പ്രിയപ്പെട്ട സിസ്റ്റർക്ക് വിട!

 

പ്രിയപ്പെട്ട സിസ്റ്റർക്ക് വിട! 


ഇൻഡോറിലായിരുന്ന പ്രിയപ്പെട്ട സിസ്റ്ററുടെ വേർപാട് വിശ്വസിക്കാനായില്ല. സ്വല്പംവൈകി, കഴിഞ്ഞ ദിവസങ്ങളിലാണ് ഞാനതറിഞ്ഞത്.
ഒരു കാൽ നൂറ്റാണ്ടുമുൻപ് വരെ അങ്കമാലി ഹോളിഫാമിലിയിൽ പഠിച്ച ഏവർക്കും പ്രിയപ്പെട്ടതായിരുന്നു സിസ്റ്റർ മരിയ ഫ്രാൻസിസ്.  ടീച്ചർക്ക്, തന്നെയാണ് ഏറെയിഷ്ടം എന്നു ഓരോ കുട്ടിയ്ക്കും, തോന്നുംവിധത്തിൽ അത്രയേറെ എല്ലാ കുട്ടികളിലും സ്വാധീനം ചെലുത്താൻ സിസ്റ്റർക്ക് കഴിഞ്ഞിരുന്നു. പഠന മികവിനപ്പുറം ഓരോരുത്തരുടെയും കുറവുകളും കുടുംബ സാഹചര്യവും അത്‌ പഠനത്തിൽ എങ്ങനെ ബാധിക്കും എന്നൊക്കെ ടീച്ചർ വിലയിരുത്തുമായിരുന്നു.
സ്‌കൂൾക്കാലം കഴിഞ്ഞെങ്കിലും ആ സ്നേഹവും വാത്സല്യവും കൂടുതൽക്കാലം അനുഭവിക്കാൻ
എനിക്കായി. തന്റെ കുഞ്ഞാടുകളിൽ നോവുകളും കുറവുകളും ഉള്ളവയെ കൈവിടാതെ തിരഞ്ഞുപിടിച്ച് എന്നും കൂടെ കൂട്ടി എന്നുപറയുന്നതാണ് ശരി.

എല്ലാ വർഷവും നായത്തോട് സ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷാ ഡ്യൂട്ടിക്ക് വരുമ്പോൾ എന്റെയടുത്ത് വരും. 1994 ഇൽ സിസ്റ്റർ  വോളൻററിി റിട്ടയർമെന്റ് വാങ്ങി നോർത്ത് ഇന്ത്യയിലേക്ക് സഭാപ്രവർത്തങ്ങളുമായി പോകുമ്പോൾ യാത്ര പറയാൻ വന്നു. തന്റെ കുഞ്ഞിനെ വിട്ടുപോകുമ്പോൾ ഒരമ്മയ്ക്കുണ്ടാവുന്ന കരുതലോടെ സിസ്റ്റർ എനിക്കു അൽഫോൻസാമ്മയുടെ ഒരു കുഞ്ഞു ചിത്രവും അതിലേറെ പ്രാർത്ഥനയോടെ അമ്മയുടെ തിരുവസ്ത്രത്തിൽ നിന്നും ഒരു പൊട്ടുതുണ്ട് തുണി   ഒട്ടിച്ചുവെച്ചതുംചേർത്തു എനിക്ക് തന്നു.  സൂക്ഷിച്ചു വെച്ചോളൂ. അലക്ഷ്യമായി കളയരുത്. അങ്ങനെ വരുമ്പോൾ കത്തിച്ചു കളയാവൂ എന്നും ഓർമ്മിപ്പിച്ചു. എന്റെ സിസ്റ്റർ തന്നത് അത്രയേറെ ആദരവോടും സ്നേഹത്തോടും ഞാനത് എനിക്കുകിട്ടിയ ഒരു ബൈബിളിൽ സൂക്ഷിച്ചുവെച്ചു.

ദൂരെ നാട്ടിൽ പോയാൽ അങ്കമാലിയിലെന്നപോലെ വരാനും പോവാനും കഴിഞ്ഞെന്നുവരില്ല. വർഷങ്ങൾ പലതും കഴിഞ്ഞു. അങ്ങനെയിരിക്കെ 10, 12  വർഷങ്ങൾ കഴിഞ്ഞ് ഒരുച്ച സമയത്ത് സിസ്റ്റർ എന്റെ മുറിയിൽ വന്നുകയറി. അത്ഭുതമാണോ സന്തോഷമാണോ എന്റെ കണ്ണു നിറഞ്ഞുപോയി.
സിസ്റ്റർ എന്നെ മറന്നുപോയി, ഇനിയൊരു ഒരു കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് കരുതിയിരിക്കുന്ന കാലം.

സിസ്റ്റർ കുറെനേരം അരികിലിരുന്ന് തന്റെ പഴയ കുട്ടികളെ പേരെടുത്തു ഓർമ്മിച്ചെടുത്തു. ഓരോ സംഭവവും പറയുന്നത് കേട്ടപ്പോഴാണ് സിസ്റ്റർ എങ്ങനെയാണ് ഓരോ കുട്ടിക്കയ്ക്കും പ്രിയപ്പെട്ടതായെന്നു മനസ്സിലായത്. ടീച്ചർ പറഞ്ഞവരിൽ ചിത്രകാരിയായ  സിമി പൗലോസ് നെ മാത്രമേ ഞാനും അറിയൂ.
നായത്തോട് വന്നാൽ ടീച്ചർ തിരക്കിപ്പോവുന്ന ഒന്നുരണ്ടു വീടുകൾ ഉണ്ടായിരുന്നു. തന്റെ പ്രിയ ശിഷ്യരായ രമ, പദ്മിനി.
രമ ചേച്ചി. എന്റെ ചേച്ചി രമയല്ലട്ടോ. വള്ളിയമ്മ ടീച്ചറുടെ മകൾ രമ ചേച്ചീ.   രമ ചേച്ചിയെ കണ്ടിട്ടുള്ളവർ ഇന്നു ചുരുക്കമാവും. "ശാലിനി എന്റെ കൂട്ടുകാരി" സിനിമ കാണുമ്പോളൊക്കെ രമ ചേച്ചിയെ പലരും ഇന്ന് ഓർക്കുന്നുണ്ടാവും. രമ ചേച്ചിക്ക് കൂട്ടായും നളിനി ടീച്ചറുടെ മകൾ പത്മിനി ചേച്ചിയും രണ്ടുപേരും ടീച്ചർക്ക് ഒരുപോലെ പ്രിയപ്പെട്ടവർ.

അന്നും ടീച്ചർ പോകും സമയം എനിക്കായി ഒരു സമ്മാനം തന്നു.  ടീച്ചറുടെ കൈവശമുള്ളതിൽ ഏറ്റവും ഭംഗിയുള്ളത് നോക്കിയെടുത്തു, നല്ല ഇളംചെമന്ന പിങ്ക് ഗ്ളാസ്സ്‌കൊണ്ട് സ്റ്റീലിന്റെ ഫ്രയിം ഉള്ള നല്ലൊരു കുരിശ്.
എന്റെ സിസ്റ്റർ തരുന്നതെന്തും എനിക്ക് പ്രിയപ്പെട്ടത് തന്നെ.
സിസ്റ്റർക്ക് മൊബൈൽ ആയതോടെ ഇടയ്ക്ക് വിളിക്കുമായിരുന്നു. നിറയെ മധുരങ്ങളുമായി  2019 മെയ് മാസത്തിലും സിസ്റ്റർ വന്നു.
ആരോഗ്യപരമായും സിസ്റ്റർ ഏറെ ക്ഷീണത്തിൽ ആയിരുന്നു. മരുന്നും ചികിത്സകളുമായി ഇടയ്ക്ക് വിളിക്കുമ്പോൾ അവിടുത്തെ വിശേഷങ്ങളൊക്കെ പറയും. ഏപ്രിലിൽ വിളിക്കുമ്പോഴും വിഷു ആയെന്നു ഞാനും ഓർത്തില്ല. സിസ്റ്റർ എനിക്ക് വിഷു ആശംസയും തന്നു. പിന്നെ വിളിക്കാം എന്നുപറഞ്ഞു ഫോണ് വെച്ചതാണ്.
കൊറോണതയുടെ രൂക്ഷതയേറിയപ്പോൾ വിവരം അറിയാനാണ് രണ്ടാഴ്ച മുൻപ് വിളിച്ചത്. ഫോണ് എടുത്തേയില്ല. പതിവില്ലാതെ സിസ്റ്ററുടെ നമ്പറിൽ വാട്‌സ്ആപ്പ്. കണ്ണിന് സുഖമില്ലാലോ സിസ്റ്റർക്ക്!. പിന്നെയെങ്ങനെ എന്നൊക്കെ സംശയിച്ചെങ്കിലും   
സന്തോഷത്തോടെ ഞാൻ തുരുതുരാ മെസേജ് ഇട്ടു.
മെസേജിന് റിപ്ലൈ വന്നു. സിസ്റ്റർ ആയിരുന്നില്ല!!!
2 മാസം ആവുന്നു സിസ്റ്റർ പോയിട്ട്!!!!

എന്നെ പൊതിഞ്ഞിരുന്ന ഒരു തൂവൽകൂടി പൊഴിഞ്ഞു.

എല്ലാവരും ഒരുദിവസം മടങ്ങിപ്പോവേണ്ടവർ. പക്ഷേ അറിഞ്ഞില്ലാലോ....ഒരു തവണ കൂടി സംസാരിക്കാൻ കഴിഞ്ഞില്ലാലോ... എങ്കിലും, 
"മായേ..." എന്ന ആ വിളി എന്റെ കാതിൽ ഉണ്ട്. ഹൃദയത്തിൽ ഉണ്ട് ആ സ്നേഹവും പ്രാർത്ഥനയും.

പ്രിയ ടീച്ചർക്ക് വിട! പ്രാർത്ഥനകൾ .


18/8/2020 






   



Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി