വസന്തൻ സർ ,ആദരണിക



പ്രൊഫ.ഡോക്ടർ S K വസന്തൻ (ആദരണിക)
"സത്യം ശിവം സുന്ദരം"
എന്ന ബുക്ക് ആണ് പരിചയപ്പെടുത്തുന്നത്. ഇതൊരു ആദരണികയാണ് എങ്കിലും വസന്തൻ സർ ന്റെ സർഗ്ഗാത്മകജീവിതവും പഠന ഗവേഷണ മേഖലയും സ്പർശിക്കുന്ന ഒന്നാണ്.


 മലയാള പഠനഗവേഷണ കേന്ദ്രവും എസ് കെ വസന്തൻ സമാദരണ സമിതിയും ചേർന്ന് തയ്യാറാക്കിയതാണ് ഈ പുസ്തകം. ദീർഘകാലം കാലടി ശ്രീശങ്കരാ കോളേജ് മലയാളവിഭാഗം അദ്ധ്യാപകനായിരുന്ന വസന്തൻ സർ, നോവലിസ്റ്റ് , ചെറുകഥാകൃത്ത്‌ , എന്നതു കൂടാതെ പ്രഭാഷകൻ, സാഹിത്യനിരൂപ കൻ, വൈജ്ഞാനിക സാഹിത്യമേഖലയിലും വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച് മലയാളഭാഷയെ സമ്പന്നമാക്കിയ ആദരണീയ വ്യക്തിത്വത്തിനുടമയാണ്.  സാറിന്റെ (അശീതി) 80 പതാം പിറന്നാളിനോട് അനുബന്ധിച്ച് ഏറ്റവും അടുത്ത ശിഷ്യരും സുഹൃത്തുക്കളും എഴുത്തുകാരും ബന്ധുക്കളും അദ്ദേഹവുമായുള്ള സ്നേഹോഷ്മളവും ഹൃദയ നിർഭരവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തിൽ. കൂടാതെ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ ആഴത്തിൽ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
ഈ പുസ്തകം സാറിന്റെ കൈയൊപ്പോടെ എനിക്കേറ്റു വാങ്ങാൻ ഭാഗ്യം ഉണ്ടായി. സർ ന്റെ ശിഷ്യനും, എന്റെ നാട്ടുകാരനും അങ്കമാലി മുൻസിപ്പൽ ലൈബ്രേറിയ നുമായ സേതു ചേട്ടനാണ് (എം പി സേതുമാധവൻ) ആ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. പുസ്തകത്തിൽ വായിക്കാതെ തന്നെ ആ ലാളിത്യം സൗമ്യത എനിക്കും തൊട്ടറിയാനായി. ഒരുപാട് നന്ദി സാറിനും സേതു ചേട്ടനും. 
സർഗ്ഗാത്മക സാഹിത്യവും വൈജ്ഞാനിക സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അപൂർവ്വം വ്യക്തികളിലൊരാൾ ആണ് സർ . അവഗണിക്കാനാവാത്ത വിധം മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടിയവയാണ്, അരക്കില്ലം, എന്റെ ഗ്രാമം, എന്റെ ജനത (നോവലുകൾ), മൈഥിലീ മനോഹരീ( നാടകങ്ങൾ) എന്നിവ. കൂടാതെ  ഉപന്യാസങ്ങൾ, സാഹിത്യ നിരൂപണങ്ങൾ,ഗവേഷണവും പഠനവും ചേർന്നൊരുക്കിയ വൈജ്ഞാനിക ഗ്രന്ഥങ്ങൾ എന്നിവ .
വൈജ്ഞാനിക ഗ്രന്ഥം എന്നുപറയുമ്പോൾ "കേരളസാംസ്കാരിക ചരിത്രനിഘണ്ടു" എടുത്തുപറയേണ്ട സംഭാവനയാണ്. വിരമിച്ചശേഷം കാലടി സംസ്‌കൃത സർവകലാശാലയിൽ പഠിപ്പിക്കുന്ന കാലത്താണ് അദ്ദേഹം ഇതിന്റെ പഠനവും ഗവേഷണവും നടത്തിയത്.  കേരളമെന്ന പ്രദേശത്തിന്റെ ഏതു കാര്യത്തെക്കുറിച്ചുമുള്ള പഠനത്തിനും റഫറൻസ് ഗ്രന്ഥമായി ഇതുപയോഗിക്കാം.
സവിശേഷമായ ഓരോ പദം കാണുമ്പോളും അതിന്റെ , സാംസ്‌ക്കാരിക ചരിത്രപശ്ചാത്തലം തേടി ജാതി മതം ഗോത്രം ഇങ്ങനെ ഏതുമായും ബന്ധപ്പെട്ട പദങ്ങൾ, പ്രയോഗങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഇത്.
കേരളത്തിലെ ഓരോ കാലഘട്ടത്തിലെ അവസ്ഥകളെ സംബന്ധിച്ചും ആചാരം വിശ്വാസം ,ഭരണം സാമ്പത്തികം സാമൂഹികം ഇതുമായി ബന്ധപ്പെട്ട എന്തിനും ഇതിലൂടെ ഉത്തരം തേടാം. ഈ നിഘണ്ടു ഒരിക്കലും പൂർത്തിയാക്കാൻ പറ്റാത്ത, എന്നും പുതിയ വിജ്ഞാനപദങ്ങൾ ചേർത്തുവയ്ക്കാവുന്ന ഘടനയിൽ ഉള്ളതാണ്.  2005 ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2 വാല്യങ്ങളിൽ ഉള്ളതാണ് കേരള സംസ്ക്കാര ചരിത്രനിഘണ്ടു.
  മലയാളഭാഷാ സാഹിത്യമേഖലയിൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള മികച്ച റഫറൻസ് ഗ്രന്ഥങ്ങളാണ് "നമ്മൾ നടന്ന വഴികൾ" , "പടിഞ്ഞാറൻ കാവ്യമീമാംസ" എന്നീ രണ്ടു ഗ്രന്ഥങ്ങളും.   ശ്രീകൺഠേശ്വരൻ,  ജി പത്മനാഭൻ പിള്ള വെട്ടം മാണി, തുടങ്ങിയ മുൻകാല ഭാഷാ പണ്ഡിതന്മാരെപ്പോലെ കഠിനാധ്വാനം ചെയ്തു തയ്യാറാക്കിയതാണ് ഇവയും.  കേരളീയ വിദ്യാർത്ഥിസമൂഹത്തിന് ലഭിച്ച സൗഭാഗ്യങ്ങൾ ആണ് ഈ രണ്ടു പുസ്തകങ്ങളും.
 
ഇടപ്പള്ളി രാജകുടുംബത്തിലെ പ്രശസ്തനായ ഇടപ്പള്ളി കരുണാകരമേനോന്റെ പുത്രനാണ് വസന്തസഖൻ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട വസന്തൻ സർ.  സാഹിത്യ പരിഷത്തിന്റെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു ഇടപ്പള്ളി കരുണാകര മേനോൻ. സാഹിത്യപ്രേമിയും പ്രശസ്തനായ വിവർത്തകനുമായി രുന്നു അദേഹം. വള്ളത്തോൾ, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ് ഇങ്ങനെ
സാഹിത്യരംഗത്തെ ഉന്നത ശീർഷരായവർ ആ കുടുംബത്തിലെ നിത്യസന്ദർശകർ ആയിരുന്നു. വസന്തൻ സാറിന്റെ ചെറുപ്പകാലംതൊട്ടു അവരോടൊത്തെല്ലാം ചെലവിടാനും ആ സാഹിത്യ സംസർഗ്ഗം പിന്നീട് അദ്ദേഹത്തിന്റെ സർഗാത്മകതക്ക് വളമാവുകയും ചെയ്തു. 

സർ ന്റെ ക്ലാസ്സുകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണ് . കുറിക്കുകൊള്ളുന്ന നർമ്മവും കഥകളും ഉപകഥകളുമായി വളരെ ആസ്വാദ്യമായിരുന്നു ആ ക്ലസുകൾ എന്ന് ശിഷ്യന്മാർ രേഖപ്പെടുത്തുന്നു. സാറിന്റെ ക്ളാസ്സുകൾ കേൾക്കാൻ മറ്റു ഭാഷ പഠിതാക്കളും ആ ക്ളാസ്സിൽ വന്നിരിക്കാറുണ്ട് എന്ന് ശിഷ്യന്മാർ ഓർമ്മിക്കുന്നു.

  സർ കാലടിയിൽ സ്ഥിര താമസമാക്കും മുൻപ് നായത്തോടു താമസിച്ചിരുന്നു എന്നതും കൗതുകമായി. പ്രൊഫ ഭാസ്‌കരൻ നായർ സറും,ഒത്തുള്ള ഓർമ്മകൾ അഭിമുഖത്തിൽ വസന്തൻ സർ പങ്കുവയ്ക്കുന്നു. ശ്രീ ജേക്കബ്‌ നായത്തോടും ആ നായത്തോടുകാലം പങ്കുവയ്ക്കുന്നുണ്ട്.
 
ഇന്നത്തെ സാഹിത്യ അക്കാദമി കാലത്തിനുമൊക്കെ മുൻപുള്ള  മലയാളസാഹിത്യ സംഘടനകളുടെടെ ചരിത്രം അതായത് സമസ്തകേരള സാഹിത്യ പരിഷത് ന്റെ സമഗ്രചരിതം അന്വേഷിച്ച് കണ്ടെത്തി വിലപ്പെട്ട ഒരു പുസ്തകമാക്കിയതും സർ ന്റെ നിരന്തര ശ്രമത്തിന്റെ ഫലമാണ്. 1927 തൊട്ടു 1993  വരെയുള്ള 39 സാഹിത്യ ഉത്സവങ്ങളുടെ സംക്ഷിപ്ത വിവരം കൃത്യമായി രേഖപ്പെടുത്തിവച്ചു. സംഘടിപ്പിച്ച സ്ഥലങ്ങൾ,അധ്യക്ഷന്മാർ ,സ്ഥാപകർ സഹയാത്രികർ എന്നിങ്ങനെ, ജോസഫ് മുണ്ടശ്ശേരി , വള്ളത്തോൾ,,ജി ശങ്കരക്കുറുപ്പ് ,  സുകുമാർ അഴിക്കോട് പ്രമുഖരായ സാഹിത്യ നായകർ എല്ലാവരും അതിനൊപ്പമുണ്ടായിരുന്ന കാലം.
ഇന്ന് നടക്കുന്ന ലിറ്റററി ഫെസ്റ്റുകൾക്ക് തുല്യം നിക്കുന്ന പരിപാടികൾ ആയിരുന്നു അവ. അത്തരമൊരു പരിഷത് സമ്മേളനത്തിലാണ് കവി വയലാർ രാമവർമ്മയ്ക്ക് പ്രവേശന ടിക്കറ്റ് നൽകാതെ തടഞ്ഞുവച്ചതും പിന്നീട് അദ്ദേഹം" മാറ്റൊലിക്കവി" എന്ന കവിതയെഴുതി പ്രതികരിച്ചതെന്നും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.
അങ്കമാലിയിലും സമീപനാട്ടിലും നടക്കുന്ന സാംസ്കാരിക പ്രഭാഷണങ്ങളിൽ സർ സജീവ സാന്നിധ്യമാവാറുണ്ട്. വി ടി സ്മാരക ട്രസ്റ്റിന്റെയും CSA ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യസാംസ്‌ക്കാരിക പ്രഭാഷണങ്ങളെയും ശിഷ്യനായ എ എസ് ഹരിദാസ് ഉം അനുസ്മരിക്കുന്നു. സാംസ്‌ക്കാരിക പ്രവർത്തകർ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കണം എന്ന് സർ അഭിപ്രായപ്പെടുന്നു. സമൂഹത്തിന്റെ വേദനകൾ പങ്കുവയ്ക്കുകയും അവ പരിഹരിക്കാൻ തന്നാലാവുന്നത് ചെയ്യുന്നവരാണ് ജനപ്രിയ എഴുത്തുകാരെന്നും സർ ന്റെ പ്രസംഗങ്ങൾ ഓർമ്മപ്പെടുത്തി എഴുതിയിരിക്കുന്നു. എന്നാൽ എല്ലാം മാറ്റത്തിന് വിധേയമാണെന്ന തത്ത്വത്തിന്റെ മറവിൽ എന്ത് എഴുതിയാലും, എങ്ങനെ എഴുതിയാലും ശരിയാവണം എന്ന വാശി വച്ചുപുലർത്തുന്നതിനോട് അദേഹത്തിന് യോജിപ്പില്ല. നിശിതമായ വിമർശനങ്ങൾ കൊണ്ട് സർ അതിന്റെ മുനയൊടിക്കും . ഭാഷയുടെ വ്യാകരണത്തെറ്റും ഭാഷാശുദ്ധിയില്ലായ്മയും വച്ചുപൊറുപ്പിക്കില്ല. എന്നാൽ പുതിയ പ്രതിഭകൾ കടന്നു വരണം. ഉണ്ടാവണം . പക്ഷേ അവർ ഭാഷയും സാഹിത്യവും ഗൗരവപൂർവ്വം കണക്കിലെടുക്കുകയും അതിനുവേണ്ടി ത്യാഗംചെയ്യാനും തയ്യാറാവണം . മാറ്റങ്ങളെ കുറിച്ചുള്ള അഭിപ്രായം ശ്രദ്ധേയമാണ്. സംസ്കാരത്തിൽ വരുന്ന മാറ്റങ്ങൾ കുറഞ്ഞ കാലംകൊണ്ട് ഉണ്ടാവില്ല എന്നും ആ അനുസ്മരണികയിൽ പറയുന്നു .
നായത്തോടുകാരനായ പി പുരുഷോത്തമൻ നായരുടെ, അനുസ്‌മരണയിൽ അദ്ദേഹം ചില സംശയ നിവൃത്തിക്കുവേണ്ടി വസന്തൻ സാറിനെ സമീപിക്കുമ്പോളുള്ള വിശേഷങ്ങൾ അതിവിസ്മയത്തോടെ പറയുന്നു.
"മലയാളസാഹിത്യത്തിലെ സമുന്നത കവികളുടെ ഒട്ടുമിക്ക എല്ലാ കോപ്പികളും നഷ്ടപ്പെട്ടാലും പേടിക്കേണ്ട. വസന്തന് എല്ലാം മനഃ പാഠമാണ്" എന്നിട്ടും
നിറകുടം തുളുമ്പില്ല എന്നു സാറിന്റെ ലാളിത്യത്തിന് അടിവരയിടുന്നു അദ്ദേഹവും. 

3 ഭാഗങ്ങളായി തിരിച്ച് ഈ പുസ്തകം, ഓരോന്നിനും സത്യം, ശിവം, സുന്ദരം എന്ന് പേര് കൊടുത്തിരിക്കുകയാണ്.
സത്യം എന്നത്തിൽ പ്രൊഫ പി നാരായണൻ, പ്രൊഫസർ എം  തോമസ് മാത്യു , ഡോ: കെ ജി പൗലോസ് , പ്രൊഫ കെ പി ശങ്കരൻ , ഡോ.എം ആർ രാഘവ വാര്യർ ,ഡോ പി വി കൃഷ്ണൻ നായർ തുടങ്ങി...
ശിവം എന്നതിൽ, പൗത്രി,പിന്നെ സി രാധാകൃഷ്ണൻ , ആത്മാരാമൻ , വൈശാഖൻ സുനിൽ പി ഇളയിടം . ചെമ്മനം ചാക്കോ , സുരേഷ് മൂക്കന്നൂർ ,ഡോ വത്സലൻ വാതുശ്ശേരി, മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ , പി പുരുഷോത്തമൻ നായർ, ജേക്കബ് നായത്തോട്,പ്രൊഫ പി ആര് ഹരികുമാർ ,എ എസ് ഹരിദാസ് , എം പി സേതുമാധവൻ , കെ ജി നാരായണൻ  പ്രൊഫ കെ എം ബാലകൃഷ്ണൻ
പ്രൊഫ ബാലചന്ദ്രൻ, 
സുന്ദരം എന്നതിൽ ഗവേഷണ,സഹിത്യപ്രവർത്തക സംഘത്തിലുള്ളവരും സഹപ്രവർത്തകരുമൊക്കെയുണ്ട്.

ഡോ ലിസി മാത്യു, പാർവ്വതി പവനൻ ,ഹരിദാസ് മുരളി എം എസ്  സിന്ധു കെ മേനോൻ ,റോയ് മാത്യു.മാണി പയസ് ,ഈ സുമതി കുട്ടി . അവസാനം വസന്തൻ സാറുമായി പ്രൊഫ ബിലാകുമാരി നടത്തിയ അഭിമുഖവും കൊടുത്തിരിക്കുന്നു.
ഭാഷയുടെ വസന്തം ആണ് ശ്രീ എസ് കെ വസന്തൻ സർ .
അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും സ്പർശിച്ചുപോകുന്ന ചെറിയൊരു പുസ്തകം മാത്രമാകുന്നു ഇത്. കൂടുതൽ മലയാള ഭാഷ സാഹിത്യം , ചരിത്രം ഒക്കെ അറിയാൻ ആ ഗ്രന്ഥങ്ങൾ എടുത്തു വായിക്കുക തന്നെ വേണം .
സർ നു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഇനിയുമേറെ സാഹിത്യ വിദ്യാർത്ഥികൾക്ക് ചൂണ്ടുവിരൽ ആവാൻ കഴിയട്ടെ.
സ്നേഹപൂർവ്വം
മായാ ബാലകൃഷ്ണൻ .

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി