ആസ്വാദനം:-- ഡോ. പി.ആർ. ജയശീലൻ.
ആസ്വാദനം:-- ഡോ. പി.ആർ. ജയശീലൻ.
നിഷ്കാസിതരുടെ ആരൂഢം / മായ ബാലകൃഷ്ണൻ.
നിഷ്കാസിതരുടെ ആരൂഢം എന്ന തന്റെ കാവ്യപുസ്തകത്തിനു മുൻപ് മായ ബാലകൃഷ്ണൻ ജീവിതം വിതച്ച തന്റെ പരിമിതികളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഉടലിന്റെ അതിജീവനം എന്നത് തന്റെ ജീവിതത്തിൽ നിർണായകമാകുമ്പോഴും സ്വന്തം കവിതയിലെവിടെയും അത്തരം ഒരവസ്ഥയെ കുറിച്ച് വാചാലമാവാത്ത ഒരു മന: സാന്നിദ്ധ്യം മായ ബാലകൃഷ്ണനുണ്ട്. പകരം കവിതയുടെ പരമ്പരാഗതമായ വഴികളിലൂടെ തന്നെ കടന്നുവരാനുള്ള ശ്രദ്ധയും ഭക്തിയും കാണിക്കുന്നുമുണ്ട്.
തന്റെ ജൻമ സ്ഥലമായ നായത്തോടിനെ കുറിച്ച് പറയുമ്പോൾ ജി. ശങ്കരക്കുറുപ്പ് എന്ന കവിയുടെ കാവ്യപഥങ്ങളെ കവിത കൊണ്ടും ജീവിതം കൊണ്ടും ഈ കവി തേടിപ്പോകുന്നു. അഭിമാനിയാകുന്നു.
വള്ളത്തോൾ , ഇടശ്ശേരി, പി. എന്നിവരുടെ സഞ്ചിത കാവ്യ സംസ്കാരത്തെ മണ്ണിൽ നിന്ന് ഗഗന സീമകൾക്കപ്പുറം പടർത്തിയ സഞ്ചാരപഥം ജി.ക്കുണ്ടായിരുന്നു. ജ്ഞാനപീഠത്താൽ അവരോധിക്കപ്പെട്ടിട്ടും പിൽക്കാലത്ത് ഏറ്റവും കുറച്ച് പുനർവായിച്ച കവിയായിരിക്കാം ജി.
ജി.യുടെ ഗദ്യം ഇന്നും മലയാള ഭാഷയ്ക്ക് അത്ഭുതമാണ്.ഗദ്യം കൊണ്ടും പദ്യം കൊണ്ടും മലയാള ഭാഷയിൽ തീരാത്ത വിസ്മയങ്ങൾ തീർത്ത കവി. സൂര്യകാന്തി എന്ന കവിത എക്കാലത്തേയും വിസ്മയം തന്നെ.
മന്ദമന്ദമെന്‍ താഴും മുഗ്ധമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്:
“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?
സൗമ്യമായ് പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ് വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.”
ഇതിനേക്കാൾ സൗമ്യവും കാല്പനികവും ദീപ്തവുമായ വരി മലയാളത്തിൽ മറ്റെവിടെയാണുള്ളത്.
പ്രണയം എന്ന ഇടത്തിൽ അക്രമവും കുറ്റവാസനയും സ്ഥാനം പിടിച്ചിരിക്കുമ്പോൾ ഒരു അതിക്രമത്തിനും കടന്നുകയറ്റത്തിനും മുതിരാതെയുള്ള ഒരു സൂര്യവെളിച്ചത്തിന്റെ ചോദ്യം പിന്നീടെവി ടെയും മലയാള കവിതയിൽ പുരുഷനിൽ നിന്ന് ആവർത്തിക്കുന്നില്ല എന്നു വ്യക്തം.
ഇത്രയെങ്കിലും പറയാതെ മായയുടെ കവിതയിലേയ്ക്ക് കടക്കുന്നത് ഉചിതമായിരിക്കുകയില്ല
ജി.യെ പിൽക്കാലം കൊണ്ടു നടക്കുകയോ പുനർവായിക്കുകയോ ചെയ്യാത്തതിന്റെ ഒരു വലിയ തെളിവാണ് മുഗ്ദ്ധം എന്ന വാക്കിന്റെ പ്രചാരമില്ലായ്മ. ആ വാക്ക് നാം മറന്നിരിക്കുന്നു.
മുഗ്ദ്ധം എന്ന വാക്കിനു താഴെ മായ ബാലകൃഷ്ണന്റെ ഒരു കവിത പിറക്കുന്നുണ്ട്. എല്ലാ വരികളും ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും ജിയുടെ അഭൗമദർശനവും ആത്മീയ ഭാവവും പ്രതിഫലിക്കുന്ന വരികൾ ആ കാവ്യസംസ്കാരത്തെ ഓർമിപ്പിക്കുന്നു.
"പ്രേമനിശീഥിനീ നിൻ ചേണുറ്റ പല്ലവിയിൽ
ഏതോ മുഗ്ദ്ധാനുരാഗമായ് ലയിക്കവേ
അനന്ത വിശ്വപ്രപഞ്ച സീമകൾക്കപ്പുറം
അപാര തേ.....! വിസ്മയ ചിത്തയാമെൻ
വിരൽത്തുമ്പിലൊരു കാവ്യമായണയൂ നീ!
ഗദ്യത്തിലും പദ്യത്തിലും ജിക്ക് അപാരമായ വാഗ്ധോരണി ഉണ്ടായിരുന്നു. സംസ്കൃത പദങ്ങൾ മലയാള പദങ്ങളോടൊപ്പം ഉപയോഗിച്ചു കൊണ്ടുള്ള ഒരു വ്യത്യസ്തമായ ഡിക്ഷൻ ജി.ക്കു മാത്രം സ്വന്തമായിരുന്നു.
ജി.യുടെ കാവ്യ വ്യക്തിത്വം കാലദേശ പരമായി ഉൾക്കൊണ്ടതു കൊണ്ടാകണം മായയുടെ ഭാഷയ്ക്ക് ഇത്രയും വ്യക്തതയും തെളിമയും കൈവന്നിട്ടുള്ളത്.സ്മരണീയം എന്ന പേരിൽ മഹാകവി ജിയ്ക്കു പ്രണാമമായി എഴുതിയ ശ്ലോകനിര തുടങ്ങുന്നതിങ്ങനെയാണ്.
വന്ദനം! മഹാഗുരോ എന്തൊരത്ഭുതം ! നിന്റെ
സഞ്ചിതഭാഷാഭൂഷ നൽകിടും ദൃശ്യം, ശുദ്ധം !
ആത്മാവിൻ കാവ്യധാര പാൽപ്പുഴ ഒഴുക്കുന്നു
രാത്രിതൻ മാറിൽത്തന്നെ സ്പന്ദിപ്പൂ താരാഗണം .
ഇത്തരത്തിൽ നിയതവും അനന്യവുമായ ഒരു ഭാഷാ ക്രമം ജി. കവിതയിൽ സ്വായത്തമാക്കിയിരുന്നെങ്കിലും മഹത്തായ സ്വാതന്ത്ര്യത്തിന്റെ കവി കൂടിയായി ജി. വാഴ്ത്തപ്പെടുന്നു.
നിഷ്കാസിതരുടെ ആരൂഢത്തിന്റെ ആമുഖത്തിൽ മായ ഇങ്ങനെ പറയുന്നു -
" യുദ്ധമൊഴിഞ്ഞ ഭൂമിയാണു ഞാൻ. എന്നിരിക്കിലും ചെറു ചെറു പൊരുതലുകൾ ഇന്നും എന്നിൽ അങ്ങിങ്ങ് തിരി മുറിയാതുണ്ട് !
ഇവിടെ എഴുത്ത് എനിക്ക് സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ്. സോഷ്യൽ മീഡിയായിലെ വിശാലമായ എഴുത്തിടം കണ്ടെത്താനായതും നിറഞ്ഞ സൗഹൃദങ്ങളെയും അക്ഷരക്കൂട്ടുകളെയും എത്തിപ്പിടിക്കാൻ കഴിഞ്ഞതും വൻ വിജയമാണെന്ന് കരുതുകയാണ് "
തന്റെ കവിതകളെ കുറിച്ച് മായ തന്നെ പറയുന്നുണ്ട്, ഓർമയുടെ ഇലച്ചീന്തിൽ, പട്ടു വിരിച്ച് ഊഞ്ഞാലു കെട്ടി, ഒരു പൂമ്പാററ യായി ഞാൻ എന്റെ തൊടിയിലും മുറ്റത്തും ഇറങ്ങിച്ചെന്ന് സ്വയം മറന്ന് ആസ്വദിച്ച് എഴുതിയതാണ് കവിതകൾ. എഴുത്തിലെ ആർദ്രവും സൗമ്യവും ദീപ്തവുമായ ഒരു മുഖത്തെ തന്നെയാണ് മായ ബാലകൃഷ്ണന്റെ കവിതകൾ അനാവരണം ചെയ്യുന്നത്. ചിലപ്പോൾ അത് അസ്വാതന്ത്ര്യത്തിന് മേലുള്ള അടക്കാനാവാത്ത സ്വാതന്ത്ര്യത്തിന്റെ ആശയാവിഷ്കാരത്തിന്റെ നെരിപ്പോടുകളായും പരിവർത്തനപ്പെടാറുണ്ട് '
സാധാരണ പെൺ കവിതകൾ എന്ന രീതിയിലുള്ള പക്ഷം ചേരലൊന്നും മായയുടെ കവിതകൾക്കില്ല ജെൻഡർ എന്നതിനേക്കാൾ അത് പ്രതികരണത്തിന്റെ അവതരണത്തിന്റെ പൊതു ഇടങ്ങളെ തന്നെയാണ് വരിക്കുന്നത്. അതു പോലെ ശാരീരികമായ പരിമിതികളും വലിയ ചിത്രമായോ പ്രതിബന്ധമായോ കവിതയിൽ പ്രത്യക്ഷപ്പെടുത്തില്ല.
എന്നും പൂക്കുന്നവ എന്ന ശീർഷകത്തിൽ എഴുതിയ കവിത നമ്മുടെ സ്ഥിരം കാത്തിരിപ്പുകളുടെ ആശങ്കയല്ല പകരം കരുതലിന്റെ ഉൾപ്രേരണകളിലാണ്.
വിജനമാം തരിശു പാതയോരത്ത്
വഴിയറിയാതെ
അനന്തമാം ജീവന്റെ
ദാഹം ശമിപ്പിക്കാൻ പോന്ന
കരുതലിൽ അന്ത:സത്ത നിറച്ച്
സിരകളിൽ തീ കോരിയ
ആൽമ പ്രവർഷം നിറച്ച്
ഇനിവരും വെയിൽക്കിനാവുകളിൽ
മുറ്റിത്തഴമ്പിച്ച്
വടു വീഴാതെ, ഇമയനക്കാതെ
കാത്തു നിൽക്കണം !
ഭൗതികമായ ചുംബനങ്ങൾക്കപ്പുറം ഉള്ള ഒന്നാണ് ചുംബനമെഴുതും ചിത്രങ്ങൾ. അവിടെയൊക്കെ ജി.യുടെ കാവ്യഭാവനയുടെ ഒരു വെട്ടം മായയിലും പതിഞ്ഞിരിക്കുന്നതു കാണാം.
ചുംബനമെന്ന വൃത്തത്തിൽ
പതിച്ചിടാൻ
ഭാഷയില്ലാത്ത, അക്ഷരങ്ങളില്ലാത്ത
ഹൃദയത്തിൽ കൊരുത്ത
വെളുപ്പും ചുവപ്പും വയലറ്റും
ചിത്രങ്ങളുണ്ട്!
പടം പൊഴിച്ച്
എല്ലാം ഊരിയെറിയുമ്പോൾ
ഓടി വന്ന്
ചുണ്ടുകൾ ബന്ധിച്ച വൃത്തത്തിൽ
അടരുവാൻ വയ്യെന്ന്
മിഴിനീരിനാൽ
വരച്ച ചിത്രങ്ങളുണ്ട്!
സംസ്കൃതവൃത്തത്തിലും മലയാള വൃത്തത്തിലും ഉള്ള കാവ്യരചനയിൽ നിന്ന് തുടങ്ങി ആധുനികമായ ഗദ്യഭാഷ കവിതയിൽ സ്വീകരിക്കാനുള്ള വഴക്കവും എഴുത്തുകാരിയിൽ സ്വായത്തമായുണ്ട്. ഇത് കാവ്യപാരമ്പര്യത്തിന്റെ ഒരു വഴി തന്നെയാണ്.
തീവ്രമായ ഒരു കാവ്യ കാലാവസ്ഥയുടെ പ്രതിഷേധങ്ങൾ അതിന്റെ അഗ്നി നാളങ്ങളും കവിയിൽ കരുതലായുണ്ട് . അത് ആത്മത്തെ വിചാരണ ചെയ്യുന്ന തലത്തിലേയ്ക്കും എത്തുന്നുണ്ട് -
വർഗവീര്യം ഊറ്റി ക്കുടിച്ച്
ചോരതുപ്പിയ നിന്റെ ആകാശത്ത്
കെട്ടഴിച്ച കലിയെ ഞാൻ
ബലിയർപ്പിക്കും!
മഴ സ്വാതന്ത്ര്യത്തിന്റെ ഇടവച്ചാർത്തായ് കവിതയിൽ പെയ്തു തിമർക്കുന്നുണ്ട്.
ഒരു ജൻമത്തിൻ ഉരുൾ പൊട്ടി തുമ്പു കോർ ത്തു പെയ്തു തീർക്കണം
ജൻമ സുകൃതമായ് മണ്ണിന്നന്തരാളങ്ങളിൽ പെയ്തിറങ്ങണം.
തന്നിൽ അറിയാതെ കിളിർത്തു വരുന്ന പെൺമയുടെ തനിമയും മൂല്യവുമാണ് മായാ ബാലകൃഷ്ണന്റെ കവിതകളെ വ്യത്യസ്തമാക്കുന്നത്.
ധിഷണ കൊണ്ടുള്ള രചന സാധ്യമല്ലാത്ത വിധം അതിന്റെ സഞ്ചാരങ്ങൾ ഹൃദയം കൊണ്ടു തന്നെയാണ്.
മനുജന്റെ ചിന്തിയ ചോരയിൽ മുക്കി
ഞാനെഴുതിക്കാണിച്ചിടാം
നിൻ മതവും ഭാഷയും
എന്ന് നിരുപാധിക മർത്ത്യ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന കവിയാകുന്നു മായാ ബാലകൃഷ്ണൻ
ഡോ. പി.ആർ. ജയശീലൻ.
Comments
Post a Comment