ഉറങ്ങുന്ന സുന്ദരി ഉണരുവാൻ .


ഉറങ്ങുന്ന സുന്ദരി ഉണരുവാൻ  .
@@@@@@@@ (മായാ ബാലകൃഷ്ണൻ )

ചില വായനകൾ യാദൃച്ഛികമായി നമ്മുടെ നേർജീവിതത്തിലേക്ക് കടന്നുവരും . ഒരുപക്ഷേ അവ നമ്മെ കുടഞ്ഞുപറിക്കുന്നതോ ,ആകെ പൊള്ളിച്ചെടുക്കുന്നതോ     ആവാം . അത്തരം സന്ദർഭങ്ങൾ നമ്മിൽ ചില ചലനങ്ങൾ സൃഷ്ടിക്കുന്നതു കൊണ്ടാവാം ഇതുവരെ ചെന്നിട്ടില്ലാത്ത പുതിയ വഴികൾ നമുക്ക് മുന്നിൽ തുറന്നുവരുന്നത് .
 
ഒരുച്ചസമയം ഭക്ഷണംകഴിഞ്ഞ് പിന്നിൽ ഫില്ലോ ചേർത്തുവച്ചു തന്നു . ചെരിഞ്ഞുകിടന്ന് കയ്യിൽ ആഴ്ചപ്പതിപ്പ് നിവർത്തി ചാരിവച്ചു . സാധാരണ ആഴ്ചപ്പതിപ്പ് കിട്ടിയാൽ പിന്നിൽ നിന്നേ വായിച്ചു തുടങ്ങാറുള്ളൂ . ബാലപംക്തിയും പിന്നീട് സ്ഥിരംപംക്തികളായ നോവൽ , യാത്രാകുറിപ്പുകൾ , സർവ്വീസ് ഡയറിക്കുറിപ്പുകൾ ഒക്കെ വായിച്ചശേഷമാണ് കവിതയും കഥയുമൊക്കെ വായിച്ചിരുന്നത് . എന്നാൽ വിഭവ പരിശോധനയിൽ കവിത വി എം ഗിരിജ എന്നുകണ്ടതോടെ കൗതുകം കൂടി .

ആകാശവാണിയിൽ ഞാൻ കേൾക്കുന്ന വി എം ഗിരിജയാണ്, കവി വി എം ഗിരിജയെന്ന്  മനസ്സിലാക്കിയിട്ട് അധികനാൾ ആയിട്ടുണ്ടായിരുന്നില്ല .
അന്നൊക്കെ ആകാശവാണിയായിരുന്നു എന്റെ അടുത്ത കൂട്ടുകാരി . 2008 - '09 കാലം . പുറംലോകത്തേക്ക് വാതിൽതുറക്കുന്ന എന്റെ വാതായനങ്ങൾ .ഞാൻ അയക്കുന്ന കത്തുകൾ വായിക്കുന്ന ആകാശവാണി . രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കൃത്യസമയങ്ങളിൽ  സാഹിത്യപരിപാടികളും ഗാനങ്ങളും
വാർത്താധിഷ്ഠിത പരിപാടികളുമായി അക്കാലത്ത് ഒരുദിനം ആകാശവാണിയില്ലാതെ കടന്നുപോകുമായിരുന്നില്ല . അങ്ങനെയുള്ള ആകാശവാണിയിലെ ചേച്ചി എനിക്കും പ്രിയപ്പെട്ട ചേച്ചിയായി  . പിന്നൊന്നും ആലോചിച്ചില്ല . പതിവ് രീതികളൊക്കെമാറ്റി വേഗം വായനക്ക് ആ പേജെടുത്തു .
"ഉറങ്ങുന്ന സുന്ദരി "  അതായിരുന്നു കവിതയുടെപേര് . ഒറ്റനോട്ടത്തിൽ ഓരോ പാർട്ട് ആയിട്ട് ഓരോ തലക്കെട്ടുമായി കുറച്ചധികം പേജുകൾ ഉണ്ട് . എങ്കിലും ആ പേര് എന്നെ ആകർഷിച്ചു . കൂടുതലൊന്നും ശ്രദ്ധിച്ചില്ല . ആദ്യവായന ആർത്തിവായന . ലളിതമാണ്  . 
"ഉറങ്ങുകയാണ് ,ഉറക്കത്തിൽ ഏതോ
നിലവറയ്ക്കുള്ളിൽ
മിടിപ്പുമാത്രമാണടയാളം ജീവനിരിപ്പാതായ്...."
തുടർന്ന്‌ കാട്ടുപൊന്തകളും വെയിലും മഴയും നനഞ്ഞ് നൂറ്റാണ്ടുകളായി മൂടിക്കിടക്കുന്ന ഒരു കൊട്ടാരവും അതിൽ ഉറങ്ങുന്ന പ്രതിമാസുന്ദരിയും .
ശിലാരൂപം ! ഞാൻ അവളുമായി പെട്ടെന്ന് താദാത്മ്യം പ്രാപിച്ചു . എങ്ങനെ ആവാതിരിക്കും ?!  ഞാനൊരഹല്യയെന്ന് സ്വയം അടയാളപ്പെടുത്തി വച്ചിരിക്കുകയായിരുന്നു .  കത്തു പരിപാടികൾക്കിടയിൽ അങ്ങനെയും എഴുതി പരിചയപ്പെടുത്തിയിട്ടുണ്ട് .

"കാട്ടുലതകൾ കട്ടിലിൽ
അവളുടെ മെയ്യിൽപ്പടരുന്നു ...."

വേറൊരിടത്തു , "മരവിപ്പിൻ ,കാത്തുകിടക്കലിൻ
ഒറ്റപ്പെടലിൻ, കണ്ണീരിൻ ഒരു നൂറ്റാണ്ടായി ..."
ഇടയ്ക്കിടെ പൊന്തിവരുന്ന ചില വരികൾ, വാക്കുകൾ എന്നെ മുൾവള്ളികൾ പോലെ പോറിച്ചുകൊണ്ടിരിന്നു . ആരെക്കുറിച്ചാണ്...!!? ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തുംപോലെ അവ എന്നെ വീർപ്പുമുട്ടിച്ചു .
തുടർന്നുവരുന്ന വരികളിലും ഞാൻ എന്നിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുന്ന അവസ്ഥ . മുൾപ്പടർപ്പുകൾ പോറിവലിഞ്ഞ് മുറിപ്പാടുകളിലൂടെ രക്തം ഒലിച്ചിറങ്ങുംപോൽ ഞാൻ നിന്നുകിതച്ചു കുഴഞ്ഞു .
' ഉറങ്ങുന്ന സുന്ദരി, കുട്ടികൾക്ക് ' എന്നതിന് ചുവടെ 
കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഉരുണ്ടോടിപ്പോയ പന്തുതേടി കാട്ടുവള്ളികൾ വകഞ്ഞെത്തുമ്പോൾ ആ കുഞ്ഞുമുഖങ്ങളിലെ പരിഭ്രമം ഞാൻ എത്രവട്ടം കണ്ടിരിക്കുന്നു ! എന്നും കുഞ്ഞുങ്ങൾ ആയിരുന്നു എനിക്ക് വെല്ലുവിളി . പലപ്പോഴും അപ്രതീക്ഷിതമായ അവരുടെ ചോദ്യങ്ങൾക്കുമുന്നിൽ ഞാൻ പതറിപ്പോവും .
"മായമ്മായിക്ക് എന്തു പറ്റിയതാ ? "
"ആന്റി എന്ത്യേ കിടക്കുന്നേ ...? "
"ചേച്ചിക്കെന്ത്യേ പറ്റ്യേ.... ?" എന്നിങ്ങനെയുള്ള ആ കുഞ്ഞുമുഖങ്ങളിലെ ആകാംക്ഷയും അത്ഭുതവും വേദനയും ! ആരാണതുപോലെ പകർത്തി വച്ചിരിക്കുന്നത്...?

ഒരു കാൽനൂറ്റാണ്ട് ആരെയും കാണാനോ അഭിമുഖീകരിക്കാനോ കഴിയാതെ സൂര്യപ്രകാശവും കാറ്റും മഴയും അന്യമായി ഒരു മുറിക്കുള്ളിൽ ഭൂതകാലത്തിന്റെ മാറാലകളും ഇരുളുംമൂടി ഞാൻ ഏതോ നൂറ്റാണ്ടിലേക്ക് ,അറകളിലേക്ക് ചുരുങ്ങി മരവിപ്പുകളുടെ ശിലാകുടീരം ആയിക്കഴിഞ്ഞിരുന്നു അതിനകം . അകമേ തിളച്ചുമറിയുന്ന കനൽ . എന്നിട്ടും ഒരു ചുടുകാട്ടിൽ എന്നപോലെ തത്ത്വചിന്തകളെ കൂട്ടുപിടിച്ച് നാറാണത്തിൻ ആരാധികയായി ജീവിതം തിളപ്പിച്ചൂറ്റിയെടുക്കുന്നു ഇവിടെ .

"കുട്ടികൾ തൊട്ടുനോക്കുകയില്ലേ ...? , മെല്ലെക്കുനിഞ്ഞു മുടിയൊതുക്കി
നെറ്റിമേലൊന്നുമ്മവയ്ക്കില്ലേ ... ?
" അപ്പോളുണരുമോ നീ മായാസുന്ദരീ ...?
നീയെഴുന്നേൽക്കേയാ കൊട്ടാരമൊന്നിച്ച്
ജീവിച്ചെണീക്കുകയില്ലേ ....?"
ആ ഓരോ ചോദ്യങ്ങളും എന്നിലേക്ക് മുനകൂർപ്പിച്ചു .അതിലെ ഓരോ വരികളും വാക്കുകളും ഹൃദയം ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു . വെറുതേ എത്രവട്ടം ചിന്തിച്ചിരിക്കുന്നു , സ്വപ്നം കണ്ടിരിക്കുന്നു അതുപോലൊന്ന് !  ഇരുൾകീറിയെത്തുന്ന ഒരു സുപ്രഭാതമാണ് . മഴക്കാറു മൂടി നിൽക്കുന്നപോലെ .  ഉറക്കത്തിൽ നിന്നുണർന്ന ഞാൻ ആടിയുലഞ്ഞു മുറിവിട്ട് സ്വീകരണമുറിയിലെത്തി . എനിക്കെന്തൊരു ഭാരക്കുറവ് ! ഒരു തൂവൽ കണക്കെ മുന്നോട്ട് നീങ്ങുന്നു . എന്താണ് ഞാൻ നടക്കുന്നോ !!?  മുറ്റം കാണാനുള്ള കൊതികൊണ്ട് വേഗം മുൻവാതിക്കൽവരെ എത്തി . ഞാൻ തിരികൊളുത്തുന്ന തുളസിത്തറ. അതിലെ കുഞ്ഞുതുളസി എന്നെക്കണ്ട്  തലയിളക്കിയതല്ലേ...കൂമ്പി നില്ക്കുന്ന മന്ദാരയിലകൾ പ്രഭാതത്തിലേക്ക് കണ്ണുചിമ്മി തുറക്കുംപോലെ...ഒരുനിമിഷം തിരിഞ്ഞുനിന്ന് വീണ്ടും വീട്ടിനുള്ളിലേക്ക് തന്നെ നോക്കി . ചുമരിലെ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പൻ നും വിവേകാനന്ദ സ്വാമിയുമൊക്കെ അവിടെത്തന്നെയുണ്ട് . ഇരുപുറമുള്ള മുറികൾ .  ഇതെന്റെ വീട് തന്നെ . വീണ്ടും സംശയം ,എന്റെ കാലുകൾ തറയിൽ തന്നെയല്ലേ ഉറപ്പിച്ചിരിക്കുന്നത് . ആരേയും എങ്ങും കാണുന്നില്ല . നല്ല നിശബ്ദത . ഞാൻ നടക്കുകയാണെന്നോ....ഇതുവരെ ഞാൻ കിടക്കുകയായിരുന്നില്ലേ !! എന്താ സംഭവിച്ചത് .! കണ്ണുതിരുമ്മി ചുറ്റും നോക്കുമ്പോൾ ഞാൻ കട്ടിലിൽ തന്നെ . ഞാൻ നടന്നിട്ടില്ല . അത് വെറും സ്വപ്നമായിരുന്നു . കാറ്റൂരി വിട്ടപോലെ ഒരു ശൂന്യത . തികഞ്ഞ നിസംഗതയോടെ ഞാൻ വീണ്ടും സത്യാവസ്ഥയിലേക്ക് നൂണ്ടുകയറി .  അങ്ങനെയുള്ള ഞാൻ പെട്ടെന്നൊരു ദിവസം എഴുന്നേറ്റ് സാധാരണപോലെ ആയാൽ എന്താകും ..... !? എന്തു സന്തോഷമാകും എല്ലാവർക്കും . എവിടെയൊക്കെ പോകും ഞാൻ ! ഇത്രയുംനാൾ എന്നെ ഇങ്ങോട്ടുവന്നു കണ്ടവരെയൊക്കെ ചെന്നു കാണണം . ഇതുവരെയിടാൻ സാധിക്കാത്ത ഡ്രെസുകൾ വാങ്ങിയിടണം .ചേട്ടന്മാർ എന്നെ സിനിമയ്ക്ക് കൊണ്ടുപോകും . കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ അവരുടെ ബൈക്കിനു പിന്നിൽ കയറി യാത്ര ചെയ്യും. ഒരുപാട് സ്ഥലങ്ങൾ കൊണ്ടുകാണിക്കും . എന്നിങ്ങനെ സങ്കല്പലോകത്ത് എന്തൊക്കെയാണ് !!

കുടുംബത്തെ ബാധിച്ചിരിക്കുന്ന മാനസികവ്യഥകളിൽ നിന്നൊക്കെ പൂർണ്ണ വിടുതൽ കിട്ടുക . അതിലും വലുതായിട്ട്  മറ്റെന്താണ് വേണ്ടത് .  ഞങ്ങൾക്കെല്ലാം സ്വപ്നതുല്യമായ അനുഭവം . ഞങ്ങൾ ഓരോരുത്തരും അതുപോലെ സ്വപ്നം കണ്ടിട്ടുണ്ട് . ആ സ്വപ്നത്തിൽ കണ്ട അത്ഭുതം !സന്തോഷം ! വീണ്ടും ആ ചോദ്യം ഉള്ളിൽ കത്തിപ്പടർന്നു .
"നീയെഴുന്നേൽക്കേയാ കൊട്ടാരമൊന്നിച്ച്
ജീവിച്ചെണീക്കുകയില്ലേ ....? "
അസാധ്യമായതിനെ ചൊല്ലി ,അകറ്റിനിറുത്തിയ വിചാരങ്ങൾ . ആ നിമിഷം അണപൊട്ടിയതുപോലൊരു സങ്കടം ഒരു തേങ്ങലായി  , ഒരുവേദനയായി ഉരുണ്ടുകെട്ടി തൊണ്ടയിൽ വന്നു തടഞ്ഞുനിന്നു . ചുണ്ടുകൾ വിതുമ്പി പിളർത്തി . കണ്ണുകൾ നിറഞ്ഞു . കണ്ണുനീർ ഇറ്റിറ്റു വീണുതുടങ്ങി . ആരാണ് എന്നെ ഇങ്ങനെ പേരുചൊല്ലി മായാസുന്ദരീ എന്നൊക്കെ വിളിക്കുന്നത് .!! കണ്ണും മനസ്സും കാണാതായി . ആരോടും മനസ്സു തുറക്കാൻ ആവാതെ എന്നിൽത്തന്നെ പൊഴിഞ്ഞുവീണ ഹൃദയവിചാരങ്ങൾ . ഇവിടെ ആരാണ് അകലത്തിരുന്ന് എന്നെ അറിയുന്നൊരാൾ ?
അതിവേഗ വായന, ആർത്തി വായന,  ഇതാരെക്കുറിച്ചാണ് പറയുന്നത് ....? എന്താണ് .? ഞാനാകെ വിവശയായി . തുടർന്ന് ആകാംക്ഷമുറ്റി തുരുതുരേ വരികളിലൂടെ ഓടിക്കിതച്ചു .
" നീയെന്തു ചെയ്യും ? പുതിയ ലോകത്തി -
ലേയ്ക്കോടിയിറങ്ങി വരുമോ....
പന്തും തിരഞ്ഞവർക്കൊപ്പം എല്ലാടത്തും
പൊന്തിക്കുതിക്കുകയില്ലേ....? "
വീണ്ടും എന്നെ പരീക്ഷിക്കാൻ ആയിട്ട് കുപ്പിച്ചില്ലുകൾ പോലെ ഓരോ വരികൾ എഴുന്നുകൊള്ളുന്നു . കണ്ണുനീർ ധാരധാരയായി എന്നു വായിച്ചിട്ടേയുണ്ടാ യിരുന്നുള്ളൂ ... എന്നാൽ വായിച്ച പേജിൽ ആ തുള്ളികൾ ഇറ്റുവീണു നനഞ്ഞു . തുടർന്ന് വായിക്കാൻ ആവുന്നില്ല .ഒരു മരവിപ്പ് ബാധിച്ചപോലെ . എത്രയോവട്ടം ഞാൻ അവർക്കൊപ്പം ഇറങ്ങിയോടാൻ വെമ്പിയിരിക്കുന്നു . വീട്ടിലെ കുട്ടികൾ എനിക്കുചുറ്റും കളിച്ചും ചിരിച്ചുമിരിക്കേ പെട്ടെന്നവരങ്ങനെ മുറി വിട്ടിറങ്ങിപ്പോകുമ്പോൾ ആവും ഞാനും അവർക്കൊപ്പം ചെല്ലാൻ ആയുന്നത് .  അപ്പോളാവും എന്നെ ബന്ധിച്ചിരിക്കുന്ന നിശ്ചലാവസ്ഥ എന്ന , ബോധത്തിലേക്ക് ഞാനുണരുന്നത് തന്നെ . ഇവിടെ നിലയാകെ തെറ്റി . ഇരുളിന്റെ മറവിൽ താഴിട്ടുപൂട്ടി വച്ചിരുന്ന ഹൃദയത്തിന്റെ വാതിൽ തള്ളിത്തുറന്നപോലെ . എന്നിലേക്കുള്ള വാതിലുകൾ കണ്ണും കാതും അടച്ച് ,പുഞ്ചിരിയുടെ കനൽഭിത്തി തീർത്ത് മരവിപ്പുകളുടെ ആത്മകുടീരമായിരുന്നു ഒരു കാൽനൂറ്റാണ്ട് . എങ്കിലും അതിനിടയിൽ കാലത്തെ കൈയെത്തിപ്പിടിക്കാൻ സമർത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നു . എന്നിട്ടും എന്നെ കുടഞ്ഞുണർത്താൻ ശ്രമിക്കുന്നത് ആരാണ് ! ഇവിടെ ഞാൻ കവിതയിൽനിന്നും ട്രാക്ക് മാറി സഞ്ചരിക്കാൻ തുടങ്ങി .
എന്റെ ഒളിപ്പിച്ചുവച്ചിരുന്ന ഹൃദയവിചാരങ്ങളെ തീകോരിയിട്ടതുപോലെ പകർത്തി വച്ചിരിക്കുന്നു . ഇതെന്നെക്കുറിച്ച് ആണോ... !!? അതിന് എന്നെ എങ്ങനെ അറിയും ഗിരിജ ചേച്ചി . അല്ലെങ്കിൽപ്പിന്നെ ഇതെന്ത് സംഭവം !  ചിന്തകൾ ,ചോദ്യങ്ങളായി പൊറുതിമുട്ടിച്ചു . അടുത്ത ബെഡിൽ അമ്മ ഉച്ചനേരത്ത് വിശ്രമിക്കുന്നുണ്ട് . തുറന്നിട്ട ജനലിനപ്പുറം സ്വീകരണമുറിയിൽ അച്ഛനിരിപ്പുണ്ട്  . അവരോടൊക്കെ എന്ത് പറയാൻ ! വെറുതേ വേദനിപ്പിക്കാം എന്നല്ലാതെ . സ്വയം എന്നിലേക്ക് ചുരുങ്ങി . ഒരെത്തും പിടിയുമില്ലാതെ മനസ്സ് അലയാൻതുടങ്ങി . വായന മതിയാക്കി പേജ് മടക്കിവച്ചു .   
വീണ്ടും ഒന്നുപെയ്തു തോർന്ന തോർച്ചയിൽ അടുത്ത ഭാഗങ്ങളിലേക്ക് ഒരെത്തിനോട്ടം . അഹല്യ , കുബ്ജ , സതി , റിപ്വാൻ വിങ്കിൾ അമൃതഷെർഗിൽ , എന്നിങ്ങനെ ഓരോ തലക്കെട്ടുകളോടെ കവിതകൾ . ഉടലുരുക്കങ്ങളുടെ , നഷ്ടപ്പെടലുകളുടെയിടയിലും ഉയിർത്തെഴുന്നേൽപ്പ് കാത്തുനിന്നവർ . ഒരു കുളിരില തഴുകുംപോലെ നനുനനുത്തതും മൃദുവും ലളിതവുമായ വരികൾ . ഒരു വിങ്ങൽ തങ്ങിനിൽക്കേ വായിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ജാഗ്രത , സൂക്ഷ്മത ഒന്നുമില്ലാത്ത വെറും വായന . തളർന്ന വായന .
അപ്പോളാണ്  യാദൃച്ഛികമായി അതിലൊരിടത്ത് ഒരു ചെറിയ കുറിപ്പിൽ
എന്റെ കണ്ണുടക്കിയത് .ഡൽഹി നാഷണൽ മോഡൽ ആർട്ട് ഗാലറിയിൽ പ്രശസ്ത ചിത്രകാരി അമൃത ഷെർഗിലിന്റെ ചിത്രങ്ങൾ കണ്ടതാണ് ഈ എഴുത്തിന് പ്രചോദനം എന്നു കുറിച്ചു വച്ചിരിക്കുന്നു  .  ഹാവൂ ... ആ അഹല്യയെ കണ്ട് ചോദിച്ചതാണ് അതൊക്കെ . പെട്ടെന്ന് വലിയൊരാശ്വാസം . എന്നെ അറിഞ്ഞിട്ടൊന്നുമല്ല . ഞാൻ ചിന്തിച്ചു കൂട്ടിയതൊക്കെ , മണ്ടത്തരങ്ങൾ ആയിരുന്നു . വലിയ സമാധാനം . എങ്കിലും എന്റെ മനസ്സിനെ പരുന്ത് പോലെ വന്ന് റാഞ്ചിയെടുത്തതല്ലേ ആ വരികൾ . എന്റെ അസ്തിത്വത്തിലേക്ക് ചുഴറ്റിയെറിഞ്ഞവ . യാഥാർത്ഥ്യമായിട്ടുള്ളത്  മനപ്പൂർവം മറന്നുകളയാൻ ആവില്ല . ഉള്ളിലെ ചൂടുറവ കുറേശ്ശേ ആയി പൊട്ടി പോവണം . അങ്ങനെയെ ഉള്ളം തെളിയൂ....
സത്യദർശനം നടത്താൻ കഴിയുന്നവർ , ഉറക്കത്തിൽ നിന്നും ഉണർത്താൻ കഴിവുള്ളവർ , ഹൃദയംതൊടാൻ കഴിയുന്നവർ , കാലത്തെ അതിജീവിക്കാൻ കഴിയുന്നവർ ഒക്കെയല്ലേ കവികൾ . 'ഉറങ്ങുന്ന സുന്ദരി' യിലൂടെ ഗിരിജ ചേച്ചി എന്നിലെ ആത്മാവിനേയും തൊട്ടുണർത്തി.
"മരവിപ്പിൻ ,കാത്തുകിടക്കലിൻ
ഒറ്റപ്പെടലിൻ, കണ്ണീരിൻ ഒരു നൂറ്റാണ്ടായി ...
ഒരുമ്മവേണം അവളുണരുവാൻ
.......
പെരുതാം കൊട്ടാരം
മാറാല തുടച്ചെടുക്കണം
ഉറങ്ങും സുന്ദരി ഉണരുവാൻ ! "
" ഉറക്കമുണരാൻ ഒരാൾ വരണം , ഒരുമ്മവേണം അവളുണരുവാൻ
ഒരു ചുംബനം കാത്തുകിടക്കയാണ്... " അതേ ഗിരിജേച്ചിയുടെ ആ അക്ഷര ചുംബനത്തിനായി കാത്തുകിടക്കുകയായിരുന്നോ ഞാനും !!  ഇന്നാലോചിക്കുമ്പോൾ അങ്ങനെ സംശയിക്കാൻ തോന്നുന്നു . ആ സംഭവത്തിനൊക്കെ ശേഷമാണ് ആത്മാവിൽ തൊട്ടുണർത്തിയ പോലെ
അതുവരെ എഴുതിയതിൽ നിന്നും വ്യത്യസ്തമായി കവിതാശകലങ്ങളായി    ചെറുവരികൾ ഉറവപൊട്ടാൻ തുടങ്ങിയത് .  
" ഉറക്കമുണരാൻ ഒരാൾ വരണം " അതേ അക്ഷരപുണ്യമായി വന്നു . ഒരു  തീനാളമായി പഴമയുടെ മാറാലകളെ സ്ഫുടം ചെയ്തെടുത്ത് എന്നെ പുതിയൊരു  ആളാക്കി മാറ്റി . എന്റെ വായനകളുടെ ,മന്ത്രജപ സാധനകളുടെ അന്നേവരെ എന്നിൽ നിമഗ്‌നം ചെയ്ത അക്ഷരസത്തയെ ചൂടും രുചികളും ചേർത്ത് ആത്മാവിന്റെ മൂശയിൽ രൂപപ്പെടുത്തി . പിന്നീട്‌ കുറച്ചു വർഷങ്ങൾക്ക് ശേഷം എനിക്കവയെ ഗിരിജ ചേച്ചിയുടെ കൈകളിലൂടെ തന്നെ അക്ഷരലോകത്തിന് പ്രകാശിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞു  .
ഒരുപക്ഷേ ഗിരിജേച്ചിപോലും ആദ്യമായിട്ടായിരിക്കും ഇന്നീ സത്യങ്ങൾ അറിയുന്നത് . അത്രയും തുറന്നെഴുത്തിലേക്ക് ഞാൻ പരുവപ്പെട്ടു കഴിഞ്ഞു .
അഹല്യയും കുബ്ജയും ആയിരുന്നു . ഇന്ന് ഉടലുകൾക്കപ്പുറം ഉണരാൻ കഴിഞ്ഞവൾ ആയി ഈ ഞാനും  .

സ്നേഹപൂർവ്വം
മായാ ബാലകൃഷ്ണൻ  31 -10 - 2019  
  
🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി