മായ മഹാമായ! പേരിനു പിന്നിലെ മായ

 മലയാള സിനിമയിൽ നിരവധി നടീനടന്മാർ പ്രേംനസീർ, രാഗിണി പത്മിനിമാർ തുടങ്ങി മോഹൻലാലിന്റെ മകൻ പ്രണവിനും വിസ്മയക്കും വരെ പേരിട്ടുള്ള ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ ആണ് എന്റെ പേരിനു പിന്നിലും ഉള്ളത്.

  അതു അവസാനം പറയാം.

ആദ്യ കുട്ടി പിറക്കുമ്പോൾ, പെൺകുട്ടിയെങ്കിൽ പേരിടാൻ കാത്തുകാത്തുവച്ചൊരു പേരുണ്ടായിരുന്നു അച്ഛന്. 'മായ' 

പക്ഷേ പേരിടാൻ കുട്ടിയെ അമ്മാവന്റെ മടിയിൽ  വച്ചുകൊടുത്ത് അമ്മയും വീട്ടുകാരും അച്ഛനെ നോക്കിയപ്പോൾ കരുതിവെച്ച അസ്ത്രംപോലെ അച്ഛൻ ആ പേരെടുത്തു. "മായ".

കേട്ടവർ കേട്ടവർ ഞെട്ടി. 

'മായ'യോ!!? ഹോ അതെന്തൊരു പേര്?

 മൂക്കത്തും തലയിലും കൈവച്ചു കേട്ടവർ.

 ലളിത, വത്സല, ശ്രീദേവി,അമ്മിണി, സരോജിനി എന്നൊക്കെ പേരുള്ള കാലത്ത് "മായ!" ഹേയ്. ഇതെന്തൊരു മായ! 

അത്ഭുതം വിസ്മയം ഹാസ്യം .... കൂടിനിന്ന ഭാര്യവീട്ടുകാരുടെ മുന്നിൽ ഇളിഭ്യനായ അച്ഛൻ പതിയെ  പിൻവാങ്ങി. വേണ്ട, അമ്മയും പറഞ്ഞു.  തന്റെ കുഞ്ഞിന് ആർക്കും കേൾക്കാത്ത പേരൊന്നും വേണ്ട. ആൾക്കാരു കളിയാക്കും, അങ്ങനെ ആ കുഞ്ഞ് രമ എന്ന് നാമധാരിയായി.

പിന്നെയും ആ ബാലകൃഷ്ണൻ, വിജയമ്മ അദ്ധ്യാപക ദമ്പതികൾക്ക് രണ്ടാമതും മൂന്നാമതും മക്കളുണ്ടായി.

കഷ്ടകാലത്തിന് അടുത്തൊന്നും ആ പേര് പുറത്തെടുക്കാനായില്ല അച്ഛന് .  ഉണ്ടായത് രണ്ടും ആൺകുട്ടികൾ. ബഹുവിശേഷമായ പേരുകളാണ് അച്ഛൻ അവർക്കും നൽകിയത്.  പ്രശസ്ത ബംഗാളി നോവൽ 

(താരാശങ്കർ  ബന്ദോപാധ്യായയുടെ) ആരോഗ്യനികേതനിലെ ജീവൻ മശായി യെ എടുത്ത് 'ജീവൻ' എന്നും, ആദ്യകാല കമ്മ്യൂണിസ്റ്റ് അനുഭാവംമൂലം അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് നേതാവായ എസ് എൻ ജോശി എന്നതിലെ സെർ നെയിം മുറിച്ചെടുത്ത് ജോഷി എന്നും അവർക്ക് പേരിട്ടു. വിചിത്രമായ പേരുകൾ. ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ലെന്ന് അമ്മയ്ക്കും വീട്ടുകാർക്കും അതോടെ മനസ്സിലായി. 

അങ്ങനെ നാലാമത് ഒരു പെൺസന്താനം ഉണ്ടായപ്പോൾ അച്ഛൻ നിധിപോലെ കാത്തുസൂക്ഷിച്ച ആ പേര് വീണ്ടും പുറത്തെടുത്തു. 'മായ'.

ദേ... "മായ" വീണ്ടും...ഇനി രക്ഷയില്ല.

നിവൃത്തിയില്ലാതെ വീട്ടുകാർ ആ മായക്കു മുന്നിൽ വഴങ്ങിക്കൊടുത്തു.   

 ആ മായയാണ് ഈ പറയുന്ന മഹാമായാ!

 മായാ ബാലകൃഷ്ണൻ എന്ന ഞ്യാൻ!!

 എന്ത് ചെയ്യാം! വീട്ടുകാർ സമ്മതിക്കാതിരുന്നതിന്റെ എല്ലാ രുചിയും മനസ്സിലാക്കിയത് ഈ കൊച്ചാണ്.  

മുറ്റത്ത് മണ്ണ് കുത്തി കളിച്ചുകൊണ്ടിരിക്കുമ്പോഴാ യിരിക്കും പൂ പറിക്കാൻ വരുന്ന വാരസ്യാർ മൂക്കിപ്പൊടി വലിച്ചുകേറ്റിക്കൊണ്ട് ഒരു ലോഹ്യം ചോദിക്കൽ 

ഹെന്താ മോളുടെ പേര് ?

  'മായ' എന്നു പറയുമ്പോഴേക്കും  ഞെട്ടിത്തിരിഞ്ഞ് , ങേ ഹെന്ത് !! മായയോ? ആഹ്‌ഹാ...മായാ..മഹാ...മായ! വാരസ്യാർ പൊട്ടിച്ചിരിച്ചുകൊണ്ട് തലയിൽ കൈവച്ചിട്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും, കൊച്ചു എന്തോ വൈക്ലബ്യം സഹിക്കാനാവാതെ വേഗം സ്ഥലം കാലിയാക്കിയിട്ടുണ്ടാവും. കഴിഞ്ഞദിവസം അമ്മയുടെ കൂടെ അമ്പലത്തിൽ ചെന്നപ്പോഴും, ഒരു മുത്തശ്ശി പേരു ചോദിച്ചു , മായ യോ ..?! അതെന്തു മായ! ഹോ...! കഷ്ടം. മൂക്കത്ത് വിരൽവച്ചുകൊണ്ട് പറഞ്ഞതും മറന്നിട്ടില്ല. 

 മുടി വെട്ടിക്കാനോ, പലചരക്കു കടയിലോ അച്ഛനൊപ്പം പോവുമ്പോൾ അവിടേം കേക്കും. പേരെന്താ?

 പറഞ്ഞാൽ ഉണ്ടാകാൻ പോകുന്നതെന്തെന്ന് സംശയിച്ച് മായ എന്നുപറയുമ്പോഴേക്കും 

 മായയോ....?!! ഹഹ..

 അതിശയം,  വിസ്മയം, ഭയങ്കരം, ഹാസ്യം, ഭയാനകം ഈ വക നവരസങ്ങളൊക്കെ ഒറ്റ ഫ്രയിമിൽ കൊച്ച് ആ ചെറുപ്രായത്തിൽത്തന്നെ പേരു ചോദിക്കുന്നവരുടെ മുഖത്ത് നിന്നു കണ്ടറിഞ്ഞതാണ്.

 ഒരുദിവസം വൈകീട്ട് ക്ഷേത്രക്കുളത്തിൽ പോയി കുളികഴിഞ്ഞ് അച്ഛനൊപ്പം തിരിച്ചുവരുമ്പോൾ എതിരെ വന്ന നാരായണ പണിക്കനും ചോദിച്ചു.

 പാവം! ഓരോതവണയും പേര് ചോദിക്കുന്നവരുടെ യൊക്കെ മുൻപിൽ ആ കുഞ്ഞുമനസ്സ്‌ 

 തല കുമ്പിട്ട് വിരൽ കടിച്ചു മൗനം കുടിച്ച് മടുത്തു. എല്ലാ പരിധിയും വിട്ട അന്ന് ക്ഷേത്രത്തിന്റെ തെക്കേ വാതിക്കൽ ആൽത്തറ എത്തിയപ്പോൾ കൊച്ചു വാശിപിടിച്ച് ആ മണ്ണിൽ ഇരുന്നു. അച്ഛാ എനിക്ക് ഈ പേര് വേണ്ടാ. കൊച്ചു കാറിത്തുടങ്ങി. എന്റെ പേര് മാറ്റണം. അല്ലാതെ ഞാൻ എണീക്കില്ല. ഒരുവിധത്തിൽ വലിച്ച് എഴുന്നേൽപ്പിച്ചു കൊണ്ടുപോവാൻ നോക്കിയിട്ടും ഒരു രക്ഷയില്ല. മിട്ടായി വാങ്ങിത്തരാം, ബലൂണ് വാങ്ങിത്തരാം, എവിടുന്ന് വേണ്ട എനിക്കിപ്പോ പേര് മാറ്റണം. ഒന്നും ഏശുന്നില്ല. 

 കൊച്ച്, മണ്ണിൽക്കിടന്ന് ഉരുണ്ട് പിരളാൻ തുടങ്ങി. പേര് ചൊല്ലിപ്പറയാൻ തുടങ്ങിയപ്പോൾ തുടങ്ങിയ പീഡനമല്ലേ അത്.  അച്ഛൻ അടവ് മാറ്റിപ്പിടിച്ചു . മോള് അത് നോക്കിയേ. ക്ഷേത്രത്തിലെക്ക് കൈചൂണ്ടിയിട്ട് അച്ഛൻ പറഞ്ഞു. അവിടെയിരിക്കുന്ന നമ്മുടെ ദേവിയുടെ പേരാണ് അത്. ഏത്?! ഉരുളൽ തൽക്കാലം നിറുത്തി ചാടിയെഴുന്നേറ്റു. അവിടെ ക്ഷേത്രത്തിലിരിക്കുന്ന അമ്മദേവിയുടെ പേരും മായ എന്നാണ്. അതെയോ?

 ' അതേ.' അച്ഛൻ ഉറപ്പിച്ചുപറഞ്ഞു.

അതുകേട്ടതോടെ കൊച്ച്‌ ഒന്നൊതുങ്ങി. "ദേവിക്കുണ്ടോ അങ്ങനെ പേര്.? എങ്കിൽ കൊള്ളാമല്ലോ. കുഴപ്പമില്ല" തെല്ല് അഭിമാനം കൂടിയപോലെ. 

എന്നിട്ടും പിന്നൊരു കാലംവരെ ആ പേരിനോട് വലിയ മതിപ്പ് ഉണ്ടായില്ല. എവിടെ ചെന്നാലും എന്റെ പ്രായത്തിൽ, എന്റെ സ്‌കൂളിൽ, എന്റെ ക്ലാസ്സിൽ അങ്ങനെ പേരുള്ള ഒരു കുട്ടിയെ കണ്ടുകിട്ടുക പ്രയാസമാണ്. ഞാൻ പഠിച്ച കാലത്തോളം മായാ എന്നപേരിൽ വേറൊരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ടായിട്ടില്ല. വലിയ സങ്കടമായിരുന്നു.ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിപ്പോയി.

മുതിർന്ന ക്ലാസ്സിൽ എത്തിയപ്പോഴേക്കും സിസ്റ്റേഴ്‌സും കുട്ടികളും വെറും മായ എന്നല്ല  "മായ ബാലകൃഷ്ണൻ " എന്ന് നീട്ടി വിളിക്കാൻ തുടങ്ങിയപ്പോൾ അതിന് എന്തോ ഒരു പ്രത്യേക ഭംഗി തോന്നിത്തുടങ്ങി.അതോടെ ഞാൻ എന്റെ പേരിനെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. 

 എന്റെ ജൂനിയേഴ്‌സ് നൊക്കെ മായ എന്നു കേട്ടിട്ടുണ്ട്. എന്നാൽ എന്റേക്കാളും പ്രായമുള്ളവർക്ക് മായാ എന്നുകേൾക്കുമ്പോൾ അസൂയ ആണ്. ടി വി യിൽ ആദ്യകാലത്ത് ദൂരദർശൻ മലയാളം വാർത്താ വായനക്കാരിയായ മായ ഉണ്ട്. അതുപോലെ ഒ എൻ വി കുറുപ്പ് മാഷിന്റെ മകൾ മായ ആണ്. എന്തായാലും എന്റെ ഉള്ളിലെ മായ പതുക്കെ പതുക്കെ തലപൊക്കി നിവർന്നുനിന്നു. പിന്നെ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഏറ്റവുംകൂടുതൽ നേരിട്ട ചോദ്യം ഫേക് ആണോ എന്നാണ്. എന്റെ പേരിന്റെ ഭംഗിക്കൂടുതൽ കൊണ്ടാണോയെന്നേ ഞാൻ സംശയിച്ചുള്ളൂ. 

  കവി, സംസ്‌കൃതപണ്ഡിതൻ, നാടകരചയിതാവ്, നടൻ, സിനിമാ ഗാനരചയിതാവ് തിരക്കഥാകൃത്ത്, സംവിധായകൻ, എന്നിങ്ങനെ ബഹുമുഖപ്രതിഭയായ തിക്കുറിശ്ശി സുകുമാരൻ നായരോടുള്ള അച്ഛന്റെ കടുത്ത ആരാധന ആയിരുന്നു എനിക്ക് അങ്ങനെയൊരു പേര് ലഭിക്കുന്നതിന് പിന്നിൽ. തിക്കുറിശ്ശിയുടെ ആദ്യ നാടകത്തിന് ' സ്ത്രീ ' ഒരക്ഷരവും രണ്ടാം നാടകം ' മായ' രണ്ടക്ഷരവും ക്രമത്തിൽ ആയിരുന്നെന്ന് അച്ഛൻ പറയുമായിരുന്നു.

നാടകം പുറത്തിറങ്ങിയപ്പോളാണ് അച്ഛൻ മൂത്തകുട്ടിക്ക് ആ പേരിടാൻ നോക്കിയത്.  പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷം ആ പേരിൽ സിനിമയും ഇറങ്ങി. അപ്പോഴേക്കു ഞാനും ഭൂജാതയായി. അങ്ങനെ വർഷങ്ങളോളം ഈ പേര് മനസ്സിൽ കൊണ്ടുനടന്നിട്ടാണ് അച്ഛൻ എനിക്കു മായാ എന്നു പേരിട്ടത്. ❤️

സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ.


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി