ജി കവിതകൾ കാലഘട്ടത്തെ സ്പർശിക്കുന്നതെങ്ങനെ?
ജി കവിതകൾ
കാലഘട്ടത്തെ സ്പർശിക്കുന്നതെങ്ങനെ?
1901 ജൂൺ മൂന്നിനു എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ച് 1978 ഫെബ്രുവരി 2 നു അന്തരിച്ച മഹാകവി ജി ശങ്കരക്കുറുപ്പ്.
പ്രഗത്ഭനായ ഒരു അദ്ധ്യാപകൻ, ആകാശവാണി ഉദ്യോഗസ്ഥൻ, പ്രഭാഷകൻ, ഭാഷാപണ്ഡിതൻ വിവർത്തകൻ, എന്നിങ്ങനെ ബഹുമുഖ പ്രതിഭ
'വിശ്വദർശനം' വും ഓടക്കുഴലും ആണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ജ്ഞാനപീഠവും നേടിയ കൃതികൾ.
ഒരു അദ്ധ്യാപകൻ കൂടിയായ അദ്ദേഹത്തിന്റെ കവിത ഈ കാലഘട്ടത്തെ എങ്ങനെ സ്പർശിക്കുന്നു, അല്ലെങ്കിൽ വിദ്യാർത്ഥി സമൂഹത്തിന് അതു
നൽകുന്ന സന്ദേശം, എന്താണെന്ന് ഈ അവസരത്തിൽ സ്മരിക്കാം.
ഇന്നു നാം നേരിടുന്ന വെല്ലുവിളി പരിസ്ഥിതിചൂഷണം, കാലാവസ്ഥാവ്യതിയാനം, പ്രളയം, തീക്കാറ്റ്, അടുത്ത തലമുറയ്ക്ക് ശുദ്ധജലം കിട്ടുമോ ശ്വസിക്കാൻ ശുദ്ധവായു കിട്ടുമോ, എന്നൊക്കെയുള്ള ആശങ്കകളാണ് നമുക്കുള്ളത്. എന്തിന്!? മണ്ണിനെ പെണ്ണിനെ വരെ ഒളിഞ്ഞാക്രമിക്കുന്നു.
എല്ലാത്തിനും കാരണം മനുഷ്യന്റെ ദുര, അത്യാർത്തി, ഞാൻ ഞാനെന്ന ഭാവം. എല്ലാം എനിക്ക് വേണം വെട്ടിപ്പിടിക്കണം, അടക്കിവാഴണം എന്നുള്ള മനുഷ്യന്റെ സ്വാർത്ഥതയും അഹന്തയുമാണ്. ആഡംബരങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി സർവ്വതും ചൂഷണം ചെയ്യുകയാണ്. കുന്നിടിച്ചും മണ്ണിടിച്ചും കാട് നാടാക്കുന്നു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നു. ഈ ഒരവസ്ഥയിൽ തന്റെ സ്വാർത്ഥതക്കായി ആരെയും ദ്രോഹിച്ചിട്ടാണെങ്കിലും അക്രമിച്ചും മനുഷ്യത്വം നഷ്ടപ്പെടുത്തുകയാണ്.
ഇവിടെയാണ് മഹാകവിയുടെ ഓടക്കുഴൽ വിശ്വദർശനം എന്നീ കൃതികൾ പ്രസക്തമാവുന്നത്. ഈ പ്രപഞ്ചശക്തിക്കു മുന്നിൽ, അതിലെ സർവ്വചരാചരങ്ങൾക്കും, അനന്തവിസ്മയത്തിനും മുന്നിൽ മനുഷ്യൻ ഒന്നുമല്ലാ. വെറും കീടം ആണ് എന്ന് കവി ദർശിക്കുന്നു. 'വിശ്വദർശന'ത്തിൽ കവി പ്രപഞ്ചനാഥന്റെ മുൻപിൽ വിനീതവിധേയനായി നിൽക്കുന്ന കാഴ്ച ആരുടേയും കണ്ണുതുറപ്പിക്കും.
ഓടക്കുഴലിലേക്കു വരുമ്പോൾ ഈ ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയാണ് വെളിപ്പെടുത്തുന്നത്. എപ്പോ വേണമെങ്കിലും നശിച്ചുപോകാവുന്ന മുളന്തണ്ടാണ് ഈ ശരീരം എന്നുപറയുന്നു. ആ മുളന്തണ്ടിലേക്ക് ശ്വാസം കടത്തി വിടുമ്പോൾ മാത്രമാണ് ജഡവസ്തുവായ അത് മനോഹരമായ നാദം പൊഴിക്കുന്ന വേണു ആകുന്നത്. അതായത് നമ്മുടെ ഈ ശരീരത്തിൽ ആ പ്രപഞ്ചശക്തിയുടെ അംശം നിലനിൽക്കുമ്പോഴേ ജീവനുണ്ടാവുകയുള്ളൂ.
ആ വരികളെ ഓടക്കുഴലിൽ കവി ചൊല്ലിയിരിക്കുന്നത് ഇങ്ങനെയാണ്.
"ആരാലുമജ്ഞാതമാമേതോ മണ്ണിൽ വീ -
ണാരാൽ നശിക്കുവാൻ തീർത്തോരെന്നെ
നിൻ ദയാവൈഭവം ജംഗമാജംഗമാ
നന്ദനാമാമൊരു വേണുവാക്കി."
മണ്ണിൽ വീണു നശിച്ചുപോകുമായിരുന്ന എന്നെ നിൻ ദയാവൈഭവം ,അതായത് പ്രപഞ്ച നാഥന്റെ ശക്തിയാണ് ജീവനില്ലാത്തവസ്തുവിനെ വേണുവാക്കിയത്.
"ഭാവൽക്കശ്വാസത്താൽ ചൈതന്യപൂർണ്ണമെൻ
ജീവിതനിസ്സാരശൂന്യതാളം.
അവിടുത്തെ ചൈതന്യമില്ലെങ്കിൽ ഈ ജീവിതമെത്ര ശൂന്യം ആണ്!!?.
"ഓടക്കുഴലിതു നീടുറ്റ കാലത്തിൻ
കൂടയിൽ മൂകമായ് നാളെ വീഴാം .
മൺചിതലായേക്കാമല്ലെങ്കിലിത്തിരി
വെൺചാരം മാത്രമായ് മാറിപ്പോകാം".
വെറും ചാരമായി തീരാവുന്ന അല്ലെങ്കിൽ ചിതൽ പിടിച്ചു മണ്ണിൽചേരുന്ന ഈ ഓടക്കുഴൽ, ശരീരം, അവിടെ നാം ജീവിതത്തിന്റെ നശ്വരമായ ജീവിതത്തെക്കുറിച്ച് ഓർമ്മിക്കാതെ അഹങ്കാരം നിറഞ്ഞവനാകുകയാണ്. ഇവിടെ നമ്മുടെ തലമുറയ്ക്ക് നൽകാവുന്ന സന്ദേശം എന്നുപറയുന്നത് നല്ലൊരു മനുഷ്യനാവുക എന്നാണ്.
വിദ്യാർത്ഥികൾ എന്നുപറയുമ്പോൾ ശാസ്ത്രവും ഗണിതവും ചരിത്രവും പഠിക്കുക മാത്രമല്ലല്ലോ മൂല്യബോധമുള്ളവരും, സംസ്കാരമുള്ളവരായും വളർന്നു വരിക എന്നൊരു ലക്ഷ്യം കൂടിയുണ്ട്.
മായ ബാലകൃഷ്ണൻ
😊😊😊😊😊
Comments
Post a Comment