തിരുനായത്തോട് ക്ഷേത്രം മാളിക
തിരുനായത്തോട് ക്ഷേത്രം മാളിക
****************
ഓർമ്മയിൽ കൗതുകം വിട്ടുമാറാതെ ഈ കെട്ടിടം ഇന്നും! മാളികക്കെട്ടിടം എന്നറിയപ്പെടുന്ന തിരുനായത്തോട് ക്ഷേത്രത്തിന്റെ ഓഫീസും അനുബന്ധ മുറികളും ഊട്ടുപുരയും, ഏകദേശം നൂറു വർഷത്തിൽ കുറയില്ല ഇതിന്റെ പഴക്കം. കാരണം മഹാകവിയുടെ ( ജി ശങ്കരക്കുറുപ്പ്) ആത്മകഥയിൽ, പരാമർശിക്കുന്നുണ്ട് ഈ മാളിക. കൃത്യമായി ഏതു കാലത്ത് പണികഴിപ്പിച്ചെന്ന് ക്ഷേത്ര രേഖകളിൽ കാണുമായിരിക്കും.
ബാല്യത്തിൽ ആദ്യാക്ഷരങ്ങൾ തേടിയുള്ള എന്റെ യാത്രയിൽ ഇടയ്ക്ക് ഈ വഴിയിലൂടെയും ചാടിയോടിയെത്തും. നിരന്നു നില്ക്കുന്ന ഈ ഇരട്ട പെരുംതൂണുകൾക്കു ചോടെ അരികുപറ്റി നടക്കുമ്പോൾ ഉറുമ്പിനെപ്പോലെ നമ്മളും!... അതിന്റെ വലിപ്പം ഒരു പേടി വരുത്തും. അവിടുത്തെ കനത്ത നിശ്ശബ്ദത, ആളും അനക്കവുമില്ലാത്ത സാധാരണ ദിനങ്ങൾ. അവിടെ എത്തിയാൽ, ആവേശമാണോ ഭയമാണോ?! ആ ഗോപുരം കടക്കുമ്പോൾ തന്നെ ഒരു പ്രത്യേക പരിവേഷം നമ്മെ പൊതിയും. വരാന്തയുടെ വടക്കു ഭാഗത്തുനിന്നും ചവിട്ടുപടികൾ കയറി തെക്കേയറ്റംവരെ നെടുനീളത്തിൽ ഓരോട്ടമാണ് പിന്നെ!! കൈയിൽ ചരടിൽ കോർത്തുകെട്ടിയ എഴുത്തോലയും സ്റ്റീലിന്റെ കുഞ്ഞു തൂക്കുപാത്രവും കൂടെ കിലുകിലാ വർത്തമാനം പറഞ്ഞു കുട്ടികൾ ആരെങ്കിലുമൊക്കെയുണ്ടാവും.
ഇതിനു തൊട്ടുപിന്നിലാണ് മഹാകവിയുടെ വീടും. ഗോപുരം അടച്ചിട്ടുണ്ടെങ്കിലാണ് ആ വീടും പടിയും തൊടിയും കടന്ന് നേരെ തെക്കോട്ട് മൺപാതയിലേക്ക് ഇറങ്ങുക. ഇവിടെയും വരാന്ത കടന്ന് തെക്കോട്ടിറ ക്കമാണ്. ആ ഭാഗത്താണ് പണ്ടുകാലത്ത്, പാട്ടം അളക്കലും മറ്റും നടന്നിരുന്നതെന്ന് കേട്ടിട്ടുണ്ട്.
ഇതിനോട് ചേർന്ന ഊട്ടുപുര. കഥകളി അണിയറ കാഴ്ച്ചകൾക്കായി മര അഴികളിൽ അള്ളിപ്പിടിച്ചു നിന്നുകൊണ്ടുള്ള എത്തിനോട്ടം നടത്തുന്നത് അതിന്റെ വരാന്തയിലാണെങ്കിൽ മധ്യവേനൽ അവധിക്ക് നടക്കാറുള്ള ഭാഗവതസപ്താഹ വായനക്ക് അതിനുള്ളിലെ തറയിൽ പായിട്ട് നിരന്നിരിക്കും. സപ്താഹകാരൻ ശ്രീ വെണ്മണി വിഷ്ണുവും യു സി കോളേജിലെ നമ്പൂരി സർ ഉം ചേർന്നു നടത്തുന്ന ശ്ലോകം വായനയും മലയാളവ്യാഖ്യാനവും ഇടയ്ക്കിടെ സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം! എന്നു ഉപസംഹരിക്കുമ്പോൾ, ഊഴം കാത്തുനിന്ന്, കുട്ടികളും മുതിർന്നവരും കൂട്ടമായി "ഗോവിന്ദ!ഗോവിന്ദ!" എന്നു ഏറ്റുചൊല്ലുന്ന ഹരവും അനുഭവിച്ചത് ഈ ക്ഷേത്രം ഊട്ടുപുരഹാളിൽ ഇരുന്നുകൊണ്ടാണ്.
ക്ഷേത്രത്തിന്റെ പ്രൗഢിയും ഗരിമയും വിളിച്ചോതുന്ന ഗോപുരവും, ചുറ്റുമതിലും കൂടാതെ ഈ മാളിക കെട്ടിടവും കാഴ്ചയിൽ നിറയുമ്പോൾ ക്ഷേത്രത്തിനകവും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ചേരമാൻ പെരുമാളിന്റെ കാലത്ത് പണി കഴിപ്പിച്ചെന്ന് പറയപ്പെടുന്നു. പരമശിവനും മഹാവിഷ്‌ണുവും ഒരു പീഠത്തിൽത്തന്നെയിരിക്കുന്ന അത്യപൂർവ്വ പ്രതിഷ്ഠയെന്ന ഖ്യാതിയും ഇതിനുണ്ട്.
ചുമർ ചിത്രങ്ങളാലലംകൃതമായ വട്ട ശ്രീകോവിലിൽ കാണുന്ന പിളർപ്പ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സംഭവിച്ചതാണെന്ന് ചെറുപ്പം തൊട്ടേ കേട്ടിട്ടുള്ളതാണ്. നാലമ്പലവും, കൂത്തമ്പലവും ബലിക്കൽപ്പുരകളും എല്ലാം മഹാക്ഷേത്രങ്ങൾക്കു മാത്രമുള്ള സവിശേഷതകൾ ആണ്.
സംസ്‌ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ് അതെല്ലാം നിലനിറുത്തിയിരി ക്കുന്നത്. അപ്പോൾ ഈ മാളികക്കെട്ടിടവും ഇനി വരും കാലങ്ങളിലും നമ്മുടെ തലമുറകൾക്കായി അവിടെ ഉണ്ടാവും അല്ലേ....
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
നായത്തോട്.








Comments
Post a Comment