ഓർമ്മകളിൽ ...സ്‌കൂൾ
1987 ഏപ്രിൽ 1 ന് തിരിച്ചിറങ്ങിയ സ്‌കൂൾ മുറ്റത്തേക്ക് 34 വർഷത്തിനു ശേഷം തിരിച്ചു ചെല്ലുന്നത് കോവിഡ് വാക്സിൻ എടുക്കാനായിരുന്നു. അങ്കമാലി ഹോളി ഫാമിലിയുടെ ആ പഴയ മുറ്റത്ത്! പഴയകാലത്തിന്റെ അടയാളങ്ങൾ എന്തെങ്കിലും കാണാൻ കിട്ടിയിരുന്നെങ്കിൽ എന്നുമാത്രമായിരുന്നു നിറഞ്ഞ ആകാംക്ഷയും പ്രാർത്ഥനയും! അന്നത്തെ കെട്ടിടങ്ങൾ വകഭേദം വന്നെങ്കിലും വാഹനത്തിലിരുന്ന എന്റെ കണ്ണുകൾ ചുറ്റും ഏതെങ്കിലും ഒരു വൃക്ഷമോ പച്ചയുടെ തലപ്പൊ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പരതി നടന്നു. വാഹന സൗകര്യാർത്ഥം പിൻ ഗേറ്റിലൂടെ കടന്നുചെല്ലുമ്പോൾ ചെറിയ നിരാശ തോന്നി. എന്നെ കാത്തിരിക്കുന്നവർ മുഴുവൻ മുന്നിലെ മുറ്റത്ത്
ആയിരിക്കുമല്ലോ! കുരുന്നിലകളോടെ പച്ചച്ചു പടർന്ന് തലയാട്ടി സംരക്ഷണ വേലിക്കകത്തു നിന്നിരുന്ന വാകച്ചെടികൾ! പക്ഷേ അധികം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാത്ത പിന്നിലെ ഈ ഗ്രൗണ്ടിൽ എന്താണ് ഉള്ളത്!?! തികച്ചും നിരാശ തോന്നി നിക്കുമ്പോൾ അതാ മുന്നിൽ മൂത്തു പടർന്നു ആകാശത്തോളം പന്തലിച്ച്!ഒരു മരമുത്തശ്ശൻ!!!😍😘
എത്ര പെട്ടെന്നാണ് അവ എന്റെ കണ്ണുകളെ തേടി വന്നത്. പ്രായം അതിനെ പൊതിഞ്ഞു പിടിച്ചിരുന്നു. എന്നിട്ടും ഗാംഭീര്യം ഒട്ടും ചോർന്നുപോയിട്ടില്ല.
പിന്നിലെ ഗ്രൗണ്ടിൽ ഓരംചേർന്ന് അധികമാരുടെയും ശ്രദ്ധപിടിച്ചു പറ്റാതെ അടുത്തടുത്തു നിന്നിരുന്ന ആ രണ്ടു മാവിൽ ഒന്ന്! അവ കായ്ച്ചും പൂത്തും കണ്ടത് ഓർമ്മയില്ല. കുട്ടികളുടെ പെരുമാറ്റം തീരെ കുറഞ്ഞയിടമായിരുന്നു. സ്‌കൂളിൽ സ്പോർട്സ് ഡേ വരുമ്പോൾ പിന്നെ രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള പരീക്ഷാക്കാലത്തുമാണ് അവർ ഞങ്ങൾക്ക് സൗഹൃദമേകിയിരുന്നത്. ഹൈസ്‌കൂൾക്കാലം ടേം എക്സാം നടക്കുമ്പോൾ, ഉച്ചഭക്ഷണശേഷം അടുത്ത എക്സാമിനുള്ള തകൃതിയായ ഒരുക്കങ്ങൾ! ഇരിക്കപ്പൊറുതിയില്ലാത്ത നടത്ത വായനകൾ!!😃😃 പുസ്തകം കൈയിലെടുത്തു ചറ പറ വായന! അങ്ങോട്ട് നടത്തം ഇങ്ങോട്ടു നടത്തം! എല്ലാം ഒരു തമാശയായി തോന്നുന്നു.
സ്വപ്ന K N , ലത പോൾ , ദൈവമേ! ഞാനോർക്കുന്നു! ഇന്ന് ഫേസ്ബുക്കിലോ ലോകത്തിന്റെ ഒരു കോണിലോ തിരഞ്ഞാൽ കിട്ടാത്ത ആ നഷ്ട സൗഹൃദങ്ങളെ!
സൗന്ദര്യം ശാപം ആവുമെന്ന് സ്വപ്ന പറയാതെ പറഞ്ഞുതന്നു! അവളെ ഓർമിക്കുമ്പോൾ ആ പഴയ കൂട്ടുകാരികൾക്ക് ഹൃദയത്തിൽ ഒരു പൊള്ളലാണ് അനുഭവപ്പെടുന്നത്. സ്വപ്ന കെ എൻ, ലത പോൾ , ലിജി പോൾ, ഷീബ പോൾ , രാജ്മ ടി സി, റൂബി തരിയൻ, എന്നിവരടങ്ങിയ ഐവർ സംഘത്തിലേക്ക് 8 ആം ക്ലസ്സിൽ ന്യൂ അഡ്മിഷനായി എത്തിയ ഞാനും പതിയെ അവരിൽ ഒരാളാവുകയായിരുന്നു.
തികച്ചും അപ്രതീക്ഷിതമായിരുന്നു, പുതിയ സ്‌കൂളിൽ എത്തപ്പെട്ടപ്പോൾ ഞാനും ബിന്ദുവും വേറെവേറെ ഡിവിഷനുകളിൽ!! ആ പങ്കിടൽ! ഒറ്റപ്പെട്ടകുട്ടികളായി പിന്നെപ്പിന്നെ അതാതിടങ്ങളിൽ നിന്നുകൊണ്ട് പരസ്പരം എല്ലാവരെയും സുഹൃത്തുക്കളാക്കി.
ബിന്ദു പി എസ്, യമുന, ലീജ ഇവരെയൊക്കെ പച്ചയും വെള്ളയും യൂണിഫോമിൽ ആ തണലിടത്തിൽ ഏതൊക്കെയോ പരീക്ഷാക്കാലത്ത് വായനാ ക്കൂട്ടത്തിൽ കണ്ടത് ഓർക്കുന്നു.
കൂട്ടുകാരെ വേർപെട്ട എന്റെ S S L C പരീക്ഷാക്കാ ലത്തുമാത്രം ഞാനങ്ങോട്ടു പോയില്ല. കുരുക്കുകൾ പിടിവീണ കാലം ഞാനും അത്ര സ്വതന്ത്രയായിരുന്നില്ല.
കൂടെയുണ്ടായിരുന്ന ജോഷി ചേട്ടൻ കുറെ ഫോട്ടോ എടുപ്പിച്ചുതന്നു!
വണ്ടി തിരിച്ചിട്ടപ്പോൾ വീണ്ടും അങ്ങേയറ്റം സ്‌കൂളിന് മുൻഭാഗം! ഞാൻ പഠിച്ച പത്താം ക്ളാസ് റൂം, ഓഫീസ് കെട്ടിടം എല്ലാം കാലം തൂത്തുവാരിക്കളഞ്ഞിരിക്കുന്നു. വിശാലമായ മുറ്റത്ത് അവിടവിടെ പഴയ പച്ചത്തലപ്പുകൾ! അടുത്ത് ചെല്ലാൻ കഴിയില്ല. ചേട്ടനോട് പറഞ്ഞു ഫോട്ടോ എടുപ്പിച്ചു.കണ്ടു. അതേ... അന്നത്തെ എന്റെ കൂട്ടുകാരികൾ! അവർ എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു. ഉച്ചനേരം സ്‌കൂളിന് എതിരെയുള്ള പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോകുമ്പോൾ, രാവിലെ ഇളംവെയിലിൽ
അസംബ്ലി ലൈനിൽ പൊക്കം എന്നെ പിന്നിലാക്കി നിറുത്തുമ്പോൾ, അങ്ങനെ എപ്പോഴും തൊട്ടുരുമ്മി ഞങ്ങൾ പെൺ സംഘങ്ങൾക്ക് കൂട്ടായവൾ! ആ നിന്ന നിൽപ്പിൽ ഇക്കാലത്തിനുള്ളിലും, അവൾ എനിക്ക് എത്രയും പ്രിയപ്പെട്ടവളായി കാലം വടുക്കൾ വീഴ്ത്തി
ഒരു മരമുത്തശ്ശിയായി! എത്ര ഋതുക്കൾ പൂത്തും കൊഴിഞ്ഞും എന്നിട്ടും ഹരിതശോഭ മങ്ങാതെ! പുതുലമുറയെ രണ്ടു കൈയും നീട്ടി വാരിപ്പുണരാൻ കാത്തുനിൽക്കുകയാണ്.
അവർക്കരികിൽ കൂട്ടുകാരായി കളിപറഞ്ഞു ചിരിച്ചുകൂടി കുറച്ചു പൂക്കളും ഉണ്ണികളും!നിറഞ്ഞിരിക്കുന്നു! അവർക്കരികിലേക്ക് ഓടിച്ചെന്ന്, തൊട്ടു വിളിച്ച് എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിക്കണമെന്നുണ്ടായി.
പക്ഷേ വേണ്ട! എന്റെ പ്രിയപ്പെട്ടവളേ.... വേണ്ടാ...
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ






Comments
Post a Comment