നതും, അവരെയൊന്നു കാണാൻ ഒരു ഫോട്ടോയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കുന്നത്.
മനസ്സിലുള്ള ചിത്രങ്ങൾക്ക് കമ്പ്യൂട്ടറിൽ പ്രിന്റ് എടുക്കാനുള്ള പ്രോഗ്രാം വല്ലതും ഉണ്ടായിരുന്നെങ്കിൽ!!
വരും കാലത്തെങ്കിലും പ്രതീക്ഷിക്കാമല്ലേ.
അങ്ങനെയിരിക്കേ വളരെ യാദൃച്ഛികമായിട്ടാണ്
സോളി മാത്യു എന്ന ആ പഴയ കൂട്ടുകാരി മെസഞ്ചറിൽ ഈ ഫോട്ടോ അയച്ചുതരുന്നത്. ഞാൻ സോളിയോട് മാത്രം ഫോട്ടോ ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നില്ല.
ഈസ്റ്റർ സമ്മാനമായി ഉയിർപ്പിന്റെ ആഘോഷമായി 9 ആം ക്ലാസ്സിലെ ഫോട്ടോ.... ആ ഫോട്ടോയ്ക്ക് ഇന്ന് ഞങ്ങളെല്ലാവരും സോളിയോട് കടപ്പെട്ടിരിക്കുന്നു.
സിസ്റ്റർ പങ്ക്റേസ്യ ഹെഡ്മിസ്ട്രസ് ആയിരുന്ന സമയം സിസ്റ്റർ ഗ്രേസ് മേരി ക്‌ളാസ് ടീച്ചറായ ഞങ്ങളുടെ 9 D ഡിവിഷൻ. ഗേറ്റ് കടന്നാൽ പടിഞ്ഞാറ് മതിലിനോട് ചേർന്ന തെക്കു വടക്ക് നീണ്ടുകിടക്കുന്ന കെട്ടിടം. അതിനെ തൊട്ടുരുമ്മി നിൽക്കുന്ന അപ്പുറത്തെ വീട്ടിലെ അടുക്കളപ്പുകയും ഉച്ചനേരം മീൻ പൊരിക്കുന്ന ഗംഭീര മണവുംനിറയുന്ന 9 C, 9A, 9D, 8A, 8B, ക്ലാസ്സുമുറികൾ!
ജനൽ വാതിലുകൾ അടച്ച് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന മാഗി റോസ് സിസ്റ്ററുടെ കെമിസ്ട്രി ക്ളാസ്സുകൾ ഓർമ്മവരുന്നു.
പന്ത്രണ്ടര ഒരുമണി നേരം വയറിന്റെ തിളച്ചു മറിയലിനൊപ്പം ശരീരത്തിന്റെ കെമിസ്ട്രിയും മാഗി റോസ് ടീച്ചറിന്റെ കെമിസ്ട്രി ക്ലാസും ഏറ്റുമുട്ടുമ്പോൾ ഉണ്ടാവുന്ന ഗദ്ഗദം പറഞ്ഞറിയിക്കാവുന്നതല്ല.
സിസ്റ്റർ ഗ്രേസ് മേരി ഞങ്ങളെ ഒരുപാട് കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളിയാക്കുമായിരുന്നു. പൊതിച്ചോറ് കൊണ്ടുവന്ന് ഉച്ചഭക്ഷണം കൊണ്ടുവരാൻ സാഹചര്യമില്ലാത്ത വീട്ടിലെ കുട്ടികൾക്ക് കൊടുക്കുക, തീപ്പെട്ടി അരി കൊണ്ടുവന്ന് ശേഖരിച്ച് കൊടുക്കുക, ഇങ്ങനെ പലതിലും ഞങ്ങളെ പങ്കെടുപ്പിക്കുന്നതിൽ ടീച്ചറുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
ഫോട്ടോയിൽ അന്നത്തെ സഹപാഠികളുടെ മുഖം തിരഞ്ഞു കണ്ടുപിടിക്കലും വലിയ കൗതുകമായിരുന്നു. പച്ച നിറത്തിലെ ഫുൾ പാവാടയും വെളുത്ത ഷർട്ടും ചെമന്ന റിബണും 47 പെൺകുട്ടികൾ! 8, 9 കളാസ്സുകളിലും രണ്ടുവർഷം ഒരുമിച്ചു പഠിച്ചവരാണ്.
ഒരു ഫോട്ടോയ്ക്ക് പിന്നിൽ കഥകൾ ഏറെ!
തൽക്കാലം
ഇവിടെ ചുരുക്കട്ടെ!
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
❤️❤️❤️❤️❤️

Comments
Post a Comment