സാന്ത്വനം
സാന്ത്വനചികിൽസ
===================
" ജീവിച്ചു തീർക്കാനുള്ള സമയത്തെ അറിയുമ്പോളേ നമ്മൾ ജീവിതത്തെ അറിയൂ!, ജീവിതത്തിന്റെ വിലയെന്തെന്ന് അറിയൂ! "
റാന്റി പോഷ് എന്നൊരു വിഖ്യാതനായ അമേരിക്കൻ ശാസ്ത്രജ്ഞൻ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ മുന്നിൽക്കണ്ടു എഴുതിയ പുസ്തക്കുറിപ്പിലെ വരികളാണിത്. ജീവിതം ഒരു സമസ്യയാണു. നല്ല ഒഴുക്കുള്ള ജീവിതത്തെ പെട്ടെന്നു തടഞ്ഞുനിറുത്തിക്കൊണ്ടായിരിക്കും ചിലപ്പോൾ വളരെ നിർണ്ണായകമായ പ്രതിസന്ധി ജീവിതത്തിൽ നേരിടേണ്ടിവരുന്നത്.
ഒരു രോഗി, തന്റെ ദൈവമായി കാണുന്ന ഡോക്ടർ ആയിരിക്കും ചിലപ്പോൾ സ്വല്പം വിഷമത്തോടെയെങ്കിലും പറയുന്നത് 'ശരീരത്തെ കാർന്നുതിന്നുന്ന ഒരു മഹാരോഗം നിങ്ങളെ പിടിപെട്ടിട്ടുണ്ട്. നമുക്ക് ശ്രമിക്കാം, ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ എന്നൊക്കെ '
സ്വാഭാവികമായും ആരും തളർന്നുപോകുന്ന നിമിഷങ്ങളാണു. നഷ്ടപ്പെടലുകളുടെ കൂമ്പാരം, മനസ്സിലെ ആശകളും പ്രതീക്ഷകളും, നമ്മളില്ലെങ്കിൽ..... !!'' ഒരു നിമിഷം കടന്നുവരുന്ന ആധികൾ തീക്കാറ്റുപോലെ നമ്മെ /മനസ്സിനെ കാർന്നുതിന്നും! തുടർന്നുള്ള അനക്കമറ്റ ജീവിതം!
അല്ലെങ്കിൽ ആ ഒരു നിമിഷത്തെ എങ്ങനെ കൈപ്പിടിയിൽ ഒതുക്കും. കരയാൻ കണ്ണുനീരില്ലാത്ത അവസ്ഥ. ഉറക്കം പോലും നഷ്ടപ്പെട്ട ദിനങ്ങൾ,
കനപ്പിച്ച കൺപോളകൾ. ഒന്നിരുട്ടായാൽ ആരുടെയും മുഖം കാണേണ്ടല്ലോ.... ഒതുക്കിപ്പിടിച്ച തേങ്ങൽ ഒന്നുതുറന്നുവിടാൻ :- എന്തെല്ലാം വികാരവിചാരങ്ങളിൽ തളയ്ക്കുന്നു ജീവിതം.
ഡോക്ടർ ശ്രമിക്കാം, യഥാതഥം ചികിത്സിക്കാം അങ്ങനെ എന്തൊക്കെ പറഞ്ഞാലും അതൊന്നും പൂർണ്ണമായും ഉൾക്കൊള്ളാതെ, തന്നെ ബാധിച്ചിച്ചിരിക്കുന്നത് മഹാരോഗം തന്നെ! ആ ' മഹാ' തന്നെയും കൊണ്ടേ പോകൂ... എന്നൊക്കെ ഒറ്റയടിക്ക് സ്വയം വിധിക്കുകയാണ് /അല്ലെങ്കിൽ ചോദിക്കാതെ അത് പിടിച്ചുവാങ്ങുന്നതാണ്.അതിന്റെ ആവശ്യമില്ല!
അനാവശ്യമായ ഭാരം ഏറ്റുവാങ്ങുമ്പോൾ മനസ്സിനു താങ്ങാനാവാത്ത ഭാരമായി മാറും അത് .ചികിത്സിച്ചാൽ മാറും എന്ന് ശാസ്ത്രം പറയുമ്പോളും, അത് കേൾക്കാൻ തയ്യാറാവാതെ എന്ന് പറയുന്നതിൽ തെറ്റുണ്ടോ? പ്രതീക്ഷയിൽ അല്ലേ ജീവിതം മുന്നോട്ട് കൊണ്ടുപോവേണ്ടത്. അല്ലെങ്കിൽ വരും എന്നുറപ്പില്ലാത്ത ആ ' അതിഥിയെ' വീണ്ടും വീണ്ടും തന്നെ തേടിവരുന്നതും കാത്തിരിക്കണോ.....?
എന്നാൽ തിരിഞ്ഞു നിന്ന് കാത്തിരിക്കാൻ എനിക്കു മനസ്സില്ലാ.... എന്നെങ്കിലും വന്നു കണ്ണ് പൊത്തി കൊണ്ടുപോകട്ടെ . അതുവരേയ്ക്കും ഈ ലോകം നിഷ്കർഷിക്കുന്ന പോലെ നമ്മൾ സന്നദ്ധനാവുക ....
നമുക്കു മുന്നിൽ ഒത്തിരി സമയമില്ലാ... നമ്മൾ ബന്ധിതനാണ്. നമുക്കു മുന്നിൽ രണ്ടു വഴിയുണ്ടാവും!ഒന്ന് അകത്തേക്ക്, മറ്റൊന്ന് പുറത്തേക്ക്, ഏതിലേക്കാണെങ്കിലും ഇനി അലസതയില്ലാ. ഏവർക്കും പ്രിയപ്പെട്ടവരാവാം. ചുമതലകൾ, കർത്തവ്യങ്ങൾ! ഏറ്റവും ധീരതയോടെ, പാലിച്ചേ പറ്റൂ ....! നിസംഗരായിരിക്കണം! അതിനു ഉൾക്കരുത്ത് സംഭരിക്കണം.
ഈയൊരവസ്ഥയിൽ ഒരു രോഗി കൃത്യമായും ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിക്കണം! ശരീരത്തിനും വേണമെങ്കിൽ മനസ്സിനും പിൻ ബലം കിട്ടാൻ പാലിയേറ്റീവ് രംഗത്തെ പരിചയസമ്പന്നനായ കൗൺസിലറുടെ ഉപദേശങ്ങൾ, നല്ല വാക്കുകൾ വഴികാട്ടിയായുണ്ടാവുന്നതും നല്ലതാണു...
പകുതി അനുഭവത്തിലൂടെയും, ഞാൻ കണ്ടുപരിചയിച്ച സുഹൃത്തുക്കൾ വഴിയോ, അനിശ്ചിതത്വം നിറഞ്ഞ ജീവിതങ്ങൾ കണ്ടറിഞ്ഞുമാണ് ഇത്രയും എഴുതിയത്.
പാലിയേറ്റീവ് മെഡിസിനിൽ ഡിഗ്രിയുള്ള ഒരു ഡോക്ടറും സുഹൃത്തായിട്ടുള്ളപ്പോൾ സാന്ത്വന ചികിത്സയെ കുറിച്ച് അടുത്തറിയാനുമായി.
"മനസ്സിന്റെ ഭാരം ഇറക്കാൻ ഒരത്താണിയാവാൻ ഓരോരുത്തർക്കും കഴിയണം! ഡോക്ട്ർ ജെറി പറയും പോലെ ആവശ്യക്കാരനു വേണ്ട സമയത്തു നമ്മളെക്കൊണ്ടു ഉപകാരപ്പെടണം!"
സാധാരണ രീതിയിൽ നമ്മെ ചികിത്സിക്കുന്ന ഡോക്ടർ ദൈവമൊന്നുമല്ല! അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ , നിഗമനങ്ങൾ മറികടന്നേക്കാം . എങ്കിലും ചില നിമിഷാർധങ്ങൾ മതി. മിറക്കിൾ എന്നുപറയുന്നത് വെറുതെയല്ലാലോ...
എവിടെയോ, അസ്തമയത്തിനായ് കാത്തിരിക്കാതെ, മനസ്സിന് ശക്തിയും ധൈര്യവും തരുന്ന ആ ആത്മീയശക്തി ഹൃദയത്തിൽ ഉണ്ടാവണം. മതഗ്രന്ഥങ്ങൾ തുറന്നുനോക്കിയാൽ നമ്മൾ ഇതിനുമുൻപൊന്നും കാണാത്ത വരികൾ കാണും! ഏതു ലഹരിക്കും നൽകാനാവാത്ത ഹൃദയത്തിന്റെ ദിവ്യ അറ തുറന്നു കിട്ടുന്നതാണു ആ ആത്മീയ ലഹരി! ഏറ്റവും വലിയ ദിവ്യൗഷധമാണത്.
ഇത്തിരിപ്പോന്ന ജീവിതത്തിന്റെ നിസ്സാരത വെളിപ്പെടും. നമ്മളില്ലെങ്കിൽ എന്നൊരു ചോദ്യം പോലും അസ്ഥാനത്താവും!
വിശ്വാസം എന്നത് മനസ്സിനെ പിന്തുണയ്ക്കുന്ന ശക്തിയാണ്. അവിശ്വാസിയിൽ അവനു ആരും കൂട്ടുവേണ്ട. അവന്റെ മനസ്സ് എന്ന ആർക്കുമുന്നിലും വഴങ്ങാത്ത ആ ശക്തിയിൽ തന്നെയാണു ബലം എന്നുകരുതുന്നു. എങ്കിലും ഇതുപോലൊരു ബലാബല പരീക്ഷണത്തിൽ ഏതുമനുഷ്യനും/അവിശ്വാസിയും ഒരുചെറുതിരി വെട്ടത്തിനെങ്കിലും ആശ്വാസത്തിനായ് കൈനീട്ടും എന്നാണു ഞാനും കരുതുന്നത്.
അപകടങ്ങളും രോഗങ്ങളും വന്ന് ജീവിതത്തിന്റെ നടുക്കടലിൽ ഒറ്റപ്പെട്ടുപോകുന്നവരും ഉണ്ട്. ചലനമറ്റു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വരുമ്പോൾ വിറങ്ങലിച്ചുപോകുന്നവർ. അവിടെയൊക്കെ ആ ജീവിതത്തെ മനസ്സിന്റെ കരുത്തുകൊണ്ട് ചലിപ്പിച്ചു കൊണ്ടുപേകേണ്ടതായി വരും. അപ്പോഴൊക്കെ സമൂഹവും ചുറ്റുപാടും ഒപ്പമുണ്ടെന്ന് , അറിയിച്ചു കൊടുക്കാൻ ആർക്കും മുന്നോട്ടു വരാം. അവരുടെ ജീവിതത്തെ പ്രകാശിപ്പിക്കാൻ സമൂഹത്തിനും മനുഷ്യരായ നമുക്കൊക്കെ ഹൃദയത്തിൽ കരുണയുണ്ടാവണം.
എന്തുവന്നാലും ഈയൊരു ദിനം ആരോരുമറിയാതെ, വേദനകൾക്ക് കൂട്ടായിക്കഴിയുന്നവർക്ക് അവരുടെ ആശങ്കകൾ, ആകുലതകൾ എല്ലാത്തിനും നിങ്ങൾക്കൊപ്പം പ്രാർത്ഥനാനിർഭരരായി, നിസ്സംഗരായി ജീവിതത്തെ നേരിടാൻ ഞങ്ങളും ഒപ്പം ! എന്നു മാത്രം പറയുന്നു!
സ്നേഹത്തോടെ
മായ ബാലകൃഷ്ണൻ &
#Home of Hope palliative clinic
Pudukkadu Thrissur .
Comments
Post a Comment