തന്മയം, പ്രിയ എ എസ്

തന്മയം. പ്രിയ എ എസ് 
================(ഓർമ്മകൾ) പ്രസാധകർ മാതൃഭൂമി ബുക്സ് 


തന്മയം. തന്മയപ്പെടുക.
താദാത്മ്യപ്പെടുക.
ഒരു ജീവിതത്തിൽത്തന്നെ എത്രയവസ്ഥകളെ
എത്രതരം ജീവിതത്തെ നേരിടേണ്ടിവരും. എത്രപേരെ 
കാണുന്നു, കേൾക്കുന്നു, ഉൾക്കൊള്ളുന്നു, 
ഇവയെല്ലാംചേർന്ന് 

പ്രിയം, ദീപ്തം, ആനന്ദം, ശിവം!
4 ഭാഗങ്ങളാണ് ഈ പുസ്തകം. 

 എ എസ് ന്റെ ആ 'മറ്റേ മകൾ'ക്കും
നേർത്തും നീണ്ടും കോറിയിട്ട വരകൾപോലൊരു 
ഭാഷയുടെ ചമയം ഉണ്ട്. വാക്കുകളിൽ വിസ്മയം നിറയ്ക്കാൻ, 
ഭാഷയ്ക്ക് പുതിയൊരു ഭാഷ്യം! അതാണ് പ്രിയ എ എസ് എന്ന 
എഴുത്തുകാരിയെ വേറിട്ടതാക്കുന്നത്.
ഒരു വാക്കിൽ, വരികളിൽ ഒളിപ്പിക്കുന്ന രസഭംഗികൾ, കുറിക്കൂട്ടുകൾ,
വാക്കിന്റെയാഴം. "പ്രിയയെ കണ്ടാൽ പേനയുടെ ഛായയുണ്ടെ"ന്ന് ഭരത് ഗോപിയെക്കൊണ്ട് പറയിപ്പിച്ചതും ആ വായനയുടെ സ്വാധീനമാകാം.
ഒരു എഴുത്തുകാരിയുടെ സൗഹൃദങ്ങളും, ബന്ധങ്ങളും, ഹൃദയ വിചാരങ്ങളും  പങ്കുവച്ച് വായനയുടെ തുള്ളിത്തുളുമ്പൽ! ഭരത് ഗോപി, ദേവി എന്നപേരിൽ ഒളിച്ചിരുന്ന എഴുത്തുകാരി സുജാത മിസ്സ്, ഈയിടെ നട്ടുച്ചയ്ക്ക് നടക്കുമ്പോഴും എനിക്ക് പൊള്ളാറില്ലെന്ന് പറഞ്ഞു ചേർത്തുപിടിച്ച സുജാത മിസ്സ്, കവി ഡി വിനയചന്ദ്രൻ സർ, അഷിത, എല്ലാം നനവോർമ്മകൾ.     
മാധവിക്കുട്ടി! ആമിയും, കമലയും, കമലാദാസ് ആയും, കമലാസുരയ്യയായും ശ്രീകൃഷ്ണലീലകൾ പോലെ മാധവിക്കുട്ടിലീലകൾ! എത്ര സത്യം.
മാധവിക്കുട്ടി എപ്പോഴെങ്കിലും ക്രിസ്ത്യാനികൂടെയാകണം എന്നൊരു രഹസ്യമോഹം എനിക്കുണ്ടായിരുന്നു എന്നുകൂടി പറഞ്ഞുവയ്ക്കുമ്പോൾ, 
എങ്കിലേ,ആ ലീല പൂർത്തിയാകുമായിരുന്നുള്ളൂ എന്ന് നമുക്കും തോന്നിപ്പോകും.
അദ്ധ്യാപകൻ പ്രൊഫസർ മധുകർ റാവു സർ, അമ്മ എന്ന ആനന്ദം ഇവയൊക്കെ വായിക്കുമ്പോൾ അതിരുകളില്ലാതൊഴുകുന്ന ആനന്ദം അനുഭവിക്കാം!
നിലയ്ക്കാത്ത സങ്കടമഴ എന്ന ഈച്ചരവാരിയരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ, നുറുങ്ങുന്ന ഓർമ്മയായി. മനുഷ്യത്വത്തിന്റെ മുന്നൂറു പേജുകൾ,
എൻഡോസൾഫാൻ പൊള്ളിച്ചകളിൽ വീണവരെ സാന്ത്വനത്തിന്റെ, ഉയിർത്തെഴുന്നേൽപിന്റെ, കൈപിടിച്ചുയർത്തലായി ഡോക്ടർ എ ആർ റഹ്‌മാൻ സർ തയ്യാറാക്കിയ 300 പേജുള്ള പുസ്തകം, മനുഷ്യത്വത്തിന്റെ മൂല്യത്തിന് വിലയിടാൻ പറ്റാത്ത ബുക്ക്.  അമ്മുവിന്റെ ക്ലിന്റ്, എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി എന്ന അമ്മു നായരുടെ പുസ്തകം പ്രകാശനത്തിൽ പങ്കെടുത്ത ഓർമ്മയിലെഴുതിയ അദ്ധ്യായം. കൊച്ചിക്കാരുടെ ക്ലിന്റ് അല്ലാ, മലയാളികളുടെ ക്ലിന്റ്, ആ കുഞ്ഞുക്ലിന്റ് വരകളുടെ രാജാവ്, ആ ചിത്രങ്ങൾക്ക് ഇവിടെ ഒരു ഓർമ്മപ്പുരപോലും കെട്ടിയില്ല നമ്മൾ, മുറ്റത്തെമുല്ലയ്ക്ക് മണമില്ലാഞ്ഞിട്ടാണോ ബിനാലെ നടത്തിയപ്പോളും ക്ലിന്റ് ന് ഇടംകൊടുത്തില്ല.  കുഞ്ഞുക്ലിന്റിനെ വായിക്കുന്തോറും കൂടുതൽ കൂടുതൽ അറിയാനും വായിക്കാനും എനിക്കും മോഹം. ക്ലിന്റിന്റെ അച്ഛനും അമ്മയും ജോസഫും ചിന്നമ്മയും, മോന്റെ ഓർമ്മകൾ അതത്രയും കണ്ണീരിന്റെ മുറിവുകൾ തീർത്ത എഴുത്തുകൾ.
മനസ്സുകൾ മുറിഞ്ഞ് നോവും ചോരയും പൊടിഞ്ഞ കുറച്ചുപേർ. സൂരജ് ന്റെ അമ്മ ഗീതാദേവി, പിന്നെ പേരില്ലാത്തവളായി മുഖവും ഇല്ലാത്തവളായി ജീവിക്കേണ്ടിവരുന്ന പെണ്കുട്ടികൾ! അവരെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ. ആ ഒരുവളെ! അവരെയൊക്കെ കാണാനും അവിടെയൊക്കെ ഓടിയണയാനും ചേർത്തുപിടിക്കാനും ആരും കാണിക്കാത്ത വ്യഗ്രത. പ്രിയ എ എസ് .... അലിവുള്ളൊരു ഹൃദയത്തിനുടമ, ഞാനും നമിക്കുന്നു. അടുത്തു നിന്നാലും അറിയണമെങ്കിൽ അക്ഷരസ്പർശത്തേക്കാൾ മികച്ചതായിട്ട് വേറൊന്നുമില്ല.   
ജീവിതത്തിൽ ഒരുപാട് നേടി എന്നു വിചാരിക്കുന്നവരും, ഒന്നും നേടിയില്ല എന്നു വിചാരിക്കുന്നവരും സൂരജിനെയും അമ്മയെയും വായിച്ചിരുന്നെങ്കിൽ എന്ന് ആ കുറിപ്പ് പ്രത്യേകംപറയുന്നുണ്ട്. ആ ഓരോ എഴുത്തുകളും എല്ലാവരുംവായിക്കണം.  

ഒരു സ്വപ്നംപോലെ കുഞ്ഞുണ്ണിയെന്ന നക്ഷത്രക്കുഞ്ഞ് പിറക്കുന്നത്, 12 വർഷം കാത്തിരുന്ന ഒരമ്മയുടെ വാത്സല്യം, കഥക്കൂടുകളായി ഇതൾ വിടർത്തുന്നത്.  മാതൃത്വം മനോഹരമായി ഹൃദയംതൊടും ഭാഷയിൽ കൊരുത്തു. കാത്തിരിപ്പിന്റെ മാധുര്യം മുഴുവൻനിറച്ച എഴുത്തുകൾ. കൂട്ടു നടപ്പുകാരിയായ അസുഖംവന്ന് വായിലും മൂക്കിലും കൈയിട്ടിളക്കി, വേദന പകുത്തുവച്ച് ശ്വാസംമുട്ടിക്കുന്നത്, കുഞ്ഞുപ്രായത്തിലേ രോഗത്തിന്റെ അസ്കിതകളെ,  നിയന്ത്രിക്കാൻ സംയമനപ്പെടുന്ന മനസ്സിന്റെ പാകപ്പെടുത്തൽ, ആ പെരുമ്പളം യാത്ര!
അതുപറയുമ്പോൾ ആ പെരുമ്പളം, കായൽ യാത്ര, ആ വെള്ളപ്പഞ്ചാര മണൽ,അതൊക്കെ കാണാൻ ഞാനും കൊതിച്ചിരുന്നത് ഓർക്കുന്നു.
ഒരു ഹൃദയബന്ധം എനിക്കു ആ നാടുമായി ഉണ്ടായിരുന്നു. ഇതുവായിച്ചപ്പോൾ അതിരട്ടിച്ചു. 
രോഗകാലങ്ങളെ പറയുമ്പോൾ പലയിടത്തും ഞങ്ങൾ മുട്ടിയുരുമ്മിപ്പോകുന്നു.
വേദനകളില്ലാതെ എന്റെ ജീവിതത്തിൽ എത്ര ദിവസമുണ്ടായിട്ടുണ്ട് ?
അസുഖമാണ് അക്ഷരം തന്നത്, എന്നുമെന്നുമുണ്ടാവുന്ന ഈ തലവേദനക്കാര്യം പറയുമ്പോൾ എന്താ ഡോക്ടർമാർ വെറും ചീളുകേസ് എന്ന് തലതിരിക്കുന്നത്,   ആരോടും പരിഭവമില്ലാതെ വരുന്നിടത്തുവെച്ചു കാണാം എന്ന ഭാവം, 
വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന എഴുത്തുകൾ.
ഓർത്തെടുത്തവയെ കുത്തിക്കുറിച്ചു എന്നുമാത്രം. അല്ലാതെ പ്രിയേച്ചിയുടെ എഴുത്തുകൾക്ക് അസ്വാദനമോ പഠനമോ എഴുതാൻമാത്രം ഞാൻ ആയിട്ടില്ല. 


സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ 


 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി