മരണത്തിന്റെ മണമുള്ള കൊച്ചുമുറികൾ

മരണത്തിന്റെ മണമുള്ള കൊച്ചുമുറികൾ 
=================
വർഷങ്ങൾക്കുമുൻപ് എറണാകുളം നഗരത്തിലെ ഒരു ഹോസ്പിറ്റൽ . നേഴ്‌സിങ് റൂമിന്റെ എതിരെയുള്ള ഡബിൾറൂം . അതിന്റെ വാതിക്കൽ ഒരു സെക്യൂരിറ്റിയെപോലെ അന്നാമ്മ ചേട്ടത്തി എപ്പോഴും ഉണ്ടാവും . ഇടയ്ക്ക്, അടുത്ത മുറികളിലൂടെ ഒരു റൗണ്ട്സ് നടത്തും . പിന്നെ ഇടനാഴിയിലൂടെ പോകുന്ന ചുറ്റുമുള്ള മുറികളിലെ സഹവാസികൾ ,സന്ദർശകർ അങ്ങനെ ആരെയും വെറുതേ വിടാറില്ല അന്നാമ്മ ചേട്ടത്തി . ഉറങ്ങുംവരെ ആ പരിസര ത്തൊക്കെ പരതി പരതി കുറുകി കുറുകി ഒരു തിത്തിരി പക്ഷിയെപോലെ കൊത്തിക്കൊറിച്ച് എല്ലാരോടും മുണ്ടീം പറഞ്ഞും അന്നമ്മ ചേട്ടത്തി ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു കഥാപാത്രമായി എനിക്കും ചേച്ചിക്കും . ഇതിനിടയിൽ "അന്നാമ്മേ...." എന്ന ഒരു നേർത്ത വിളി മുറിയിൽനിന്ന് നീണ്ടുവരുമ്പോൾ അന്നാമ്മ ചേട്ടത്തി ആ പരിസരത്തൊന്നും ഉണ്ടാവില്ല . ഞാനൊരു വിധത്തിൽ കട്ടിലിൽനിന്ന് എഴുന്നേറ്റ് എത്തിവലിഞ്ഞ് വാതിക്കൽ ചെന്ന്, ദൂരേ കോണിച്ചോട്ടിൽ സൊറ പറഞ്ഞുനിൽക്കുന്ന ചേട്ടത്തിയെ കൈകാണിച്ച് വിളിക്കും . ആ നേരം അന്നാമ്മ ചേട്ടത്തിക്ക് ഒരു വരവുണ്ട് . 
അയ്യോ...മോളേ . വിളിച്ചോ ?
വളരേ ശബ്ദം ഒതുക്കി ട്രീസാമ്മ വിളിച്ചോ എന്നുംചോദിച്ച് തിടുക്കപ്പെട്ട് ഓടിവരും . എരിഞ്ഞുപുകഞ്ഞപോലെ കൈയ് വിരലുകൾ കുടഞ്ഞ് കുടഞ്ഞുകൊണ്ട് വരുമ്പോൾ ചേട്ടത്തിയുടെ പിന്നിൽ ഞൊറിഞ്ഞിട്ട ചട്ടയുടെ വിശറി വാലുകുലുക്കി കുണുങ്ങി കുണുങ്ങി ,അത് കാണാൻ നല്ല രസമാണ് .മുറിയിലേക്ക് കടക്കുമ്പോൾ ഞങ്ങളോടായി ചേട്ടത്തിയുടെ ഒരു കമന്റുണ്ട് .
" എത്ര നേരാ മോളേ ഈ അളയിൽ ഇങ്ങനെ കടിച്ചു പിടിച്ചിരിക്കണേ..."
 എന്റെ ചേച്ചിക്ക് അത് ' ക്ഷ' പിടിച്ചു ! 
എന്റെ സഹമുറിയത്തിയായ സിസ്റ്ററെ ഞാൻ കാണുന്നത് വല്ലപ്പോഴും ആണ് .സിസ്റ്റർ എപ്പോഴും സിസ്റ്ററുടെ കാബിനിൽ ബെഡ്‌ഡിൽ തന്നെയാണ് . വല്ലപ്പോഴും ഞങ്ങൾ ഇരുകൂട്ടർക്കും ഉള്ള കോമൺ സ്‌പെയ്സിൽ എന്നെക്കാണുമ്പോൾ സിസ്റ്റർ നിറഞ്ഞ് ചിരിക്കും . സിസ്റ്റർ ഇങ്ങനെ പ്രഷറിനും ഷുഗറിനും സലാഡ് എന്ന ഓമനപ്പേരിൽ  വേവിക്കാത്ത പച്ചക്കറികൾ ഇരുന്ന് ചവയ്ക്കുന്ന കാണുമ്പോൾ ഞാനും അറിയാതെ ചിരിച്ചുപോവും . ഞാൻ ആ ചിരിച്ചതിന്  ,വർഷങ്ങൾക്ക് ശേഷം കാലം , പകരം വീട്ടി . പ്രകൃതിചികിത്സാ ചെയ്യുന്ന ഘട്ടത്തിൽ ,ചുമ്മാ ചുമരുംനോക്കി ഇരുന്ന് വേവിക്കാത്ത പലതും ചവച്ചിറക്കുമ്പോൾ വെറുതെ അയവിറക്കി ഈ പഴയകാലവും .
സിസ്റ്റർ ട്രീസാമ്മ യുടെ ബൈസ്റ്റാന്റർ ആണ് നമ്മുടെ ചേട്ടത്തി . ഭക്ഷണം സമയവും റെസ്റ്റും കഴിഞ്ഞാൽ ഞാനും അന്നാമ്മ ചേട്ടത്തിക്ക് കൂട്ടായി ഇടയ്ക്കിടെ കാവൽക്കാരിയായി കൂടും . വൈകീട്ട് 7 മണിക്ക് കാന്റീനിൽ നിന്ന് ഭക്ഷണവും വരുന്ന കാത്ത് അന്നമ്മ ചേട്ടത്തിക്കൊപ്പം ഞാനും , അടുത്ത മുറികളിലെ  തെരേസ ചേച്ചിയും ,സരളാന്റിയും  ഫിലിപ്പ്‌ ചേട്ടനും എല്ലാവരും റൂമിനു വാതിക്കൽ കൂടി നിൽപ്പാണ് . അപ്പോഴുണ്ട് അവിടുത്തെ അറ്റൻഡർ ജോസഫേട്ടൻ ഒരു റേഡിയോ പോലൊരു സാധനവും കുറച്ച് വയറും ചേർത്തുപിടിച്ചു നടന്നു വരണു .
ജോസഫ്‌ ചേട്ടനെ കണ്ടതും അന്നാമ്മ ചേട്ടത്തി
എന്തൂട്ടാ ടാ ജോസഫേ...അദ്ദ് ?
നീ ഇതും കൊണ്ട് എങ്ങോട്ടാ ടാ പോണേ ?
അന്നാമ്മ ചേട്ടത്തിയുടെ ചോദ്യം കേട്ടതും
എന്റെ ചേട്ടത്തീ എന്തൂട്ടാ പറയണേ....ഈ മനുഷ്യന്മാരുടെ ഓരോ ആഗ്രഹങ്ങളേ .ചാവാൻ നേരത്തും പാട്ട് കേട്ടുകൊണ്ട് ചാവണം ആ കാരണോർക്ക് എന്ന് വച്ചാൽ എന്താ ചെയ്യാ .അത് ടേപ്പ് റെക്കഡർ ആണെന്നും റൂം നമ്പർ 19 ലെ പ്രായമായ അവശനായ പെഷ്യന്റിന് പാട്ടു കേൾപ്പിച്ചു കൊടുക്കാനാണെന്നും പറഞ്ഞ് ജോസഫ് ചേട്ടൻ അങ്ങോട്ട് പോയി . ഇതു കേട്ടതും എനിക്ക് സംശയം .
മരിക്കാറായ ഒരാൾ , പ്രായമായ ഒരാൾ ! 
എങ്ങിനെയാണ് മരിക്കാറായി എന്ന് അറിയുന്നത്.? അതെങ്ങനെയെന്ന് എനിക്കും അറിയണം .കാണണം . എങ്ങനെയാണ് മരിക്കുന്നത് ! ഒരാളുടെ മരണം മുൻകൂട്ടി അറിയാൻ പറ്റുമോ ?
 അറിയാനുള്ള അതിയായ ആഗ്രഹത്തോടെ ഞാനും ആ നിമിഷം ജോസഫേട്ടൻ പോയ വഴിയേ കാലുകൾ എടുത്തുവച്ചു . മരണം ഒരു പിടികിട്ടാപ്പുള്ളിയെ പോലെ ആണ് . അതിനു പിറകേ അറിയാനുള്ള ജിജ്ഞാസയോടെ ,ഒരു കുട്ടിയുടെ കുതൂഹലത്തോടെ ഞാനും പിന്തുടർന്നു . പിച്ചനടക്കുന്ന കുട്ടിയെ പോലെയാണ് ഞാനന്ന് . ഏതാനും മാസം ബെഡിൽ ഒതുങ്ങിപ്പോയ ജീവിതത്തിൽനിന്നും വീണ്ടും ഉയിർത്തെഴുന്നേറ്റു വന്നിട്ടുണ്ടായുള്ളൂ .
അപ്പോൾ പിന്നിൽ നിന്ന് ഫിലിപ്പോസ് ചേട്ടനും തെരേസ ചേച്ചിയുമൊക്കെ അന്നമ്മ ചേട്ടത്തിയോട് പറയുന്ന കേൾക്കുന്നുണ്ട്. അത് ടേപ്പ് റെക്കോഡാർ ഒന്നും അല്ല . ഇ സി ജി എടുക്കുന്ന മെഷീൻ ആണ് . പിന്നിൽ പറയുന്ന കേട്ട് ഒന്ന് നിന്നെങ്കിലും ഞാൻ മുന്നോട്ടു വച്ച കാൽ പിന്നോട്ടു വച്ചില്ല . ഇ സി ജി എങ്കിൽ ഇസിജി .അതും ഇതുവരെ കണ്ടിട്ടില്ല .അല്ലെങ്കിലും പ്രായമായ മരിക്കാറായ ഒരാൾ ! എങ്ങനെയാവും മരിക്കാറായ ആൾ ? മരിക്കാറായി എന്ന് എങ്ങനെയറിയും ? എന്റെ മുന്നിൽ ഒരുകൂട്ടം സംശയങ്ങൾ എല്ലാവരും മരിക്കും .ഞാനും മരിക്കും . അപ്പൊ എങ്ങനെയാണ് മരിക്കുന്നത് എന്ന് അറിയണ്ടേ . ജോസഫേട്ടൻ ആ മുറിയിലേക്ക് കടന്നു . പിന്നിൽ ഞാനും ഞൊണ്ടി ഞൊണ്ടി എത്തി . വാതിൽ പാതി ചാരിയിട്ടിരിക്കുന്നു .സങ്കടമായല്ലോ .അവിടംവരെ ചെന്നിട്ട് ഒന്നും കാണാനാവാതെ . ചാരിയിട്ട വാതിൽപ്പാളിയിലൂടെ ഒരു നിമിഷം ഒരുനോട്ടം എറിഞ്ഞു . പെഷ്യന്റിന്റെ കട്ടിലിനു ചുറ്റും ഒരുകൂട്ടം ആളുകൾ . ഡോക്ടർമാർ, നേഴ്‌സുമാർ , ബന്ധുക്കൾ . പിന്നെ അതിനിടയിലൂടെ  അവ്യക്തമായ് കണ്ട ക്ഷീണിച്ച നേർത്ത ശരീരത്തിലൂടെ തലങ്ങും വിലങ്ങും റ്റ്യുബുകൾ , വയറുകൾ , മാത്തമാറ്റിക്സിലെ ഗ്രാഫ് പേപ്പർ പോലൊന്ന് ഉയർത്തിക്കൊണ്ടു അതിലൊരാൾ. അതാവും ഇ സി ജി .എന്നു ചിന്തിച്ചു . ആ കൂട്ടത്തിൽ മുഖപരിചയമുള്ള  ആരുമില്ല . ഒരുനിമിഷം പരിസരബോധം വീണ്ടുകിട്ടിയ ഞാൻ പെട്ടെന്ന് ഓർത്തു . അയ്യേ. ഒളിഞ്ഞുനോട്ടം . മോശം മോശം !വേഗം തിരിഞ്ഞുനടന്നു . റൂമിൽ എത്തി . ഭക്ഷണം കഴിച്ച് ലൈറ്റ് ഓഫ് ചെയ്ത് ചുമരും നോക്കി അരണ്ട വെളിച്ചത്തിൽ അനശ്ചിതമായ ചിന്തകളോടെ ഒരു ദിനാന്ത്യത്തിലേക്ക് .
ഞാനും അമ്മയും , അപ്പുറത്ത് സിസ്റ്ററും അന്നാമ്മ ചേട്ടത്തിയും രാത്രിയിലേക്ക് ഊളിയിട്ടു . രാവിലെ എഴുന്നേൽക്കുമ്പോൾ അറിഞ്ഞു ! ഇന്നലെ മരിക്കാറായെന്ന് പറഞ്ഞു കേട്ട ആ മനുഷ്യൻ മരിച്ചു. ബോഡി രാത്രിയിൽ തന്നെ ബന്ധുക്കൾ കൊണ്ടുപോയി .
ഒന്നും അറിഞ്ഞില്ലാലോ  പലപ്പോഴും കള്ളനെ പോലെയാണ് മരണവും .ഒരു ചുമരിനപ്പുറം ഒരനക്കവും കേൾക്കില്ല .മരണവീടുകളിൽനിന്നും വ്യത്യസ്തമാണ് ആശുപത്രി മുറികൾ ! പലപ്പോഴും ഒരു ചുമരിനപ്പുറം അവസാന ശ്വാസത്തിന്റെ കുറുകലുകൾ , അല്ലെങ്കിൽ മരണം എന്ന സത്യത്തെ ഉൾക്കൊള്ളാൻ ആവാതെ അടുത്ത ബന്ധുവിന്റെ അടക്കിപ്പിടിച്ച ഒരു തേങ്ങൽ , ഇത്രയിൽ ഒതുങ്ങും ഹോസ്പിറ്റൽ മുറികളിലെ മരണം .
മായ ബാലകൃഷ്ണൻ

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി