കൊറോണക്കാലം



കൊറോണക്കാലം പ്രമാണിച്ച് .
**********************
ഏകാന്തവാസം, അതിജീവനം !
(മായ ബാലകൃഷ്ണൻ )
"ജോലി കിട്ടിയിട്ട് വേണം കുറച്ചുദിവസം ലീവ് എടുക്കാൻ "
മലയാളികൾ ഏറെ പറഞ്ഞു പഴകിയ ഒരു തമാശയാണത് . പക്ഷെ അതുപോലൊരു സുവർണ്ണാവസരം വീണു കിട്ടിയപ്പോൾ എല്ലാവരും ഇരുട്ടിൽ തപ്പുന്നു . വീട്ടിലിരിക്കുന്നതിന്റെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ഒരുക്കിയ കൗൺസിലിംങ് സെന്ററിലേക്ക് വിളിക്കുന്നു, വിജനമായ നിരത്തും സിറ്റിയും കാണാനിറങ്ങി നടക്കുന്നു , പൊലീസിന് ഇവരെപ്പിടിക്കാൻ ഡ്രോണുകൾ ഇറക്കേണ്ടി വരുന്നു, മദ്യപാനാസക്തിയിൽ നിൽക്കക്കള്ളിയില്ലാതെ ആത്‍മഹത്യ ചെയ്യുന്നു മറ്റൊരു കൂട്ടർ. "എന്തൊരു പ്രഹസനാ സജി ഇതൊക്കെ? "എന്നു ചോദിച്ചു പോവുകയാണ് . എന്തിന് ! 32 വർഷമായി വീട്ടുമുറിയിൽ കട്ടിലിൽ ക്വാറന്റൈൻ തുടരുന്ന എന്റെ മുന്നിൽ ഇത്തരം വാർത്തകൾ നിറയുമ്പോൾ ചിരിക്കാതിരിക്കാൻ ആവുന്നില്ല.

ചലന സംബന്ധമായ അസുഖത്തെ തുടർന്ന് ആദ്യ പത്തു പന്ത്രണ്ടു വർഷങ്ങൾ ആശുപത്രിയും വീടുമായി മാറി മാറിക്കഴിഞ്ഞു . പിന്നവിടുന്നങ്ങോട്ട് മുറ്റത്തിറ ങ്ങാതെ ഒരു കാക്കയെയോ കോഴിയെയോ പോലും കാണാതെ ജീവനുള്ളതായി വീട്ടിലുള്ളവരുടെ മുഖം മാത്രം കാണാൻ കിട്ടുകയുണ്ടായുള്ളൂ .മുടിയുണ്ടെങ്കിൽ ചാച്ചും ചെരിച്ചും കെട്ടാമെന്ന് പണ്ടുള്ളൊർ പറയുന്നതാണ് ശരി . ആരോഗ്യം ഉണ്ടെങ്കിൽ സമയം വിനിയോഗിക്കാൻ ആണോ ബദ്ധപ്പാട് . കൂടാതെ ഈ നവ സാങ്കേതിക വിദ്യയും രംഗത്തുള്ളപ്പോൾ  ഇ വായനയും സാധ്യമാക്കാം. അപ്പോഴും ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ മനുഷ്യന് സവിശേഷമായ വിവേകം കൂട്ടിനുണ്ട് . എന്തിനാണ് അവയെമാത്രം ആശ്രയിക്കുന്നത് . പുസ്തകങ്ങളും മാസികകളും എത്രയോ ഉണ്ടാവും ? വായിക്കാൻ നേരം കിട്ടുന്നില്ലെന്ന് പറഞ്ഞ് എത്രയോ കാലമായി ഷെൽഫിൽ അടുക്കിയടുക്കി വേട്ടാളനും പാറ്റയും കൂടുകെട്ടിയിരിക്കുന്നുണ്ടാവും? അവയൊക്കെ പൊടിതട്ടിയെടുത്തു വയ്ക്കുകയെങ്കിലും ആവാമല്ലോ .
ബാലപ്രസിദ്ധീകരണങ്ങളുടെ കാലം കഴിഞ്ഞ് ഞാൻ വായന തുടങ്ങിയത് രോഗക്കിടക്കയിൽ ആയതിനു ശേഷമാണ് . പ്രീഡിഗ്രിയുടെ വാതിൽപ്പടി വരെ എത്തിയ ഞാൻ ഈ കാണുന്ന എന്റെ നാടിനെ ,ഞാൻ അധിവസിക്കുന്ന  കേരളത്തെ, ഇന്ത്യാ മഹാരാജ്യത്തെ,ഇവിടുത്തെ മനുഷ്യർ കല, സാഹിത്യം , സംസ്കാരം ഇതൊക്കെ അറിഞ്ഞതും ഈ ലോകരാജ്യങ്ങളെ അറിയുന്നതും സ്പോർട്സിൽ ക്രിക്കറ്റും ,ഫുട്‌ബോളും ടെന്നീസും കണ്ടുപഠിച്ചതും ഒക്കെ എന്റെ മുറിയിലിരുന്ന് ടെലിവിഷൻ കാഴ്ചകളിലൂടെയും വായനകളിലൂടെയുമൊക്കെ യാണ് .വിദ്യ നേടേണ്ടത് നാം അധിവസിക്കുന്ന ലോകത്തു നിന്നുമാണ്‌ . വായനയുടേയും കേൾ വിയുടെയും വലിയൊരു ലോകം എനിക്ക് മുന്നിൽ ഉണ്ടായിരുന്നപ്പോൾ തുടർപഠനം, അതൊരു കുറവായി കാണാൻ കഴിഞ്ഞില്ല ! എന്റെ ആരോഗ്യാവസ്ഥയിൽ , ഏറ്റവും കഴിയുന്ന രീതിയിൽ അറിവുകൾ വികസിപ്പിക്കുവാൻ ശ്രമിക്കുന്നയാൾ ആയതുകൊണ്ട് ഇന്നും ഞാൻ ഒരു വിദ്യാർത്ഥിയാണ് . പുറത്തേക്കും അകത്തേക്കും തുറന്നിരിക്കുന്ന വാതിലുകൾ ഉള്ള ജീവിതയാനത്തിന്റെ പൂമുഖത്ത് ആണ് ഇരിപ്പിടം ഇട്ടിരിക്കുന്നത് . ഇനിയെന്ന് സുഖമായിവരും എന്നൊരു വല്ലാത്ത ആശങ്ക ഏറെക്കാലം എന്നെ അലട്ടി. എന്നാൽ ദിനംതോറും മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യാവസ്ഥയിൽ ഞാൻ എന്നെ മറന്നു കൊണ്ടിരുന്നു . ഒരു യുദ്ധം ,കൊടുമ്പിരിക്കൊണ്ട യുദ്ധം സന്ധിയി ല്ലാതെ മുന്നേറി. ആന കുതിര കാലാൾ പടയൊന്നാകെ ,രാവും പകലുമില്ലാത്ത യുദ്ധത്തിൽ ഞങ്ങൾ കുടുംബം ഒന്നടങ്കം സർവ്വ സന്നാഹങ്ങളുമായി ദീർഘവർഷ ങ്ങൾ പൊരുതിക്കൊണ്ടിരുന്നു . എന്നിട്ടും ഈ അവസ്ഥയിൽ ജയിച്ചവളാണ് ഞാൻ . 32 വർഷം തോറ്റിരുന്നവൾ ആണ് ഇന്ന് ഒരു മുറിയുടെ അതിർത്തിക്കു ള്ളിൽ നിന്നും ഒരു കട്ടിലിന്റെ താങ്ങിൽ നിന്നുകൊണ്ടും, വെളിച്ചത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തോടെ , ആർജ്ജവത്തോടെ സംസാരിക്കാൻ പഠിച്ചവളായി തീർന്നത് .
നവ സാങ്കേതികവിദ്യ എന്നെ ഏറെ തുണച്ചു . അറിയാതെ എന്റെയുള്ളിൽ ഉരുണ്ടുകൂടി പുറത്തേക്കു വന്ന ആശയങ്ങളെ സങ്കല്പങ്ങളെ  അക്ഷരങ്ങളി ലാക്കാൻ സാധിച്ചു . പിന്നെ സോഷ്യൽമീഡിയ തന്ന സ്വാതന്ത്ര്യമാണ് എന്നെ വെളിച്ചത്തിന്റെ ലോകത്തേക്ക് പിടിച്ചിറക്കിയത് . ആദ്യം എഴുതിയത് കവിതകൾ പോലെ എന്തൊക്കെയോ ആയിരുന്നു . പിന്നീട് അതിൽനിന്നും തിരഞ്ഞെടുത്തവ രണ്ടു പുസ്തകമായി അച്ചടി മഷി പുരണ്ടു . ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുത്തുകൾ വന്നു . പല വേദികളിലും എന്റെ നാടും അവിടുത്തെ കലാ സാംസ്‌കാരിക കേന്ദ്രങ്ങളും ആദരവുകൾ നൽകി . ഞാനിപ്പോ എന്റെ ജീവിതം പകർത്തിയെഴുതുന്ന ജോലികളിലാണ് .
അതിനിടെയാണ് ഇവിടെ വീട്ടിലിരിപ്പിന്റെ പേരിൽ ജനം തല പുകഞ്ഞു വശായിരിക്കുന്നത് . ഇതൊരു കൊറോണക്കാലമാണ്. കൊറോണയെ അറിഞ്ഞിട്ടും അറിയാതെ ബുദ്ധിമോശം കാണിക്കുന്നു മനുഷ്യർ. സർക്കാരും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വീട്ടിലിരിക്കൂ എന്നുപറയുമ്പോൾ ഇതൊക്കെ ആർക്കുവേണ്ടി, എന്തിനു വേണ്ടി എന്നു ചിന്തിക്കാനുള്ള ഔചിത്യംപോലും വിദ്യാസമ്പന്നരായ മലയാളിക്ക് ഇല്ലാത്തതെന്തെന്ന് അതിശയപ്പെടുകയാണ് .
ഓരോ നൂറ്റാണ്ടിലും മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട് .കോളറയും പ്ളേഗും വസൂരിയും , മലേറിയയും മുൻകാലങ്ങളിൽ എങ്കിൽ ഇന്ന് മാനവരാശിക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്നത് രൂപവും ഭാവവും മാറിവന്നിരിക്കുന്ന കൊറോണ വൈറസുകളാണ് . സാർസ് , എബോള , നിപ എല്ലാം നമുക്ക് കേട്ടു പരിചിതമായി . നിപയെ കേരള ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും ഒറ്റക്കെട്ടായി നിയന്ത്രിച്ചതാണ് . അമേരിക്ക , ബ്രിട്ടൻ , ഇറ്റലി , ഫ്രാൻസ് , സ്‌പെയിൻ എന്നിങ്ങനെ സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളെപ്പോലും ഭീതിപ്പെടു ത്തിക്കൊണ്ടാണ് അവിടുത്തെ മനുഷ്യ ജീവനുകളെയും, ജനജീവിതത്തെയും കോവിഡ് കവർന്നെടുത്തത് . കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കപ്പേര് ആണ് കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്ന് 2019 ഡിസംബറിൽ ആണ് ഇത് പൊട്ടിപ്പുറപ്പെട്ടത് .
വായുവിലൂടെ പകരില്ല എന്നത് ഒരു പ്ലസ്‌ പോയിന്റ് ആണ് . ആരോഗ്യമുള്ളവരിൽ ഏതൊരു വൈറസ് രോഗവുംപോലെ സുഖപ്പെടുത്തിയെടുക്കാവുന്നതാണ് . എന്നാൽ പ്രായമായവരിലും രക്തസമ്മർദം, ശ്വാസകോശരോഗങ്ങൾ ,ഹൃദയം, വൃക്ക, കരൾ, പ്രമേഹം പോലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരിലും അപകട സാധ്യത കൂടുതലാണ്. ഒരാൾക്ക് അസുഖം വന്നാൽ ആ വ്യക്തിയെ മാത്രമല്ല അയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകൾക്കൊക്കെ അസുഖംവരാൻ സാധ്യതയുണ്ട് . ഇത്തര മൊരു സാഹചര്യത്തിൽ കുടുംബത്തിലും സുഹൃത്തു ക്കൾക്കിടയിലും പൊതുരംഗ ത്ത് ഇടപഴകുമ്പോഴും അപകടകരമാം വിധം നിരവധി പേർക്കു അസുഖം പകരും .
ഇവിടെ രോഗത്തെ ചികിത്സിക്കുന്നതിനെക്കാളും രോഗം വരാതിരിക്കാൻ ശ്രമിക്കുക എന്ന പാരമ്പര്യശാസ്ത്രം തന്നെയാണ് ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന് തീർത്തും അനുയോജ്യം . ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം .സാമ്പത്തിക ഭദ്രതയിൽ അത്ര മുൻപന്തിയിൽ അല്ലതാനും . കൃഷിയും സാധാരണ തൊഴിലാളികളേയും കൊണ്ട് നിറഞ്ഞ ജനത. ഈ സാഹചര്യത്തിൽ രാജ്യത്തിന് ഒരു തിരിച്ചടിവന്നാൽ നമ്മളിന്ന് നിൽക്കുന്ന 21 ആം നൂറ്റാണ്ടിൽ നിന്നും അത്രയും തന്നെ പിന്നിലേക്ക് പോവും . അതുകൊണ്ട് പരമാവധി രോഗ വ്യാപനം കുറയ്ക്കാനുള്ള മാർഗങ്ങളാണ് നമ്മുടെ നാടും ഭരണാധികാരികളും തിരഞ്ഞെടുത്തത് .
ആദ്യഘട്ടത്തിൽ സോപ്പും സാനിട്ടറൈസും ഉപയോഗിച്ച് കൈകൾ അണുവിമുക്ത മാക്കാൻ നമ്മളെ ബോധവന്മാരാക്കി . അടുത്തഘട്ടത്തിൽ കൂടുതൽ പേര് അടുത്തിടപഴകുന്ന സ്‌കൂൾ ,കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ അടച്ചു . ഘട്ടം ഘട്ടംഘട്ടമായി ഓരോ നിയന്ത്രണങ്ങൾ വരുമ്പോഴും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ചെക്കിങ് , ആരോഗ്യപ്രവർത്തകർ ഡോക്ടർമാർ മുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഏറ്റവും താഴെതട്ടിൽ ആശാവർക്കാർമാർ വരെ വളരെ സജീവമായി രംഗത്തുണ്ടായിരുന്നു . പ്രവാസികളെ വീടുകളിൽ നിരീക്ഷണത്തിലാ ക്കിയാൽ അവരത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നുപോലും നിരീക്ഷിച്ച് അവർക്കു വേണ്ട ആവശ്യങ്ങൾ എത്തിച്ചും വിവര ശേഖരണം നടത്തിയും ഇക്കൂട്ടർ നാടിന് സംരക്ഷകരായി . ഐസൊലേഷൻ വാർഡുകൾ, മെഡിക്കൽ കോളേജുകൾ കേന്ദ്രമാക്കി പ്രത്യേകം കോവിഡ്, കൊറോണ പ്രതിരോധ ഹോസ്പിറ്റലുകൾ എന്നിവ സുസജ്ജമാക്കി സംസ്ഥാനവും .

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതോടെ നിയന്ത്രണങ്ങൾ പിടിമുറുക്കി തുടങ്ങി. ഇത്രയേറെ കർശനമായ നീക്കങ്ങൾ നടത്തുന്ന ഘട്ടത്തിലാണ് ആദ്യം ഇന്ത്യയിൽ മാർച്ച് 23 ന്  ജനകീയ കർഫ്യു പ്രഖ്യാപിച്ചത് . കടകൾ , വ്യവസായ സ്ഥാപനങ്ങൾ എല്ലാം പൂർണ്ണമായും അടച്ചിടൽ . ആരും വീടിന് വെളിയിൽ ഇറങ്ങരുത് .അന്നുതന്നെ ജനങ്ങൾ വീടിനു മൂന്നിൽനിന്ന് കയ്യടിച്ചും പാത്രങ്ങൾ കൊട്ടിയും ആരവം മുഴക്കി ആരോഗ്യ പ്രവർത്തകർക്ക് വൻ പിന്തുണ നൽകി. ഓരോദിനം പിന്നിടുന്തോറും കോവിഡ് സ്ഥിതീകരിച്ചവരുടെയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കകൾ വർദ്ധിപ്പിക്കാൻ ഇടയായി . പ്രതിരോധമാണ് ഏറ്റവും വലിയ ശക്തി എന്നു ഭരണാധികാരികളും തിരിച്ചറിഞ്ഞു. പരസ്പരം അകലം പ്രാപിക്കുക,സാമൂഹിക സമ്പർക്കം ഇല്ലാതാക്കുക അതിലൂടെ രോഗവ്യാപനം തടയാം . മൂന്നാം ദിവസം മാർച്ച് 25 രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലേക്ക് നീങ്ങി .

അന്ന് തുടങ്ങി! ഇവിടുത്തെ വലിയൊരു കൂട്ടം ജനങ്ങൾക്ക് നെഞ്ചെരിച്ചിൽ ! എങ്ങനെ വീട്ടിലിരിക്കും ?എങ്ങനെ സമയം ചെലവിടും ! പ്ലാനും പദ്ധതികളുമായി ജനം പെടാപ്പാടു പെടുന്നു . സർക്കാരും മാധ്യമങ്ങളും ജനങ്ങളെ പിന്തുണച്ചു കൊണ്ട് ലോക് ഡൗണ് കാലത്തെ നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു .
എന്നാൽ നേരമില്ല നേരമില്ല എന്നു സർവ്വ നേരവും ഭാര്യയെ, കുട്ടികളെ അവരുടെ ആവശ്യങ്ങളെ , നിഷ്കരുണം തട്ടിയകറ്റുന്ന പുരുഷന്മാർക്കു ഒരു തിരിച്ചടിയാണ് ഈ കോവിഡ്ക്കാലം . ട്യൂഷനും സ്പെഷ്യൽ കോച്ചിങ്ങും ,സംഗീത നൃത്ത ചിത്രകലാ പഠനവും സ്പോർട്സ് പ്രാക്ടീസുമായി നടക്കുന്ന കുട്ടികളും ഏറെ അസ്വസ്ഥരായിട്ടുണ്ടാവും. ഒരുപരിധി വരെ സ്ത്രീകൾക്ക് പുരുഷന്മാരെ സഹിക്കേണ്ടതായും വരുന്ന അവസ്ഥകളും സംഭവിക്കുന്നുണ്ട് . എങ്കിൽത്തന്നെ യും സ്ത്രീകൾക്ക് സ്വല്പം നടുനിവർത്തി ശ്വാസംവിട്ട് ഭക്ഷണം ഉണ്ടാക്കി , ഇഷ്ടഭക്ഷണം പരീക്ഷിച്ച്, രുചിച്ചു നോക്കി ,അലമാരികളും പുസ്തകങ്ങളും വസ്ത്രങ്ങളും ഒതുക്കിപ്പെറുക്കി , പഠനകാലത്തിനു ശേഷം നടക്കാതെ പോയ വായനയും ,പെയ്ന്റിങ്ങും, തുന്നൽ ,എംബ്രോയ്ഡറി , അടുക്കളത്തോട്ടം , ഇത്യാദിയിലൊക്കെ കൈവയ്ക്കാൻ സ്വല്പം സ്വാതന്ത്ര്യം ലഭിക്കുന്ന അവസരം കൂടിയാണിത്. അവരിതിനെ നന്നായി ആസ്വദിച്ചു കാണും . പോലീസിന്റെ അടി ഭയന്ന് വീട്ടിൽ വീർപ്പുമുട്ടിയിരുന്ന പുരുഷന്മാരും പതിയേ സ്ത്രീകളെ കണ്ടുപഠിച്ചു രംഗത്തിറങ്ങിക്കാണും.
ഈ വെറും 21, 28  ദിവസങ്ങളൊക്കെ നമുക്കു പൂർത്തിയാക്കാതെ, ബാക്കിവെച്ചു പോയ കാര്യങ്ങൾ ചെയ്തുകൂടെ ? വിദേശത്തോ പ്രശ്നബാധിത ദേശങ്ങളിലോ ഇരിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരോട് വിശേഷങ്ങൾ തിരക്കുന്നത് ഈ അവസരത്തിൽ അവർക്കും ആശ്വാസമാകും .നല്ല പച്ചമനുഷ്യ രായി ഹൃദയം തുറന്ന് കുടുംബത്തിൽ ജീവിച്ചുകൂടെ ? മക്കളോട്, വീട്ടിലുള്ളവരോട്  പ്രായമായവരെയൊക്കെ, അടുത്തിരുത്തി വർത്തമാനങ്ങൾ പറഞ്ഞിട്ട് എത്ര കാലമായിട്ടുണ്ടാവും . ബന്ധുക്കളെ , പഴയകാല സുഹൃത്തുക്കളെ , നാടും വീടും വിശേഷങ്ങളുമായി ഗതകാല സ്മരണകളിൽ കുടുബത്തിന് പരിചയപ്പെടുത്താമ ല്ലോ. ചെറുപ്പകാലത്തെ വീട്ടിലിരുന്നുള്ള കല്ലുകളി , ഈർക്കിൽ കളി ,വട്ട് കളി ഇതൊക്കെ കുട്ടികൾ കേട്ടിട്ടുപോലുമുണ്ടാവില്ല . വീട്ടുപറമ്പിൽ ചക്കയും മാങ്ങയും കപ്പയുമൊക്കെ ഉള്ളവരെങ്കിൽ മുൻകാലങ്ങളിലെ പോലെ അവയൊക്കെ വരും കാലത്തിനായി വാട്ടിയും പുഴുങ്ങിയതും ഉണക്കിയും സൂക്ഷിച്ചു വയ്ക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടാം . ഒരു ചെറിയ വിത്ത് മണ്ണിൽ മുളപൊട്ടി വരുന്നത് കണ്ടിട്ടുണ്ടോ? വെള്ളമൊഴിച്ച് എന്നും അതിന്റെ ചുവട്ടിൽ ഇതൾ വിരിഞ്ഞു ഇലയാവുന്നതും മറ്റും കാണാൻ തന്നെ എന്തു കൗതുകവും സന്തോഷവും തരുന്ന കാര്യമാണ് . അതാണ് മുടിയുടെങ്കിൽ ഏങ്ങനേം കെട്ടാമെന്ന് പറഞ്ഞത് . അതിനുപോലും കഴിയാത്തവൾ ആണ് ഈ ഞാൻ . എങ്കിൽപ്പിന്നെ മുഴുത്ത ആരോഗ്യം വെച്ച് എന്തൊക്കെ ആയിക്കൂടാ...?
അമ്മമാരോടൊപ്പം അച്ഛനും മക്കൾക്കും പാചക പരീക്ഷണങ്ങൾ , വീടും മുറ്റവും വൃത്തിയാക്കൽ എല്ലാം മനസ്സിലാക്കി കുടുംബത്തിന്റെ ഭാഗമാവാൻ അവരുടെ ഹൃദയത്തിൽ മറക്കാനാവാത്ത സന്തോഷത്തിന്റെ സംതൃപ്തിയുടെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് നല്ലൊരു നാളെക്കുവേണ്ടി യഥാർത്ഥത്തിൽ ജീവിതത്തിന് അർത്ഥമുണ്ടാക്കുകയാണ് ഈ കൊറോണക്കാലം . ഇതുവഴി സാമൂഹിക പ്രതിബദ്ധത എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് . കൊറോണയ്ക്കെതിരായ ഈ യുദ്ധത്തിൽ മതഭേദമില്ലാതെ , രാഷ്ട്രീയ ഭേദമില്ലാതെ നാം ഒന്നിച്ചു നിന്നാണ് പൊരുതുന്നത് . ഇവിടെ "ഇന്ത്യ എന്റെ രാജ്യമാണ് , എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് "എന്ന ആപ്തവാക്യത്തിന് അടിവരയിടുകയാണ് . ഇന്നത്തെ സഹനം, ക്ഷമ ! നാളെയുടെ പ്രതീക്ഷയാണ് . 
അതുകൊണ്ട് പ്രതീക്ഷയുടെ മുനമ്പിൽ മിഴികൾനട്ട് ഏതു പ്രതികൂല കാലാവസ്ഥ യിലും നമ്മൾക്ക് തുഴഞ്ഞുകൊണ്ടിരിക്കാം. ഈ ഇരുളും നീങ്ങും! പ്രകാശം പരക്കും !നാളത്തെ നന്മയ്ക്കുവേണ്ടി കുറച്ചു കഷ്ടപ്പാടുകൾ ഇന്ന് സഹിക്കാം .

സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി