മാരിവില്ലിനഴകായി മാരിയും ജീവിതവും .

മാരിവില്ലിനഴകായി മാരിയും ജീവിതവും .
*************************** വായന
ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് . തരിശായ വേനൽച്ചില്ലകളിൽനിന്നും പച്ചപ്പിന്റെ ഹരിതശോഭയിലേക്ക് നടന്നുകയറിയവരുടെ ജീവിതാനുഭവങ്ങൾ .! മാരിയത്തിന്റെയും രാസിതിന്റെയും പുസ്തകങ്ങൾ വായിക്കുമ്പോൾ അറിയാതെ എന്നിലേക്കുതന്നെ സഞ്ചരിച്ചുപോവും . അതുകൊണ്ട്‌ അത്തരം ബുക്കിന് ഒരു റിവ്യൂ എഴുതാൻ പറഞ്ഞാൽ എനിക്കു മടിയാണ് .  മാസങ്ങൾ മുൻപാണ്  മാരിയത്തിന്റെ "കാലം മായ്ക്കാത്ത കാൽപ്പാടുകൾ" എന്ന ബുക്ക് വായിച്ചത് . വീണ്ടും രാസിത് അശോകനും "നന്ദി ഗില്ലൻ ബാരി സിൻഡ്രോം" എന്ന തന്റെ ബുക്കും അയച്ചുതന്നു  .

മാരിക്കു കൊടുത്ത വാക്കല്ലേ ....എഴുതാതെ വയ്യ . എങ്കിലും, 
തുഴച്ചിൽ നഷ്ടപ്പെട്ടിട്ടും കരപറ്റാനുള്ള ഇവരുടെ ശ്രമങ്ങൾ, പ്രയത്നങ്ങൾ എന്നിവ ഏതു കാലത്തെയും അതിജീവിക്കും .

കുട്ടിത്തം നഷ്ടപ്പെടാത്ത ആ നിഷ്കളങ്കമായ ചിരി മാരിവില്ലായ്‌ ജീവിതത്തിലും
വർണ്ണം നിറയ്ക്കുന്ന മാരി . *"കാലം മായ്ച്ച കാൽപ്പാടുകൾ "കളിൽ ജീവിതത്തിന്റെ നിറഭേദങ്ങൾ പകർത്തിവയ്ക്കുമ്പോൾ
മാരീ ... ഒരർത്ഥത്തിൽ നിന്നെക്കാൾ ഭാഗ്യവതിയാണ് ഞാനെന്നു ചിലപ്പോൾ തോന്നും . വെറും 8 വർഷം മാത്രമല്ലേ നിനക്കീ മണ്ണിന്റെ കുളിര് , തരിപ്പ്, കിരുകിരുപ്പ് എല്ലാം അനുഭവിക്കാൻ ആയുള്ളൂ . എനിക്കതു വീണ്ടുമൊരു 8 വർഷംകൂടി എന്റെ കാൽപ്പാദങ്ങളെ പുളകിതയാക്കി ആ പുണ്യം നുകരാൻ കഴിഞ്ഞു   
എങ്കിലും ഈ ഭൂമിയിൽ ഇന്നുവരെ നീ വരച്ചുതീർത്ത കാൽപ്പാടുകൾ ഒരുകാലത്തിനും മായ്ച്ചുകളയാൻ സാധ്യമാവില്ലാ . പരിമിതികൾ ഭേദിച്ച് നീ മുന്നേറിയ വഴികൾ കാലത്തിനു നല്കിയ സംഭാവനയാണ് . അത്രയും മനോഹരമായി നീയത് അക്ഷരച്ചില്ലിൽ വാർത്തുവച്ചിരിക്കുന്നു .


രണ്ടാംക്ളാസ് വരെ പഠിച്ച ആ വിദ്യാലയത്തിലേക്കാണ് വർഷങ്ങൾക്കുശേഷം നീ
എസ് എസ് എൽ സി പരീക്ഷയെഴുതാൻ വീണ്ടും എത്തുന്നത് . ആ ഒരു നിമിഷം നിന്നിലെ മനസ്സ് ഓർമ്മകളും വിങ്ങലുകളും തിളപ്പിച്ച് എങ്ങനെയാണ് നീ ആ പരീക്ഷ എഴുതിയത് . ?
എസ് എസ് എൽ സി പരീക്ഷാ ഫീസും അപേക്ഷയും നൽകാൻ  ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ അതു മുകൾ നിലയിൽ  . ആ ഒരുനിമിഷം നിലത്തുറപ്പിക്കാൻ പറ്റാത്ത കാലുകൾ ഉള്ള ഒരു പെൺകുട്ടി . എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് ആ ഘട്ടങ്ങളിൽ അവളുടെ മനസ്സ് വല്ലാതെ വെന്തിരുന്നത് !. സാധാരണക്കാർക്കു ഇല്ലാത്തവിധം അതിജീവനത്തിന്റെ ഉരുക്കഴിക്കാൻ ജീവിതത്തിലെ വ്യഥിതപാതകൾ കടഞ്ഞെടുത്ത ജീവിതം . ഭിന്നശേഷിയെന്ന ഒറ്റവാക്കിൽ ജീവിതം വരച്ചുവയ്ക്കാൻ മറ്റുള്ളവർക്ക് എന്തെളുപ്പം !. ഓരോ നിമിഷങ്ങളിലും അതിനെ കടന്നുപോവാൻ നടത്തുമ്പോഴുള്ള മനസ്സിന്റെ പിടച്ചിലുകൾ .

നിറപ്പകിട്ടാർന്ന കോളേജ് വിദ്യാഭ്യാസം എല്ലാവരും സ്വപ്നം കാണുമ്പോൾ ഭയാശങ്കകളുമായി ഒറ്റയ്ക്ക് ഒരു പെൺകുട്ടി . തുറിച്ചു നോട്ടങ്ങളുടെയും അവിശ്വസനീയതയുടെയും നോട്ടക്കീറിൽ ആരുടെയും ശ്രദ്ധയാകർഷിച്ചുകൊണ്ടു ഒറ്റയ്ക്കൊരു സീറ്റിൽ . ആ ദിവസങ്ങളിൽ സ്വയം നിയന്ത്രിക്കാനാവാതെ മൂത്രം നനഞ്ഞിറങ്ങി തറയിൽ തളംകെട്ടി .വായിച്ച ഞാനും ഒന്ന് വിളർത്തുപോയി . മിഴികൾ നനഞ്ഞു . നിന്നെ ഞാൻ നമിക്കുന്നു കുട്ടീ ....  ഇത്രയേറെ സഹിക്കാൻ നിനക്കായല്ലോ . തല കുമ്പിട്ടുപോകുന്ന ഇടങ്ങളിൽനിന്നും കരുത്തിന്റെ പാഠമായി നാളെക്കുള്ള മുതൽകൂട്ടായി മാറുകയാണ് അത്തരം സന്ദർഭങ്ങൾ .
 
ആരുടെയും സ്നേഹത്തിന്റെ ,സാന്ത്വനത്തിന്റെ, ആശ്വാസത്തിന്റെ  ഒരു തൊട്ടു തലോടലിനായി ഒരു പുഞ്ചിരിക്കായി വിതുമ്പി നിക്കുമ്പോള് എത്തുന്ന സഹവിദ്യാർത്ഥിയായ സിസ്റ്റർ , വെളിച്ചത്തിന്റെ കൈത്തിരിയുമായി ആദ്യഘട്ടത്തിൽ മുന്നിൽവന്ന കുഞ്ഞമ്മ ടീച്ചർ,പിന്നെ മിനി ടീച്ചർ  ,കൂടാതെ കോളേജ് അഡ്മിഷൻ തരമായപ്പോൾ വന്നു സംസാരിച്ച 
 സഖറിയാസ് സർ
എന്താണ് മാരിയത്തിന്റെ ആഗ്രഹം ....? വീണ്ടും വീണ്ടും ചോദിച്ചപ്പോൾ
'ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം' എന്ന മാരിയുടെ ചോദ്യത്തിന്മുന്നിൽ  ലോകത്തിന്റെ നന്മയുടെ, സഹഭാവത്തിന്റെ ,വെളിച്ചത്തിലേക്ക് ഒരു താക്കീത്പോലെ കൺ തുറപ്പിച്ചുകൊടുത്ത സഖറിയാസ് സർ , പ്രചോദനവും ശക്തിയുമായി വന്ന മറ്റു അദ്ധ്യാപകർ . സാമൂഹികവും പ്രതിബദ്ധതയുമുള്ള യഥാർത്ഥ അദ്ധ്യാപകർ ! ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ മാരിയത്തിന് മുന്നിൽ ലോകം എത്ര ഇരുട്ട്  നിറഞ്ഞതായിപ്പോവുമായിരുന്നു . ക്യാംപസിൽ കിട്ടിയ സൗഹൃദങ്ങൾ ,അനിയൻ ഫിറോസ് ,അളിയാക്ക ഇങ്ങനെ ഒരുകൂട്ടം പേരുടെ കായിക ശക്തിയിലും മാനസികപിൻബലത്തിലും മാരിയത്ത് എന്ന മാരി തെളിഞ്ഞു തെളിഞ്ഞു വന്നു .

പ്രീഡിഗ്രിപഠനശേഷം കുടുംബ സാഹചര്യങ്ങൾ മാറി . പഠനം തുടരാൻ ആവാതെ   ഒറ്റപ്പെടലിന്റെ വേദനകൾ മുറിപ്പെടുത്തുമ്പോൾ വീണ്ടും നിറക്കൂട്ടുകൾ ചാലിച്ച് ചിത്രരചനയും പേപ്പർ ആഭരണങ്ങളും വസ്ത്രാലങ്കാരപ്പണികളും പഠിച്ചെടുത്തു .

പിന്നീട് അക്ഷരങ്ങളിലൂടെ താൻ അഭിമുഖീകരിച്ച ജീവിതംഎന്ന  മിഴിവാർന്ന സത്യങ്ങളെ കോറിയിട്ടപ്പോൾ  അണച്ചുപിടിക്കാൻ അറിയുന്നവരും അറിയാത്തവരും സമൂഹവും മാധ്യമലോകവും തന്നെ എത്തി . ആദരവുകളും പുരസ്കാര നിറവുകളും ജീവിതംതന്നെ മാറ്റിമറിച്ചു . കാലിക്കറ്റ് സർവ്വകലാശാല നൽകിയ താൽക്കാലിക ജോലി, ഒരുവർഷത്തിനുശേഷം സിൻഡിക്കേറ്റ് സ്ഥിരപ്പെടുത്തി . ഇന്ന്  കാലിക്കറ്റ്സർവ്വകലാശാലയിലെ ലൈബ്രേറിയൻ ആയി ജോലി ചെയ്യുന്നു മാരിയത്ത് . ഏതൊരു സാധാരണ വ്യക്തിയെയുംപോലെ എവിടെയും യാത്രകൾ ചെയ്യുന്നു . വേണ്ടപ്പെട്ടവരുടേയും സൗഹൃദങ്ങളുടെയും നടുവിൽ ജീവിതം ആസ്വദിക്കുന്നു . ഈയൊരു തലത്തിലേക്ക് എല്ലാ ഭിന്നശേഷി സുഹൃത്തുക്കൾക്കും ഉയർന്നുവരാൻ കഴിയണം . അതിന് ഈ നാടും സമൂഹവും പ്രതിബദ്ധരാവുമ്പോഴേ ഈ കേരളസമൂഹവും സാക്ഷരരും ഉന്നതമൂല്യങ്ങൾ കാത്തുപോരുന്നവരും ആയിത്തീരൂ ... ഇവിടെ ഭിന്നശേഷിസമൂഹവും അപകർഷതയുടെ / മനസ്സിന്റെ കെട്ടുപാടുകൾ പൊട്ടിച്ചു സ്വയംപ്രാപ്തിയിലേക്ക് കടന്നുവരാൻ സ്വപ്നം കാണുന്നവരാവണം . അതിന് ഈ പുസ്തകം പ്രേരകമാവും .

വാതിക്കൽവരെ മുട്ടുകുത്തി ഇഴഞ്ഞെത്തി വീടിനു മുന്നിലൂടെ നടന്നുപോവുന്ന സ്‌കൂൾ വിദ്യാർഥികളെ കൊതിയോടെ നോക്കിക്കണ്ടിരുന്ന മാരിയത്ത് . പാടവരമ്പിലും കൊച്ചുകൈത്തോട്ടിലും പൊടിമീനുകളെ പിടിച്ചും പുൽച്ചാടിയെകണ്ടും പൂമ്പാറ്റകളെ കണ്ടും കുന്നും മലയും മഴയും വെയിലും ആസ്വദിച്ചു കരിവളകിലുക്കി നടന്ന ആ കുട്ടിക്കാലത്തിന് പെട്ടെന്നൊരു ദിനം വന്നുകയറിയ ഒരു പനിക്കോളിൽ എല്ലാം തിരിച്ചു നൽകേണ്ടി വന്നു . വളരെ ആസ്വദിച്ചു വായിക്കാം ആ കുട്ടിക്കാലം . ഒരു മഴ പെയ്തിറങ്ങുംപോലെ വായിച്ചു നമുക്കും തെളിയാം .

അതേ വെയിലും മഴമേഘങ്ങളും ഒന്നും സ്ഥായിയായി നിക്കുന്നില്ല . കാലചക്രം തിരിയുമ്പോലെ ജീവിതവും അതിൽ വേനലും വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും പോലെ ... വായിക്കുന്ന ആരിലും ജീവിക്കാൻ അഭിവാഞ്ചയുണ്ടാക്കുന്നു . മാരിയത്ത് മനോഹരമായി എഴുതി . അഭിനന്ദനങ്ങൾ സ്നേഹം . ആശംസകൾ മാരീ ....

സ്നേഹപൂർവ്വം സ്നേഹിത
 മായ ബാലകൃഷ്ണൻ




Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി