കൊതുക് കുത്തകയാണു എങ്ങും !

ആ ഹോസ്പിറ്റൽ മുറിയിൽ ,ആ നാട്ടിൽ കൊതുക് കുത്തകയാണു എങ്ങും !
===========
അന്ന് പതിവു പോലെ വിസിറ്റേഴ്സ് ആരും ഉണ്ടായിരുന്നില്ല .വല്ലാത്തൊരു ബോറടി തോന്നി .അല്ലെങ്കിൽ ഡോക്ടറെ കാണാൻ വന്നിട്ട് കാത്തിരുന്ന് മുഷിഞ്ഞ ഏതെങ്കിലും സമീപ നാട്ടുകാർ പയ്യാരം പറഞ്ഞ് കയറി വന്നേനേ . ഉഷ്ണ ഉഷ്ണേന ശാന്തി എന്നല്ലേ. ഈച്ച പിടിച്ചിരിക്കുന്ന ഞങ്ങളിരുകൂട്ടർക്കും വായനക്കാൻ ( ഒന്നു മിണ്ടിയിരിക്കാൻ )ഒരു മാർഗമാണത് .
 വൈകുന്നേരമായി .അച്ഛനോട് പറഞ്ഞ് കുറച്ചുനേരം എന്നെ വാതിൽക്കൽ കൊണ്ട്    പ്രതിഷ്ഠിച്ചു. അച്ഛനും ഇപ്പൊ വരാം എന്നുപറഞ്ഞ് മുറ്റത്തേക്കിറങ്ങി . വരാന്തയിലും പൊതുവേ തിരക്ക് കുറവ് .അടുത്ത റൂമുകളിലെ  വെറോനിക്കാ ചേച്ചിയും ഹയറുന്നിസാത്തയും ആരേം പുറത്തേക്ക് കാണുന്നില്ലാലോ. ഡോക്ടറെ കാണാൻ വന്നവർ ഇപ്പൊഴും മുറ്റത്തും മരച്ചോട്ടിലുമായി ക്ഷീണിച്ചും തളർന്നും ഇരിപ്പുണ്ട് . ഇന്നും നല്ല തിരക്ക് തന്നെ .സന്ധ്യയാവാറായി . ജാനമ്മ ചേച്ചി വീട്ടിൽ പോവാനുള്ള തിരക്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുണ്ട് .അപ്പോഴാണ് ഞാൻ ഒരു കാഴ്ച്ച കാണുന്നത് .
ദാ...അത് ഔസേപ്പേട്ടനല്ലേ !അടുത്ത മുറിയിലെ ചേച്ചിയുടെ ഭർത്താവ് . അയ്യോ അതെന്താ പറ്റ്യേ ആവോ ? നേരത്തെ കാണുമ്പോ ഒരു കുഴപ്പോം ഉണ്ടായിരുന്നതല്ലാലോ ഈശ്വരാ ! കൈ ഉയർത്തി തലയിൽ വയ്ക്കാൻ കഴിയാത്ത ഞാൻ ആ കഷ്ടം കടിച്ചിറക്കി .
ആ ചേട്ടന്റെ കൈയിൽ ചോറുണ്ണുന്ന ഒരു വലിയ സ്റ്റീൽ പ്ലേറ്റ് .അതും ഉയർത്തിപ്പിടിച്ചോണ്ട് അങ്ങോട്ടു ചാടുന്നു , ദാ... ഇങ്ങോട്ടു ചാടുന്നു.
വായുവിൽ വീശിക്കളിക്കണു . ദൈവമേ ! ഇത്രേക്കുള്ളൂ മനുഷ്യന്റെ കാര്യം . മനസ്സിന്റെ താളം തെറ്റാനും ഇത്രപ്പെടുത്ത് നേരോംന്നും വേണ്ടല്ലോ . പാവം തെരേസ ചേച്ചീ. കുട്ടികളൊക്കെ ചെറുതാ. തെരേസചേച്ചി ഇന്നോ നാളെയോ എന്നമട്ടിൽ തീരെ മോശം ആരോഗ്യാവസ്ഥയിലാണ് . ആ ചേച്ചിയെ നോക്കാനായിട്ടാണ് ഈ ഔസേപ്പേട്ടൻ ഇവിടെ വന്നു നിക്കുന്നത്. ദാ ,അപ്പോഴുണ്ട് ഔസേപ്പേട്ടൻ ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് വരുകയാണോന്ന് സംശയം . എണീറ്റ് പോവാനും പറ്റണില്ലാ. ഞാനാകെ വിഷമിച്ചു. അപ്പോഴുണ്ട്   ജാനമ്മ ചേച്ചി വേസ്റ്റ് ബക്കറ്റുകളും ചൂലും എല്ലാം കൊണ്ടു വയ്ക്കാനായി വരാന്തയുടെ അപ്പുറത്തേക്ക് പോകുന്നു .
യേയ് ജാനമ്മ ചേച്ചീ ....ഞാൻ അടക്കം വിളിച്ചു . ഇങ്ങ് വന്നേ , ഇങ്ങ് വന്നേ .
" എന്താണ് ,എന്താണ്  ? "
തിരമാല തള്ളുന്ന കയറ്റിറക്ക് ഈണത്തോടെ തൊള്ള പൊട്ടിച്ചുള്ള കടാപ്പുറം ചോദ്യം. ഒന്നു പതുക്കെ ചേച്ചീ . അടുത്ത് വന്ന് ചേച്ചി പിന്നേം സ്വകാര്യം പോലെ എന്താണ്. ?
ദാ അങ്ങോട്ട് നോക്ക്യേ ചേച്ചീ .
 "ഏത് ? അത് ഔസേപ്പേട്ടൻ ! "നിസ്സന്ദേഹം ജാനമ്മ ചേച്ചി മറുപടി പറഞ്ഞു .
അതല്ലാ.ആ ചേട്ടനു എന്തൂട്ടാ പറ്റ്യേന്ന് ?
എന്ത് പറ്റാൻ !?
അതെന്താ ആ പ്ലേറ്റും പിടിച്ച് അങ്ങനേ ?
എങ്ങനേന്ന് ! 
ഒഹ്. അതോ. അപ്പോഴാണ് ജാനമ്മ ചേച്ചിക്ക് ഞാൻ ചോദിച്ചത് മനസ്സിലായത് .
 ജാനമ്മ ചേച്ചി മൈക്ക് വച്ചപോലെ നീട്ടിപ്പിടിച്ച് ഒരു അടക്കോം ല്ല്യാതെ
ഔസേപ്പേട്ടോ...എന്നും വിളിച്ചോണ്ട്  നേരെ അങ്ങോട്ട് ചുവടുവെച്ചു .
ഔസേപ്പേട്ടന്റടുത്ത് നിന്ന് ആ പ്ലേറ്റും വാങ്ങി വന്നിട്ട് ന്നോടായി തുടങ്ങി.
" ഇതേ നിങ്ങ്ടെ അങ്കമാലിയൊന്നുമല്ല കൊച്ചേ. ഇത് വൈപ്പിൻ കരയാ . വൈപ്പിൻ കര !
ഇത് കണ്ടാ. ആ പ്ലേറ്റിനുള്ളിലേക്ക് കൈചൂണ്ടിക്കൊണ്ട് പിന്നേം തൊള്ള പൊട്ടിക്കാൻ തുടങ്ങി . ഇങ്ങടെ അങ്കമാലീലെ പന്നിക്കുട്ടികളേക്കാളും വല്യ മുട്ടൻ പന്നികളാ ഇവറ്റകളൊക്കെ "കണ്ടാ കണ്ടാ . ?? 
ഒറ്റനോട്ടത്തിൽ തന്നെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു .വായിൽ അറച്ചിട്ട് നുര  പതഞ്ഞുവന്നു . ആ പ്ലേറ്റിലെ എണ്ണ പുരട്ടിയിരിക്കുന്ന ഭാഗത്ത് പായൽ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ കൊതുകുകൾ . ചോര കുടിച്ചുവീർത്ത കൊതുകുകൾ !എണ്ണയിൽക്കിടന്ന് പെട പെടാ പിടക്കണു .
അവിടെയെത്തിയ ആദ്യദിനങ്ങളിൽ, രാത്രിയിൽ കൺതുറന്നപ്പോൾ ഞാൻ കണ്ട കാഴ്ച്ച ഓർമ്മവന്നു .സീറോ ബൾബിന്റെ അരണ്ടവെളിച്ചത്തിൽ കൊതുകുപട ചുമരിൽ ഒരുഭാഗം നിറയെ പായല് പതിപ്പിച്ചപോലെ മയങ്ങിയിരി ക്കുകയാണ് .ഫാനിന്റെ ഫുൾ സ്പീഡിൽ പറക്കാനാവാതെ പറ്റിപ്പിടിച്ചിരിക്കുന്ന അതേ കാഴ്ച്ച ! ഈ പ്ലേറ്റിലും . ഒരു അറപ്പ് പെടപെടാ കണ്ണ് ഇറുക്കിയടച്ചു . ഔസേപ്പേട്ടന്റെ ബുദ്ധി കൊള്ളാം . കൊതുകിനെ പിടിക്കാനുള്ള എളുപ്പതന്ത്രം . എന്നൊക്കെ ചിന്തിക്കുമ്പോളാണ് ജാനമ്മ ചേച്ചി പിന്നേം തൊള്ള പൊട്ടിച്ചുകൊണ്ട് തുടങ്ങിയത് .
"ഈ ആമ തിരീം ഗുഡ് നൈറ്റുമൊക്കെ എന്നാ ഉണ്ടായെ മോളേ .മ്മടെ കാർന്നോമ്മാരു മോശക്കാര് ആണോ . അത്രേം പറഞ്ഞുകൊണ്ട് ജാനമ്മ ചേച്ചി പ്ലേറ്റും തിരിച്ച് കൊടുത്തിട്ട് വാലിൽ തീ കൊളുത്തിയപോലെ ബോട്ട് പിടിക്കാനായി ഓടി.
ആ നാട്ടിൽ കൊതുക് കുത്തകയാണ് എങ്ങും  !
" എങ്ങും കൊതുകുകളുടെ ഭരതനാട്യം
 കുമ്മിയടിച്ചീടാം ഈ നാട്ടിലെങ്ങും
 ഠപ്പേ ഠപ്പേ ചോട് വച്ചുയർന്നടിച്ചീടാം !  "
   

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി