ഒരു യാത്രാമൊഴി (സാന്ത്വന ചികിത്സയിൽ)



ഒരു യാത്രാമൊഴി
================( സാന്ത്വന ചികിത്സയിൽ )
മായ ബാലകൃഷ്ണൻ

ആത്മാവ് ധരിച്ചിരിക്കുന്ന ശരീരത്തിന് ജരാനരകൾ ബാധിക്കും . കാലഭേദങ്ങളുടെ ഋതുചക്രംപോലെ ബാല്യം കൗമാരം, യൗവനം ,വാർദ്ധക്യം, എന്നിങ്ങനെ സ്വാഭാവികമായും ഉടൽപൊഴിക്കുന്ന പ്രക്രിയകൾ ആണ് അവ . എന്നാൽ വസന്തത്തിൽ പുഴുക്കുത്തുകൾ ഏറ്റ് കൊഴിഞ്ഞുവീഴുന്ന നിത്യസുരഭിലയായ പൂക്കളും ഉണ്ടാവും .
നനുനനുത്തതും മൃദുവുമായ പനിനീർദളങ്ങളിൽ മഞ്ഞുതുള്ളിപോലെ, അടർത്തിമാറ്റാൻ ആവാതെ വേദനയുടെ ഒരു കുഞ്ഞുനീരുറവ അവളിൽ നിന്നൂർന്നുവീഴാൻ തുടങ്ങിയിട്ട് അധികവർഷമൊന്നും ആയിരുന്നില്ല .  
നേഴ്സിംഗ് പഠനം പൂർത്തിയായി . നഗരത്തിലെ ഹോസ്പിറ്റലിൽ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് , ഭക്ഷണം കഴിക്കാൻ വൈകിയിട്ടാവും വയർ വേദനിക്കുന്നത് എന്ന് കരുതി  ...   " എപ്പോഴും ജോലി ജോലി ...." അമ്മയും ശാസിച്ചുതുടങ്ങി . ഡോക്ടറെ കണ്ടു . മരുന്നുകൾ ഒന്നും മുടങ്ങാതെ കഴിച്ചുതുടങ്ങി . വേദനക്കും ക്ഷീണത്തിനും വലിയ മാറ്റമൊന്നും വരുന്നില്ല . തുടരെ ചെക്കപ്പുകളും ഡോക്ടേഴ്‌സ് കൺസൾട്ടിംങ്ങിനായുള്ള യാത്രകളും  കാത്തിരിപ്പുകളും പതിയേ ആ കുഞ്ഞുമാലാഖ കുട്ടിയെ നേഴ്സിംഗ് കുപ്പായത്തിൽനിന്നും രോഗി എന്ന പരിവേഷത്തിലേക്ക് തള്ളിനീക്കി . കാൻസർ വയറിനെ ബാധിച്ചിരിക്കുന്നു . തുടർന്ന് ഹോസ്പിറ്റലുകളും ,വിദഗ്‌ധ ഡോക്ടർമാരേയും തേടിയുള്ള അന്വേഷണങ്ങളും , ചികിത്സകളും , മാസങ്ങൾ പലതും കടന്നുപോയി . പക്ഷേ ടെസ്റ്റുകളും റിസൾട്ടും വന്നപ്പോൾ രോഗം ഡോക്ടർമാരുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയിരുന്നു . അവസാനം വിദഗ്ധ ഡോക്ടർമാർ വിധിയെഴുതി .
" ഇനിയൊന്നും ചെയ്യാനില്ലാ....!! "
രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുന്നു . ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും കാർന്നു തിന്നുകഴിഞ്ഞു . പഠനം കഴിഞ്ഞ് വിവാഹം എന്ന് പദ്ധതിയിട്ടിരുന്ന മാതാപിതാക്കളും അടുത്ത ബന്ധുകൾക്കും താങ്ങാൻ ആവുന്നതായിരുന്നില്ല അത് .  ഇനിയെത്ര നാൾ ? എങ്ങനെ സാധിക്കും ? ഇനിയുള്ള ദിനങ്ങൾ മോൾക്കൊപ്പം കിട്ടാവുന്ന ഈ ഭൂമിയിലെ പരിമിത ദിനങ്ങൾ . എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു . വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങൾ ,അതെല്ലാം അണിഞ്ഞ് മകളെ വിവാഹവേഷത്തിൽ കാണാൻ കൊതിച്ചിരുന്ന അമ്മയും അച്ഛനും സഹോദരനും .
അതിനിടയിൽ രോഗാവസ്ഥ പൂർണ്ണമായും മോളെ അറിയിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . സങ്കടവും വേദനയും ഒതുക്കാൻ ആവാതെ അവരും വീർപ്പുമുട്ടി . കണ്ണീരല്ലാതെ ഒന്നുമില്ല കൊടുക്കാൻ  ! സ്നേഹിക്കുമ്പോഴും ഹൃദയംപിളർക്കുന്ന വേദന . തൊട്ടിലിലുറക്കിയതും മാമൂട്ടിയതും കൈപിടിച്ചു നടത്തിച്ചതും സ്കൂൾ യൂണിഫോമിൽ കണ്ടതും ,  നൃത്തവേദിയിൽ കണ്ടതും ഉന്നതവിജയം നേടിയതും ,കണ്ണടച്ചാൽ ചിത്രങ്ങൾ നിറഞ്ഞുകൊണ്ടിരിക്കും .
മോളുടെ ചോദ്യങ്ങൾക്കെല്ലാം കണ്ണീരിൽ കുതിർന്ന കണ്ണുകൾ മറുപടി നൽകി . അടുത്ത ബന്ധുക്കളും കുടുംബത്തിനൊപ്പം താൽക്കാലിക ആശ്വാസത്തിനായി പരക്കംപാഞ്ഞു . അതിനകം മെഡിക്കൽ റിപ്പോർട്ടുകൾ കണ്ട് അവളും തന്റെ രോഗാവസ്ഥ മനസ്സിലാക്കി .  ഉള്ളിലെ സങ്കടങ്ങൾക്കുമേൽ ശാരീരിക ക്ഷീണവും വേദനയും മേൽക്കൈ നേടി . ജീവിതം കൈവിട്ടുപോകും എന്ന അവസ്ഥയിൽ ഒരുതരം നിസ്സംഗതയും വിഷാദവും വന്നുപെട്ടു . ആരോടും സംസാരിക്കാനോ, ആരെയും കാണാനോ , തന്റെ അവസ്ഥ ആരും അറിയുന്നത് പോലും ഇഷ്ടപ്പെട്ടില്ല .  ഒരുതരം ഒറ്റപ്പെടൽ അവളിഷ്ടപ്പെട്ടു . കുടുംബവും പ്രാർത്ഥനകളിൽ അഭയംപ്രാപിച്ചു .
'' ഇനിയൊന്നും ചെയ്യണ്ട , വരണമെന്നില്ല ,അടുത്തുള്ള ഏതെങ്കിലും പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിൽ കൊണ്ടുപോയാൽ മതി " എന്ന് വീണ്ടും ഡോക്ടർ അഭിപ്രായപ്പെട്ടതോടെ എല്ലാവരും തളർന്നുപോയി . അവസാനം സമീപനാട്ടിൽ തന്നെയുള്ള തൃശ്ശൂർ ജില്ലയിലെ പുതുക്കാട് പ്രവർത്തിക്കുന്ന              " പ്രത്യാശയുടെ ഭവനം"( HOH ) എന്ന പെയിൻ& പാലിയേറ്റീവ് ക്ലിനിക്കിന്റെ പടികടന്നെത്തി അവളും കുടുംബവും  . ആകെ വേദനയിൽ കുതിർന്നമുഖം .  അവിടുത്തെ ഡോക്ടർ ജെറി ജോസഫ്‌ .  പാലിയേറ്റീവ് മെഡിസിനിൽ ഡിഗ്രിയുള്ള അനസ്തേഷ്യസ്റ്റ് ആയിരുന്നു  . അതിലുപരി വിശുദ്ധ ഫ്രാൻസിസ് ന്റെ പാത തിരഞ്ഞെടുത്ത ഫ്രാൻസിസ്കൻ മൂന്നാം സഭയിലെ അംഗം .

വിദേശജോലിയും ഉന്നതസ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ലളിതജീവിതം നയിച്ചുകൊണ്ട്  സ്വന്തം നാട്ടിൽ ആരോഗ്യ സേവനങ്ങളിലും കാരുണ്യപ്രവൃത്തികളിലും ജീവിതം സമർപ്പിച്ച ഒരു ഡോക്ടർ . 
  ഏതുവിധത്തിൽ ആണ് ഇദ്ദേഹം ആശ്വാസമേകാൻ പോകുന്നത് .....! അതറിയാൻ എനിക്കും വലിയ ആകാംക്ഷയുണ്ടായി . ഡോക്ടറുടെ പാത പിന്തുടർന്ന് സന്നദ്ധതസേവനത്തിന് തയ്യാറായവർ ആണ് അവിടുത്തെ സ്റ്റാഫും . സ്നേഹത്തോടെ ,പുഞ്ചിരിക്കുന്ന മുഖത്തോടെ അവരെല്ലാം ചുറ്റുംകൂടി . എത്ര എളിമയോടെയാണ് ഡോക്ടർ , ഒരുകുഞ്ഞ്‌ മഞ്ഞുതുള്ളിയെ കൈക്കുമ്പിളിൽ ഏറ്റുവാങ്ങുംപോലെ മുറിയിലേക്കു കൈപിടിച്ചു കയറ്റിയത് .!!
എന്താ കഴിച്ചേ ... വിശപ്പില്ലേ മോളേ....  
വേദനയാണോ ? ഉറങ്ങാറില്ലേ....? ഒരു കുഞ്ഞിനോട് എന്നപോലെ തോളിൽ തട്ടി ചേർത്തുനിറുത്തിക്കൊണ്ടാണ് ചോദിച്ചത്....!
ആരാ പറഞ്ഞത് ? നമുക്ക്  ഇനിയും ഒരുപാട് കാര്യങ്ങൾ മോൾക്ക് ചെയ്തുകൊടുക്കാൻ ആയിട്ടുണ്ട് .  മാതാപിതാക്കളും തെല്ല് അന്ധാളിച്ചു . 
രാവിലെ തൊട്ടു വൈകുന്നേരംവരെയാണ് ക്ലിനിക്കിലെ പ്രവർത്തനസമയം . കൂടുതൽ വേദനയും ക്ഷീണവും ആവുമ്പോൾ ഇടയ്‌ക്കൊക്കെ വരും . ക്ലിനിക്കിൽ വന്നുപോകുന്ന ദിനങ്ങൾ അടുത്തിരുന്ന് ഭക്ഷണം കഴിപ്പിക്കും ഡോക്ടർ... വേദനക്കുള്ള മെഡിസിൻ ഡ്രിപ്പ് ഇട്ടുകൊടുക്കും . വളരെ സ്നേഹത്തോടെ നമുക്ക് എത്രയും പ്രിയ്യപ്പെട്ട നമ്മുടെ ഗ്രാൻഡ്‌ ഫാദറോ ,  മുത്തശ്ശിമാരോ .... അടുത്തിരുന്ന് സ്നേഹം പകർന്ന് സംസാരിക്കുന്നപോലെ  , നിർബന്ധിച്ച് ഊട്ടുംപോലെ , അവൾക്ക് വേണ്ടെങ്കിലും അല്പസ്വല്പം കഴിച്ചിരിക്കും  . മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭം ...... എന്നല്ലേ ...! തൊട്ടും പിടിച്ചും അടുത്തു നിൽക്കുന്ന നേഴ്‌സിങ് സ്റ്റാഫും അങ്ങനെ തന്നെ .
വൈകീട്ട് പോകാറാവുമ്പോൾ സ്വല്പം ഉന്മേഷത്തോടെ ആ സ്നേഹത്തലോടലിൽ, തന്റേയും കുടുംബത്തിന്റെയും വേദനയിൽ പങ്കുകൊണ്ടതിന്റെ , നന്ദിയും കടപ്പാടും മനസ്സിൽ തുള്ളിത്തുളുമ്പുന്ന വാത്സല്യമായ്‌ അവളുടെ ഹൃദയം നിറഞ്ഞിട്ടുണ്ടാവും . ഒരു ചെറുപുഞ്ചിരി നൽകി മടങ്ങുമ്പോൾ നമ്മുടെ ഹൃദയത്തിലും ഒരു നേർത്ത കുളിര് .  അത്രയെങ്കിലും ആശ്വാസം നൽകാൻ ,ഒരു ചെറുപുഞ്ചിരിയെങ്കിലും ആ മുഖത്തു വരുത്താൻ നമ്മെക്കൊണ്ട്  സാധിച്ചല്ലോ
എന്നാണ് ഡോക്ടറും കൂട്ടരും ചിന്തിക്കാറ് . 
വേദനയും ക്ഷീണവും സ്വാസ്ഥ്യംകെടുത്തുന്ന ദിനരാത്രങ്ങൾ , മുന്നിൽ ശൂന്യത തളംകെട്ടുമ്പോൾ , ആരും ഒരു കുഞ്ഞായി തീരും . വന്ന ലോകത്തേക്ക് തിരിച്ചുപോക്കിനായി ചിറകു മുളപ്പിക്കുകയാവും അവളും . വേർപാടിന്റെ നൊമ്പരം കൈകാലിട്ട് ഇളക്കുമ്പോൾ മനസ്സുനിറയുന്ന സ്നേഹം മതി , കരുതലായും തലോടലായും ആ മുറിവുകളിൽ മരുന്നായി മാറാൻ .
എന്താ മോളേ .... നിനക്ക് എന്താ വാങ്ങി തരേണ്ടത് ? ക്രിസ്തുമസ്സ് അല്ലേ..... ഓണം അല്ലേ.... ഏതു കളർ ഡ്രസ് ആണ് ഇഷ്ടം ....? എന്നുവരെയുള്ള ചോദ്യങ്ങൾ .....  അത്രയും മതിയല്ലോ .... അതുപോലൊരു ചോദ്യം മതിയല്ലോ ,
ആടിയുലയുന്ന തോണിക്ക് ഒരു തുഴയായ്  , വെയിലേറ്റ് പൊള്ളുമ്പോൾ ഒരു ചെറു തണലായി തീരാൻ .! 


തന്റെ ഈ വേദന അറിയാൻ ,ആശ്വസിപ്പിക്കാൻ അടുത്ത് വന്നിരിക്കുന്നത് ഒരു ഡോക്ടർ ആണ്  , അത് നൽകുന്ന ബലം മറ്റേതു മരുന്നുംപോലെ ഒരൗഷധം ആണ് . ആ സ്ഥാനത്ത് മറ്റൊരാൾ വന്നാൽ അത്രയും ആവില്ല . 

മോള് സമാധാനം ആയിരിക്ക് .... വിഷമിക്കണ്ടാ , എന്ന് സാധാരണ ഡോക്ടർമാർ നമ്മോട് പറഞ്ഞെന്നു വരില്ലാ ....അതാണ് സാന്ത്വനചികിത്സ .... രോഗിയുടെ മനസ്സ് അറിഞ്ഞ് അവന് അത്താണിയായ് ശാന്തിയും സമാധാനവും കൊടുക്കാൻ ഒരു ഡോക്ടർക്ക് ആവുമെങ്കിൽ അവിടെ സാന്ത്വനചികിത്സാ നടക്കും .
  ' മോളേ നിനക്കു വല്ലാതെ വേദനയുണ്ടോ? എങ്കില് ആ വേദന ഞാനും കുറച്ച് ഏറ്റെടുത്തുകൊള്ളട്ടെ ......."  ഒരിക്കൽ വളരെ വേദനിക്കുന്ന ദിവസ്സം ഡോക്ടർ ജെറി അങ്ങനെയും ചോദിച്ചു . തന്റെ പ്രാർത്ഥനയിലൂടെ വേദന പങ്കിടുന്ന അല്ലെങ്കിൽ ഏറ്റെടുക്കുന്ന ആത്മീയാചര്യന്മാരെ കേട്ടിട്ടുണ്ട്,  വിശുദ്ധന്മാരെ കേട്ടിട്ടുണ്ട് ....ഇവിടെ പ്രാർത്ഥനയിൽ പൂർണ്ണമായും സമർപ്പിതനതായ ഡോക്ടർ !
 
"എന്തിനാ ഡോക്ടറേ ......  ഈ വേദനയും ഏറ്റണേ " എന്ന് ആ വിളറിയ ശബ്ദത്തിൽ മാലാഖക്കുഞ്ഞും നിസ്സഹായയായി  .

അടുത്ത് നിൽക്കുന്നവന്റെ വേദന പങ്കിടാൻ അതിലും നല്ലൊരു ആശ്വാസവാക്ക് മറ്റൊന്നുമില്ല . ഡോക്ടർക്ക് അതു നന്നായി അറിയാം . ഇനിയൊന്നും ചെയ്യാനില്ല എന്നു പറഞ്ഞുവിടുന്ന ഘട്ടത്തിൽ  ജീവിതത്തിന്റെ വിജനവീഥിയിൽ പകച്ചുനിൽക്കുന്നവരെ കൈപിടിച്ച് അവസാന ലാപ്പിലും ഓടിയെത്തിക്കുന്നത് ദൈവീകമായ നിയോഗം പോലെയാണ് ഡോക്ടർ ജെറി കാണുന്നത് . സ്വന്തം ആരോഗ്യംപോലും മറന്ന് തനിക്കുചുറ്റും നാട്ടിൽ ആരുവന്നു വിളിച്ചാലും ഡോക്ടർ ഇറങ്ങിച്ചെല്ലും  . അവസാന ശ്വാസത്തിൽവരെ അടുത്തിരുന്ന് ആശ്വാസം കൊടുത്ത് യാത്രയാക്കിയ സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട് ഡോക്ടറുടെ ജീവിതത്തിൽ . മരിച്ചുഎന്നൊരു വാക്ക് ഡോക്ടറുടെ നിഘണ്ടുവിൽ ഇല്ലാ . ദൈവം വിളിച്ചുകൊണ്ടുപോയി എന്നേ പറയാറുള്ളൂ .

  മുഴുവൻ സമയവും വേദനകൾക്ക് നടുവിൽ കഴിയുന്നൊരാൾ . ചിലപ്പോഴെങ്കിലും അത്തരം വേദനകൾ ഡോക്ടറെയും വല്ലാതെ വിഷമിപ്പിക്കാറുണ്ട് . 
അത് ഡോക്ടർ ജെറിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചിട്ടുള്ള സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്‌ .  ഒരു ഡോക്ടർ എന്ന നിലയിൽ ഇതൊരു പരാജയം ആണ് എന്ന് ഡോക്ടർ ജെറി തന്നെ പറയും .  ഔദ്യോഗികമായതിനെ വ്യക്തിജീവിതവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ലാത്തത് ആണ് . പക്ഷേ എല്ലാ ഡോക്ടേഴ്‌സിനേയും പോലല്ലല്ലോ ഡോക്ടർ ജെറി . വേറിട്ട ജീവിതവഴി തിരഞ്ഞെടുത്ത ഗൃഹസ്ഥസന്യാസസഭയിലെ ഒരംഗം . ജീവിതം പൂർണ്ണമായും കാരുണ്യ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച വ്യക്തി . ഇങ്ങനെയുള്ളവരും നമുക്ക് ചുറ്റും ഉണ്ട് . അത്ഭുതമാണ് .
രണ്ടുമൂന്ന് വട്ടം ആ കുട്ടി , ഡോക്‌ടറെ കാണാൻ വന്നിരുന്നു . വയ്യാതാവുമ്പോൾ ഡോക്ടരുടെ ക്ലിനിക്കിൽ വരാൻ , ആ സാന്ത്വനം അനുഭവിക്കാൻ അവൾ വളരെ ആഗ്രഹിച്ചു . അന്നൊരു ദിവസ്സം മടങ്ങുമ്പോൾ , അവൾ ഏറെ ക്ഷീണിതയായിരുന്നു . ക്ലിനിക്കിൽ എല്ലാവരും ചേർന്ന് യാത്രയാക്കുമ്പോൾ ഒരുൾവിളി തന്നിൽ ഉണ്ടായതായി ഡോക്ടർ ഓർക്കുന്നു .

'' ജീവൻ തുടിക്കുന്ന അവസ്ഥയിൽ ഇനി ഈ കുട്ടിയെ കാണാൻ കഴിഞ്ഞെന്നു വരില്ലാ....അവൾ ഏറെ ദൈവസന്നിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു "
ഒരു നിമിഷം ഡോക്ടർ വേഗം കാറിനരികിലേക്ക് ചെന്നു . കൈകൾ കൂട്ടിപ്പിടിച്ചു നെറുകയിൽ തലോടി സമാധാനമായിരിക്കു മോളേ ....പ്രാർത്ഥിക്കാം  എന്ന് പറഞ്ഞു യാത്രയാക്കി .
അവിടെ ആ പ്രാർത്ഥന , 'നിന്റെ വേദന ഞങ്ങൾ അറിയുന്നു , ഞങ്ങൾ ഒപ്പമുണ്ട് '  എന്നൊക്കെയല്ലേ അർത്ഥമാക്കേണ്ടത്  . ആ സമയം ഒരു രോഗിക്കു കിട്ടുന്ന ബലം , കുറച്ചൊന്നുമല്ല . വണ്ടി ഉരുണ്ട് നീങ്ങുമ്പോൾ അവളും കരുതിക്കാണും ഇല്ലാ ഇനിയൊരു കാണൽ ജീവനോടെ ഉണ്ടാവില്ലാ എന്ന്  !! നീറുന്ന വേദനയിലും, പൊഴിയുന്ന സ്നേഹത്തിന്റെ നനവ് ആ കണ്ണുകളിൽ .  പതിയേ അവളുടെ കൈകൾ 'റ്റാറ്റാ ബൈ ബൈ' പറയുന്നത് വിൻഡോ ഗ്ളാസ്സിലൂടെ ഡോക്ടറും കണ്ടു . പുതിയ ജന്മത്തിലേക്ക് പറന്നുപോകുന്ന കരിയിലക്കുരുവി .

ശ്വാസം കിട്ടാതെവരുന്ന അവസ്ഥ വരെയെ ഡോക്ടർക്ക് ആ കുട്ടിയെ കാണാൻ ധൈര്യം വന്നുള്ളൂ . എന്നിട്ടും പ്രതികരിക്കാൻ ആവുംവരെ അവളും ആ കുടുംബവും ഡോക്ടർ ജെറിയുടെ സാമീപ്യം ആഗ്രഹിച്ചു ........പിന്നീട്‌  അബോധാവസ്ഥയിൽ എല്ലാ സജ്ജീകരണങ്ങളും ഉള്ള മറ്റൊരു  ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .
തന്നെ പൊതിഞ്ഞുനിന്ന മൃത്യുഭയത്തിൽനിന്നും വേർപെടുത്തി കൈകോർത്ത് ആ ജന്മാന്തരപാതയിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ സ്നേഹത്തോടെ ദൈവസമക്ഷം കൈപിടിച്ച് ഏൽപ്പിക്കാൻ ഒരു ഡോക്ടർ ഉണ്ടാവുക ! എങ്കിൽ ഏത് അലകടലും ശാന്തമാവും . നമുക്കേവർക്കും ആ ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ വേണ്ടപ്പെട്ടവരെ എങ്ങനെ പരിചരിക്കും , സ്നേഹിക്കും എന്ന് ഡോക്ടറെ മാതൃകയാക്കാവുന്നതാണ് . അതിനാണ് ഇത്രയും വിശദമായി എഴുതിയത് .
പലപ്പോഴും വേദനയിൽ പുളയുമ്പോൾ , ശ്വാസംകിട്ടാതെ വരുമ്പോൾ, ഒരിറക്ക് വെള്ളം ഇറക്കാൻ ആവാതെ വരുമ്പോൾ ആരുംതന്നെ വേണ്ടരീതിയിൽ  പരിഗണിക്കാതിരിക്കുക , മനസ്സമാധാനവും, വേണ്ട സ്നേഹവും കരുതലും ലഭ്യമല്ലാതെ വരിക !എത്ര ഹൃദയഭേദകമാണ് അത് .  അല്ലെങ്കിൽ വേണ്ടപ്പെട്ട കുടുംബത്തിന് എങ്ങനെ തന്റെ അച്ഛനെ , അല്ലെങ്കിൽ അമ്മയെ , കുഞ്ഞുങ്ങളെ , എങ്ങനെ ?; രോഗത്തോടും ജീവിതത്തോടും മല്ലിടുന്ന ഈ അവസ്ഥയിൽ നേരിടും , പരിചരിക്കും ?ഏതുവിധത്തിൽ അവർക്ക് ആശ്വാസം നല്കാൻ തങ്ങൾക്ക് ആവും എന്നത് വലിയൊരു പ്രതിസന്ധിയാണ് . 
ഒന്നും ചെയ്യാൻ ഇല്ല എന്നുപറയുന്നത് ശരിയല്ലെന്ന് ഡോക്ടർ ഉറപ്പിച്ച് പറയുന്നു . അവസാനശ്വാസത്തിലും കൈപിടിക്കാൻ , ഒപ്പം നിൽക്കാൻ കഴിയലാണ് വേണ്ടത് .  മനസ്സുകൊണ്ടും ശരീരംകൊണ്ടും വേദനിപ്പിക്കാതെ യാത്രയാക്കുക . ആ കുടുംബത്തിന് പിൻബലമായി കൂടെ നിക്കുക . തനിക്കുചുറ്റും സ്നേഹിക്കുന്നവരുടെ പ്രഭാവലയത്തിൽ കാറ്റിൽ എന്നപോലെ അപ്പൂപ്പൻ താടിയായ് ഹൃദയഭാരം ഒഴിഞ്ഞ് നടക്കാൻ പ്രാപ്തരാക്കണം . ജനനം പോലെ സ്വാഭാവിക പ്രക്രിയ ആണ് മരണവും . ഭയത്തോടെ ആ നിമിഷത്തിനായ് കാത്തിരിക്കേണ്ടതില്ല എന്നാണ് ഡോക്ടർ പറയുന്നത് . പത്രം വായിച്ചും , പാട്ടുകൾ കേട്ടും , മുൻപ് എങ്ങനെയൊക്കെ ആയിരുന്നോ ,  അതുപോലെ മരണം കൂട്ടിക്കൊണ്ടുപോകുംവരെ , ജീവിതത്തെ കൊണ്ടുപോവുക . ഏതൊരു സാധാരണദിനം പോലെ ആധികളോ പിരിമുറുക്കങ്ങളോ ബാധിക്കാത്തവിധം ആവണം ആ ദിനവും കടന്നുപോകേണ്ടത്  .  ആ ഒരു മാനസികാവസ്ഥയിലേക്ക് രോഗിയെയും , ബന്ധുക്കളെയും എത്തിക്കുക . അവിടെയാണ് സാന്ത്വനചികിൽസ ഫലപ്രദമാകുന്നത് .
അത് അനുഭവിച്ചറിയാൻ ഉള്ളതാണ് .  ജീവൻ നഷ്ടപ്പെടുമെന്ന അവസ്‌ഥയിൽ മാത്രം നല്കാൻ ഉള്ളതല്ല ; ജീവിതത്തിൽ സന്ധിയില്ലാതെ രോഗങ്ങളോട്  പൊരുതുമ്പോളും പതറിപ്പോവാതിരിക്കാൻ സാന്ത്വനചികിത്സ അവശ്യമാവാറുണ്ട് . വർഷങ്ങൾക്ക് മുൻപ് കടുത്ത ശ്വാസതടസ്സവും വേദനയും വന്ന് നിസ്സഹായ അവസ്‌ഥയിൽ കഴിയുമ്പോൾ പാലിയേറ്റീവിലെ എന്റെ ഡോക്ടറമ്മ ആദ്യമായി അടുത്തുവന്ന് അരികത്തിരുന്നതും ഒരുകുഞ്ഞിനെപോലെ തലോടിയതും ,  ആ സമയം നെഞ്ചിലെ ഭാരം അലിഞ്ഞുപോയതും അനുഭവിച്ചറിഞ്ഞതാണ് ഞാൻ . ഇന്നും ഗത്യന്തരമില്ലാതെ മണിക്കൂറുകൾ നീണ്ടുനിക്കുന്ന തലവേദനയും ക്ഷീണവും അലട്ടുന്ന വേളയിൽ ഡോക്ടർ ജെറിയുടെ 'എന്താ മോളേ .... ' എന്നുള്ള അരുമയായ വിളിയും കേൾക്കുമ്പോൾ നമ്മുടെ സങ്കടം അലിഞ്ഞില്ലാതാവുന്നത് ഒക്കെ സാന്ത്വനത്തിന്റെ , കരുതലിന്റെ സ്പർശം കൊണ്ടാണ് .
ഞാനും നീയും നിങ്ങളുമാണ് ഈ സമൂഹം . അവിടെ നീറുന്ന മനസ്സുകൾക്ക് ആശ്വാസമാകുക .
" ആവശ്യമുള്ളവർക്ക് ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളതാവുക ! "
എന്നതാണ് ഡോക്ടരുടെ നിലപാട് .
ഈ സന്ദേശം നല്കിക്കൊണ്ട്  നിറുത്തട്ടെ .
സ്നേഹാസംശകൾ .....
സ്നേഹപൂർവ്വം സ്നേഹിത
മായാ ബാലകൃഷ്ണൻ
28 . 9 . 2019
,👒👒👒👒👒👒

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി