മറുത : സൂര്യ ഗോപി
മറുത ( ചെറുകഥകൾ) സൂര്യാ ഗോപി ************** വായന: മായ ബാലകൃഷ്ണൻ ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോഴൊക്കെ നാം ഒരു സ്വപ്നാടകയെ പോലെയായിത്തീരും! വളരെ വേറിട്ട ഭാഷയും കഥാഖ്യാനവും! ആധുനികതയുടെ പുതുവഴി വെട്ടിത്തെളിച്ചിരിക്കുന്ന പ്രതിഭയാണ് സൂര്യ ഗോപി! നിയതമായ ഭൂമികയോ, പേരുകളോ എന്നില്ലാതെ അവയൊക്കെ എവിടെ നിന്നൊക്കെയോ പറന്നുവന്നെത്തി കൂടുകൂട്ടുന്നു! കവിതയ്ക്കും കഥയ്ക്കും ഇടയിൽ അധിക ദൂരമില്ലെന്ന് പറയാറുണ്ട്! സൂര്യയുടേത് കവിതാസ്വാദകർക്ക് കവിതയായും കഥാസ്വാദകർക്ക് മാജിക്കൽ റിയലിസത്തിന്റെയോ ഉന്മാദത്തിന്റേയോ ചമയങ്ങളോടെ കഥയായും വായിച്ചെടുക്കാം! നീറുന്ന അനുഭവങ്ങൾ പോലും കവിതയുടെ മിനുസമുള്ള ഭാഷയിൽ പൊതിയുമ്പോൾ ഉള്ളുരുക്കങ്ങൾക്ക് സ്വല്പം ആശ്വാസം ഉണ്ടാകുന്നു! "ജെന്നി മാർക്സിന്റെ മരണം" എന്ന ടൈറ്റിലിലെ മരണം ഒഴിവാക്കിയാൽ, പിന്നെ ആ വാക്കിനെ തൊടാതെ മരണഗന്ധം അനുഭവിപ്പിക്കുന്നു കഥകളേറെയും! ഒന്നിനെയും എടുത്തെഴുതാൻ ഞാൻ അശക്തയാണ്. ഏറെ വായിക്കപ്പെടേണ്ട ബുക്കും എഴുത്തുകാരിയുമാണു സൂര്യ ഗോപിയും മറുതയും! കഥാസത്തയിലേക്കിറങ്ങി എഴുതുന്നില്ല ഞാൻ. എന്നിരിക്കിലും സാമൂഹിക ചുറ്...