വേൾഡ് പാലിയേറ്റീവ് ഡേ! സാന്ത്വനം, സ്‌നേഹം

 വേൾഡ് പാലിയേറ്റീവ് ഡേ 

***********************

എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാം ശനിയാഴ്ച്ചയാണു വേൾഡ് പാലിയേറ്റീവ് ദിനം  ആചരിക്കുന്നത്. ഹൃദയ ദിനം, കരൾ ദിനം , വൃക്ക ദിനം, കാൻസർ ദിനം, പുകയില വിരുദ്ധദിനം, ഇങ്ങനെ എന്തിനാണീ ഓരോ ദിനാചരണങ്ങൾ എന്ന് നമുക്ക് തോന്നാവുന്നതാണു .

ബോധവൽക്കരണമാണു ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശ്യം. അസുഖം വന്നു ചികിൽസിക്കു ന്നതിനേക്കാളും,  രോഗം വരുന്നത് എങ്ങനെ തടയാം, വന്നാൽത്തന്നെ എങ്ങിനെയൊക്കെ നിയന്ത്രിക്കാം ഇതെല്ലാം ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയും, ഇതു വഴി ആരോഗ്യമുള്ള സമൂഹത്തെ പടുത്തെടുക്കുക എന്നതും സാമൂഹത്തോടുള്ള പ്രതിബദ്ധതയാണ്.

എന്നാൽ സാന്ത്വനചികിൽസാ രംഗത്ത്, കേരളത്തിൽ പെയ്ൻ & പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും ദിനാചരണവും തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ജനുവരി 15 ആണ് കേരളം ഈ ദിനമായി ആചരിക്കുന്നത്. 10 വർഷം മുൻപും പിമ്പും താരതമ്യം ചെയ്യുമ്പോൾ ഈ രംഗത്ത്‌  വൻ വിപ്ലവം തന്നെയാണൂ നടന്നിരിക്കുന്നത്.മുൻ കാലങ്ങളിൽ, രോഗം വരുന്നതും ജീവന്മരണ പോരാട്ടം നടത്തുന്നതുമൊക്കെ വ്യക്തികളിലും കുടുംബങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്നു. 

അസുഖത്തിന്റെ പാരമ്യാവസ്ഥയിൽ ,അല്ലെങ്കിൽ ഇനി ബാക്കി ഒന്നും ചെയ്യാനില്ല എന്നു പറയുന്ന സന്ദർഭങ്ങളിൽ , രോഗിക്കു  ആശ്വാസം നൽകാനോ ,  ഒരു വിധത്തിലും സഹായിക്കാനോ കഴിയാതെ, ഇനി  എന്തു ചെയ്യും ?! എന്ന് വിഷമിച്ചു , നിസ്സഹായരായി   പോകുന്ന കുടുംബാംഗങ്ങൾ! സാമ്പത്തികമായും    തകർന്ന അവസ്ഥയിൽ ആണെങ്കിൽ ചിന്തിക്കുക കൂടി വയ്യ !

   ഈ സന്ദർഭങ്ങളിൽ,  പുണ്യ പാപങ്ങളുടെ  കണക്കുകൾ നിരത്തി സംശയ ദൃഷ്ടിയോടെ, അവജ്ഞയോടെ, വീക്ഷിക്കുന്ന ഒരു സമൂഹമാണു ചുറ്റിനും എങ്കിലോ ?  ഒറ്റപ്പെടലും അവഗണനയും  നിറഞ്ഞ സ്ഥിതി വിശേഷമായിരുന്നുഇക്കാലമത്രയും.

ഇന്ന് ഇതിനെല്ലാം മാറ്റം വന്നിരിക്കുന്നു . ഏതാനും   വ്യക്തികളും, സന്നദ്ധ സംഘടനകളും നേതൃത്വംനൽകി തുടങ്ങിയ സാന്ത്വനചികിൽസാ പദ്ധതിയെ സർക്കാറും ഏറ്റെടുത്തിട്ടുണ്ട്. ഉന്നത സംസ്ക്കാര മൂല്യബോധമുള്ള സമൂഹമായി നമ്മളും മാറിയിരിക്കുകയാണു . ഇതിൽ പത്ര മാധ്യമങ്ങൾക്കുള്ള പങ്കും പ്രശംസനീയമാണു.


ഏതൊരു സ്പെഷലിസ്റ്റ്  ഡോക്ടറേയും പോലെ പാലിയേറ്റീവ് മെഡിസിൻ എന്നൊരു വിഭാഗവും ഉണ്ട്. കഴിഞ്ഞ 10 വർഷത്തിലധികമായ് ഇതിന്റെ മുഴുവൻ സമയ പ്രവർത്തകനായി, ബോധവൽക്കരണ ക്ലാസുകളും സേവനവും ചെയ്യുന്ന ഡോക്ടർ ജെറി ജോസഫ്,  നമുക്ക് സുപരിചിതനാണല്ലോ. ഒറ്റപ്പെടലും അവഗണനയും ശാരീരികവേദനയേക്കാളും വലിയ മുറിവായിരിക്കും നൽകുന്നത് . ഇവിടെയാണു ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞുകൊണ്ട് പുഞ്ചിരിക്കുന്ന മുഖവുമായ് സാന്ത്വന ചികിൽസാ പ്രവർത്തകർ എത്തുന്നത് .

സ്നേഹം കൊണ്ട് കൂടാത്ത മുറിവ് ഉണ്ടാകില്ല. നിറഞ്ഞ വേദനകളിൽ അവർക്കിവിടെ തന്നെ സ്വർഗ്ഗം പകുത്ത് കൊടുക്കാം. കണ്ണുനീരോടെ വിട പറയേണ്ടി വരുമ്പോഴും സംതൃപ്തിയോടെ ഒരു പുഞ്ചിരി ഉള്ളിൽ നിറച്ചു കൊണ്ട് അവർക്ക് മടങ്ങാനാകും.


സേവന സന്നദ്ധരായ എത്രയോ സന്മനസ്സുകൾ പകർന്നു നൽകുന്ന വെളിച്ചമാണു.ഈ സമൂഹത്തിലെ ഇരുട്ട് തുടച്ചു മാറ്റുന്നത്. ഇവരുടെ പ്രവർത്തനങ്ങൾക്ക്  കരുത്തും പ്രോൽസാഹനവുമേകാൻ കൂടി ഈ ദിനം ഉപകരിക്കട്ടെ ! 

ഒപ്പം ,  ആശയകന്ന മനസ്സുകളിൽ സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ പ്രത്യാശയുടെ ദീപം തെളിക്കാൻ നമുക്കേവർക്കും കഴിയട്ടെ ! 


എല്ലാവർക്കും സ്നേഹാശംസകൾ 

സ്നേഹപൂർവ്വം 

മായ ബാലകൃഷ്ണൻ .

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി