വേൾഡ് ഡിസ് എബിലിറ്റി ഡെയ്‌ !"എങ്ങനെയാണോ, അങ്ങനെയിരിക്കുന്ന അവസ്ഥയിൽ

 "എങ്ങനെയാണോ, അങ്ങനെയിരിക്കുന്ന അവസ്ഥയിൽ നിനക്ക് നീ ആവാൻ കഴിയണം! "

==========

കവിയായെന്നോ എഴുത്തുകാരിയായെന്നോ, കുറച്ച് അഹങ്കാരം വച്ചെന്നോ എന്നെക്കുറിച്ച് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതെന്റെ തെറ്റല്ല. ഒരിക്കലും അങ്ങനെയൊരു അവസ്ഥയിലേക്ക് ഞാൻ വീണുപോകില്ല.   

ഞാൻ കവിയുമല്ല എഴുത്തുകാരിയുമല്ല, കഴിഞ്ഞ 32 വർഷങ്ങൾക്കുശേഷം എനിക്കു സാധാരണ മനുഷ്യനെപ്പോലെയാവാൻ, മാനസികമായി വളരാൻ  കഴിഞ്ഞു എന്നുള്ളതാണ് എന്റെ സന്തോഷം! 

പുറംവെളിച്ചം കാണാതെ, മുറിയ്ക്കുള്ളിൽ ഒതുങ്ങി, പുറമെയുള്ള മറ്റു മനുഷ്യമുഖങ്ങൾ ഒന്നുംതന്നെ കാണാനോ, ആരെയും അഭിമുഖീകരിക്കാനോ കഴിയാത്തവിധം ഞാൻ എന്നിലേക്കും എന്റെ പരിമിതികളിലേക്കും മാത്രം ചുരുങ്ങിപ്പോയിരുന്നു. 

  അവിടെ നിന്നും ഇന്നെനിക്ക് ഇതുപോലെ ഒരു തുറന്ന മാധ്യമത്തിൽ വരാനും എന്നെ തുറന്ന് എഴുതാനും  എന്റെ ചിത്രങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനും, തുറന്ന വേദികളിൽ ഒരു സദസ്സിനെ  അഭിമുഖീകരിക്കാനും പാകത്തിൽ ഞാൻ മാനസികമായി വളർന്നു കഴിഞ്ഞു. 

    ആ അവസ്ഥയിലേക്ക് എന്നെയെത്തിച്ചത്  അക്ഷരമെഴുതാനും ആശയങ്ങൾ പങ്കുവയ്ക്കാനും   കഴിഞ്ഞതുകൊണ്ടു മാത്രമാണ്. 

 അവിടെ ഞാൻ എഴുത്തുകാരിയെന്നോ , കവിയെന്നോ മഹാകവിയെന്നോ അവകാശപ്പെടാൻ അല്ലാ എഴുതുന്നത്. എനിക്ക് നിങ്ങളെപ്പോലെ സാധാരണ മനുഷ്യനാവാൻ വേണ്ടിയാണ്. എനിക്കു നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുക്കാനാണ്.

 അപ്രകാരം എന്റെ എഴുത്തുകളെ ഉൾക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനും കൂടെ നിന്ന സുഹൃത്തുക്കൾ, പെയിൻ & പാലിയേറ്റീവ് രംഗത്തെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ഭിന്നശേഷി സംഘടനകളും സുഹൃത്തുക്കളും തുടർന്ന് എന്നെ അംഗീകരിക്കാനും ആദരിക്കാനും മനസ്സുകാണിച്ച എന്റെ നാടും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ കാണിച്ച പ്രബുദ്ധത എല്ലാം , വെറും കിടപ്പുരോഗിയായ എന്നെ സമൂഹത്തിൽ നടുനിവർത്തി നിൽക്കാൻ പ്രാപ്തയാക്കുകയായിരുന്നു. 

  എന്റെ നാട്ടിലെ യുവജനങ്ങൾ പറയും ചേച്ചീ.... ചേച്ചി ഞങ്ങൾക്കും നാടിനും അഭിമാനമാണ് എന്ന്!! അവരോട് ഞാനും പറയും നിങ്ങൾ, ഈ തലമുറ എന്നെ അറിയുന്നു എന്നുള്ളത് തന്നെ എനിക്കേറെ സന്തോഷവും അഭിമാനകാരവുമാണ്!


അത്രയേറെ ഞാൻ ഈ സമൂഹത്തിന്റെ അടിത്തട്ടിൽ 

പുതഞ്ഞു പോയിരുന്നു! അങ്ങനെയുള്ള എനിക്ക് 

എഴുത്തുകാരി എന്ന ലേബലിൽ അഹങ്കരിക്കാൻ  സാധ്യമാവില്ല തന്നെ! ഞാനിന്ന് തൃപ്തയാണ്!

കാരണം ഇക്കഴിഞ്ഞ  ദീർഘ വർഷങ്ങളോളം ഞാൻ എന്നോട് തന്നെ മന്ത്രിച്ചിരുന്ന ഒരു കാര്യമുണ്ട്! 

"എങ്ങനെയാണോ, അങ്ങനെയായിരിക്കുന്ന അവസ്ഥയിൽ നിനക്ക് നീ ആവാൻ കഴിയണം! "

അതിനെനിക്ക് സാധിച്ചിട്ടുണ്ട്. 

നിങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ ഈ പ്രപഞ്ചം നിങ്ങൾക്കൊപ്പം വരും എന്നാണ്!

ഇന്ന് വേൾഡ് ഡിസെബിലിറ്റി ഡേ...


സ്നേഹപൂർവ്വം സ്നേഹിത 

മായ ബാലകൃഷ്ണൻ 


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി