ആരൂഢം ത്തിന് ആസ്വാദനം

നിഷ്കാസിതരുടെ ആരൂഢം -
മായാ ബാലകൃഷ്ണൻ (ആസ്വാദനം )
(By Rajitha Nair )
*********************

മഹാകവി ജി ശങ്കരക്കുറുപ്പിനു പ്രണാമം അർപ്പിച്ചുകൊണ്ടാണ് മായാജി 'നിഷ്കാസിതരുടെ ആരൂഢം' തുടങ്ങുന്നത്.
" വന്ദനം! മഹാഗുരോ........
രാത്രിതൻ മാറിൽ തന്നെ സ്പന്ദിപ്പൂ താരാഗണം" - ജിയുടെ ജന്മം കൊണ്ടു നായത്തോട് എന്ന സ്ഥലം (കവിയുടേയും ) സാഹിത്യനഭസ്സിൽ പുഷ്കിലമായി വിളങ്ങുന്നു എന്ന യാഥാർത്ഥൃത്തെ നമുക്കുമുന്നിൽ വെളിപ്പെടുത്തുകയാണ് ' സ്മരണീയ 'ത്തിൽ.
 നിശീഥിനി ആരുടേയോ വരവ് പ്രതീക്ഷിച്ചുകൊണ്ട് ഉടുത്തൊരുങ്ങി ഒരു പ്രണയിനിയായി നില്ക്കുന്ന കാഴ്ച 'മുഗ്ദ്ധം' എന്ന കവിതയിൽ കാണാം
"ഏതോ കിനാവിൽ മയങ്ങി കുളിരണിഞ്ഞു
നിശ്ശബ്ദം മന്ദഹസിച്ചു നില്പിതോ!"
 കാമവെറി മൂത്ത് ഭ്രാന്തന്മാർ അലയുന്ന ഈ കാലത്ത് വീണ്ടുമൊരു അഹല്യയായി ശിലയായി മാറാൻവേണ്ടി വിലപിക്കുന്ന സ്ത്രീരോദനം 'ഒടുവിലെ വര'ത്തിൽ വായിച്ചെടുക്കാം. അടിച്ചമർത്തപ്പെട്ട സ്ത്രീത്വം തുടങ്ങിയതല്ല. അഹല്യ, സീത, താര , ദ്രൗപതി തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളെ ഉദാഹരണങ്ങളായി ഇതിൽ നിരത്തുന്നു.
 ഗത്യന്തരമില്ലാതെ അധ്വാനത്തിന്റെ വിയർപ്പ് കൈക്കൂലിയായി നല്കേണ്ടിവരുന്നതും, ഇന്നു നടനമാടുന്ന പിൻവാതിൽനിയമനങ്ങളും വളരെ പച്ചയായിത്തന്നെ 'തുറക്കപ്പെടാത്ത വാതിലുകൾ' വെളിപ്പെടുത്തുന്നു. ഇനിയും മുട്ടിവിളിക്കാത്തവർക്കു മുന്നിൽ പിൻവാതിൽ സാക്ഷയിടുന്നു.
കലഹം എന്ന കവിതയിൽ അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗത്തെക്കുറിച്ചു പറയുന്നു. വേറൊരു മണ്ണിൽ പറിച്ചുനടാൻ വിധിക്കപ്പെട്ടവൾ മാത്രമാണ് സ്ത്രീ എന്നു പറയുന്നു. എന്നാൽ അവിടെനിന്ന് അവൾ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയും ഈ കവിതയുടെ അവസാനഭാഗത്തു നമുക്കു വായിക്കുവാൻ കഴിയും.
" കലഹിക്കും, കാരിരുമ്പിൻ കരുത്താണവൾ!
ചുട്ടുപഴുത്താലയിൽ കരുപ്പിടിപ്പിച്ചതാണ് "!
 ശ്രീ വയലാർ രാമവർമ്മയുടെ അശ്വമേധത്തിൽ ദ്വിഗ്വിജയ് നേടിയ കുതിരയെ നമ്മൾ കണ്ടുവെങ്കിൽ മായാജിയുടെ 'ചതുരംഗക്കളത്തി 'ൽ അധികാരദുർമേദസ്സിൽ ചോരകുടിച്ചുവീർത്ത, കുതിരപ്പന്തികൾക്കു കാവൽനില്ക്കുന്ന വെറും ചാവാലിക്കുതിരയെ കാണാൻ കഴിയും. എന്നും പൂത്തുചിരിച്ചുല്ലസിക്കണമെന്നു ഓർമ്മിപ്പിക്കുകയാന്ന് ' എന്നും പൂക്കുന്നവ 'യിൽ. സ്ത്രീക്കരുത്തിന്റെ മൂർത്തിമദ്ഭാവത്തിലെത്തി നില്ക്കുകയാണ് 'പൊന്നല്ല, വെറും പെണ്ണല്ല' എന്നതിൽ. ആഭാസന്മാരെ ചുട്ടുപൊള്ളിക്കാൻ വേണ്ടി ഊതിക്കാച്ചിയ ചട്ടുകമായി പെണ്ണ് വളർന്നിരിക്കുന്ന കാഴ്ച കാണാം, ആസ്വദിക്കാം. തീക്കൊള്ളികൊണ്ടു ആരും ചൊറിയാൻ വരണ്ട എന്ന് ഉറച്ച ശബ്ദത്തിൽ അവൾ വിളിച്ചോതുന്നു.
 മാത്യത്വത്തിന്റെ മഹാസത്യത്തെ വിളിച്ചോതുകയാണ് 'വാത്സല്യക്കനിവ്' എന്ന കവിതയിൽ. ജനിപ്പിച്ച് പാലൂട്ടിവളർത്തി, മകന്റെ ഓരോ ഉയർച്ചയിലും കോരിത്തരിച്ചിരുന്ന അമ്മ തന്റെ മകൻ മദ്യലഹരിക്കും, മദിരാക്ഷിക്കും അടിമപ്പെട്ടതോർത്തു വിലപിക്കുന്നു. തന്റെ മകനു സദ്ഗുണം നല്കണേയെന്നും, അവനെ രക്ഷിക്കണേയെന്നുമുള്ള പ്രാർത്ഥനകൾ കാതോർത്താൽ നമുക്കു കേൾക്കാം.
 ഒരു ചുംബനത്തിനു എത്രത്തോളം ശക്തിയുണ്ടെന്ന് 'ചുംബനമെഴുതും ചിത്രങ്ങൾ' വായിച്ചാൽ നമുക്കു മനസ്സിലാകും. കവിയുടെ മനസ്സിനെ അമ്പാടിയാക്കി കണ്ണൻ ലീലകൾ ആടിവസിക്കുന്ന കാഴ്ച 'കണ്ണനെത്തേടി 'യിലൂടെ കാണാൻ കഴിയുന്നു. ജാതിമരക്കോമരങ്ങളെ ആട്ടിയോടിക്കുകയാണ് 'പോവുക പോർക്കളമല്ലിത് !' എന്ന കവിതയിലൂടെ. "വർഗ്ഗവീര്യം ഊറ്റിക്കുടിച്ച്
 ചോരതുപ്പിയ നിന്റെ ആകാശത്ത്
 കെട്ടഴിച്ച കാളിയെ ഞാൻ ബലിയർപ്പിക്കും...!"ഇതിൽനിന്നു കവിതയുടെ ശക്തി എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാം.
ശൈശവത്തിൽനിന്ന് വാർദ്ധക്യത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെ പകലിൽനിന്നു സൂര്യൻ രാത്രിയിൽ പിൻവാങ്ങുന്നതിനോടുപമിച്ചിരിക്കുകയാണ് 'ജന്മഋതു'വിൽ. പകൽ മാറി എത്ര പെട്ടെന്നാണോ ഇരുൾ വരുന്നത് അതുപോലെയാണ് ബാല്യകൗമാരവും വാർദ്ധക്യവും മാറി വരുന്നത്.
 സ്നേഹത്തിന്റെ രാജ്യം കാണുവാൻ യേശുദേവൻ സഹനത്തിൻ മുൾക്കിരീടമണിഞ്ഞു. എന്നിട്ടും രണ്ടായിരമാണ്ടുകൾ കഴിഞ്ഞിട്ടും കുരിശ്ശേറിയ അദ്ദേഹത്തിന്റെ പാതയിൽ ചാട്ടവാറടികൾ മുഴങ്ങുന്നതായി 'ഉയിർപ്പി'ൽ നമുക്കു കേൾക്കാം. ഒരു മഴയായി പിറവിയെടുക്കാൻ കവി ആഗ്രഹിക്കുന്നുണ്ട്. അതുപോലെ ഈ കെട്ട കാലത്തിനെതിരേ കൊടുങ്കാറ്റായി ആഞ്ഞടിക്കാനാഗ്രഹിക്കുകയാണ് 'ഇടവച്ചാർത്ത് ' , 'കിനാവ്' എന്നീ കവിതകളിൽ.
 പാരീസ്, സിറിയ കൂട്ടക്കൊലകളെ ആസ്പദമാക്കി 'സങ്കീർത്തനങ്ങൾ ' എന്ന കവിത.
" അവളുടെ സ്വപ്നസരോവരത്തിൽ
ആണ്ടുമുങ്ങുമ്പോൾ
സ്നേഹത്തിനു സുഗന്ധത്തിന്റെ ഭാഷയാണെന്ന്
നിന്നോട് പറഞ്ഞുതന്നത് അവളല്ലേ!"
 മലയാളനാടിനെ, അതിന്റെ ശോഭ ഒട്ടുംതന്നെ ചോർന്നുപോകാത്ത രീതിയിൽ വർണ്ണിച്ചിരിക്കുകയാണ് 'സ്മൃതിപഥങ്ങൾ' എന്ന കവിതയിൽ.
"കല്പിതകാന്തിയോടു ചുറ്റിനുംനീല -
ജലഛായയിൽ മെയ്യുരുമ്മി മതിമോഹന-
ശോഭിതം ഞൊറിഞ്ഞുടുത്തു കല്പകദേശം!"- ഇതിൽക്കൂടുതലെങ്ങനെയാണ് കേരളത്തെ വർണ്ണിക്കുന്നത്?
 ഭൂമിദേവിയുടെ പരിതാപകരമായ അവസ്ഥയിൽ വിങ്ങുകയാണ് കവിഹൃദയം. പ്രാണവായുപോലും അശുദ്ധമാക്കി ധരണിയെ ശ്വാസം മുട്ടിക്കുകയാണ്. കാടും മേടും ഇടിച്ചുനിരത്തി മണിസൗധങ്ങൾ പണിയുകയാണെന്ന് കവി ആവലാതിപ്പെടുന്നു. 'ആജ്ഞേയം' വരച്ചുകാട്ടുന്നത് ഇതാണ്.
ആഴക്കടലിൽ തോണിയിൽ ഉടലുപൊഴിച്ച്, ജീവിതപ്പടം നിവർത്തിവച്ച് ഇരുകരയ്ക്കിരുന്നു വിലപിക്കുന്നവരെ 'നിഴൽക്കൂത്തിൽ' കാണാം. ആദ്യാന്തങ്ങൾ അറിയാതെ സ്വയം നിഴലുപൊത്തിക്കളിക്കുകയാണ് എല്ലാപേരും എന്നു കവിത വിളിച്ചോതുന്നു.
 'നിഷ്കാസിതരുടെ ആരൂഢ 'ത്തിലൂടെ പെണ്ണിനെ ഒരു കാട്ടുപൂവായി കവി കാണുന്നു. ഏതു ചേറിലും, ഏതു സാഹചര്യത്തിലും കാട്ടുപൂവ് വാടാതെ, തളരാതെ, തലയുയർത്തി നില്ക്കുന്ന കാഴ്ച കാണാം.
 " നിഷ്കാസിതരുടെ ആരൂഢമായ്;
അറുത്തു നീക്കിലും കിളിർത്തിടും
പെണ്മതൻ ഉയിരായ്, ആർജ്ജിതരൂപമായ്
മേരുവായ് മൺകരുത്തിൻ പ്രതീകമായ്
പൂവായ് കാട്ടുപൂവായ് അറുത്തുനീക്കിലും
കളിർത്തിടും ഞങ്ങളീ മണ്ണിൽ ".
 സൗഹൃദത്തിനു എത്രത്തോളം പ്രാധാന്യം കവി കൊടുത്തിരിക്കുന്നതെന്നോ. 'പുനർജ്ജനി' എന്ന കവിത വായിച്ചാൽ കവിയുടെ മനസ്സിനെ സുഹൃത്തുക്കൾ കുളിരണിയിക്കുന്നത് എന്നു മനസ്സിലാകും. സൗഹൃദത്തിനു കവി ഒരു നിർവ്വചനം കൊടുക്കുകയാണിവിടെ.
"ഹൃദയവാഹിനിയായ് ഒരുമയായ് വളരുന്ന സ്നേഹമാണ് സൗഹൃദം".
 വളരെ മനോഹരമായി, ഹ്യദയസ്പർശിയായി ഇറോം ചാർമ്മിളയെക്കുറിച്ച് 'ദൂത്' എന്ന കവിതയിൽ വർണ്ണിച്ചിരിക്കുന്നു.
" ത്യാഗത്തിൻ വീര്യത്തിൻ ഉഗ്രമൂർത്തി!
ഭാരതാംബതൻ മഹിതപുത്രി
മൗനത്തിൻ സഹനംപുതച്ച നിന്നെ
ഞാനൊന്ന് തൊട്ടോട്ടെ
ഓരം ചേർന്ന് നിന്നോട്ടെ!" - അത്രത്തോളം കവി ഹൃദയം കൊണ്ടാഗ്രഹിക്കുകയാണ്.
 'അമ്മ അമ്മി', 'തീ ചിറകുകൾ',' കഞ്ഞിക്കുപ്പുണ്ടോ' എന്നീ കവിതകളിലൂടെ അമ്മയെന്ന വികാരത്തെ അനുഭവിച്ചറിയാൻ കഴിയും. കറാച്ചി കലാപം ഓർമ്മപ്പെടുത്തുകയാണ് 'ചുറ്റിക'.
അനുവാചകരെ ബാല്യകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുകയാണ് 'നനഞ്ഞൊട്ടിയ ബാല്യങ്ങൾ'. എല്ലാപേർക്കുമുണ്ടായിരുന്ന പോലെ കവിക്കും നല്ലൊരു ബാല്യമുണ്ടായിരുന്നു. മരങ്ങളിൽ വലിഞ്ഞുകയറിയും, അണ്ണാറക്കണ്ണനെ കല്ലെറിഞ്ഞും, ചേമ്പിലയെ കുടയാക്കിയും, ഉപ്പുമാവിനു വേണ്ടി തല്ലുണ്ടാക്കിയും എല്ലാം കവി അയവിറക്കുന്നു.
 ഋതുക്കളിൽ വന്ന മാറ്റത്തെക്കുറിച്ച് കവി ആകുലപ്പെടുന്നു.
" കാടാണു കൊടും ചൂടാണ്
കരിമുകിൽപ്പെണ്ണ് വിതുമ്പുന്നു.
ഋതുക്കൾ പാടുന്ന താളത്തിൽ
കനപ്പിച്ചു പെയ്യാൻ നിനക്കു
മടിയെന്ത് പെണ്ണേ?" - എന്നു കവിതയിൽക്കൂടി ചോദിക്കുന്നു.
 ഒരു സ്ത്രീ എന്നാൽ എന്താണ്, അവളുടെ ശക്തി എന്താണ് എന്നതിനെക്കുറിച്ചെല്ലാം വളരെ ശക്തമായ ഭാഷയിൽ 'ഇരുളും പൊരുളും' എന്നതിൽ കവി പ്രതിപാദിച്ചിരിക്കുന്നു. കൃഷ്ണഭഗവാനോടുള്ള അഗാധമായ ഭക്തിയും കണ്ണനോടുള്ള പരിദേവനവും 'ദർശനം' എന്ന കവിതയിൽ വായിക്കാം.
സുഖദുഃഖസമ്മിശ്രമായ മനുഷ്യജീവിതത്തെക്കുറിച്ച് വിവരിക്കുകയാണ് 'കാണാക്കനി'യിൽ. എന്തുതന്നെ പ്രതിബന്ധങ്ങൾ ഉണ്ടായാലും കയ്പും മധുരവും നിറഞ്ഞ ജീവിതത്തെ രുചിക്കുവാൻ കവി കൊതിക്കുന്നു.
 സമൂഹത്തിൽ നടനമാകുന്ന കൊള്ളരുതായ്മകളിൽ വീർപ്പുമുട്ടുകയാണ് കവി. ഇതിനെതിരേ പ്രതികരിക്കുവാൻ കവിതയെ കൂട്ടുപിടിക്കുകയാണ് ' കാവ്യോപാസക'യിലൂടെ. താൻ മുമ്പേ, താൻ മുമ്പേ എന്ന രീതിയിൽ വെട്ടിപ്പിടിക്കാൻ വെമ്പുന്ന മനുഷ്യരെയോർത്തു പൊട്ടിച്ചിരിക്കുന്ന 'ഭ്രാന്തന്റെ ചിരി' ഇന്നത്തെ സമൂഹത്തിനു നേരെ കണ്ണുതുറക്കുന്നു. പിതൃവാത്സല്യം വിളിച്ചോതുകയാണ് ' നിശ്ചലം നിമിഷരഥത്തിൽ '. മരച്ചില്ലയിൽ വന്നിരിക്കുന്ന കാക്കയിൽ കവി അച്ഛനെ തിരയുന്നു.
 'ജീവന്റെ മതവും ഭാഷയും' എന്ന കവിതയിൽ "
വേവുന്ന വിശപ്പിന്റെ നോവിലും പൊടിയുന്ന കണ്ണുനീർ മുത്തുകളിലും
മഞ്ഞിലുറഞ്ഞു മുറുകുന്ന
മരംകോച്ചും മരവിപ്പിലുമുണ്ട്
ജീവന്റെ മതവും ഭാഷയും ". - ഗതി കെട്ടു കരയുവാനുള്ള ജന്മമാണോ മനുഷ്യൻ എന്നു കവി ചോദിച്ചുകൊണ്ടീ സമാഹാരം അവസാനിപ്പിക്കുന്നു.
 ഡോ. സി രാവുണ്ണി മാഷിന്റെ 'കെട്ട കാലത്തോടുള്ള കലഹങ്ങൾ' എന്ന അവതാരിക, ഈ കവിതകൾക്ക് ഭംഗി വർദ്ധിപ്പിക്കുന്നു. യെസ്പ്രസ് ബുക്സ് പുറത്തിറക്കിയ ഈ മനോഹരപുസ്തകത്തിനും കവിക്കും ആശംസകൾ.

സ്നേഹത്തോടെ,
രജിതാ നായർ.

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി