ആസ്വാദനം:-- ഡോ. പി.ആർ. ജയശീലൻ.
ആസ്വാദനം:-- ഡോ. പി.ആർ. ജയശീലൻ. നിഷ്കാസിതരുടെ ആരൂഢം / മായ ബാലകൃഷ്ണൻ. നിഷ്കാസിതരുടെ ആരൂഢം എന്ന തന്റെ കാവ്യപുസ്തകത്തിനു മുൻപ് മായ ബാലകൃഷ്ണൻ ജീവിതം വിതച്ച തന്റെ പരിമിതികളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഉടലിന്റെ അതിജീവനം എന്നത് തന്റെ ജീവിതത്തിൽ നിർണായകമാകുമ്പോഴും സ്വന്തം കവിതയിലെവിടെയും അത്തരം ഒരവസ്ഥയെ കുറിച്ച് വാചാലമാവാത്ത ഒരു മന: സാന്നിദ്ധ്യം മായ ബാലകൃഷ്ണനുണ്ട്. പകരം കവിതയുടെ പരമ്പരാഗതമായ വഴികളിലൂടെ തന്നെ കടന്നുവരാനുള്ള ശ്രദ്ധയും ഭക്തിയും കാണിക്കുന്നുമുണ്ട്. തന്റെ ജൻമ സ്ഥലമായ നായത്തോടിനെ കുറിച്ച് പറയുമ്പോൾ ജി. ശങ്കരക്കുറുപ്പ് എന്ന കവിയുടെ കാവ്യപഥങ്ങളെ കവിത കൊണ്ടും ജീവിതം കൊണ്ടും ഈ കവി തേടിപ്പോകുന്നു. അഭിമാനിയാകുന്നു. വള്ളത്തോൾ , ഇടശ്ശേരി, പി. എന്നിവരുടെ സഞ്ചിത കാവ്യ സംസ്കാരത്തെ മണ്ണിൽ നിന്ന് ഗഗന സീമകൾക്കപ്പുറം പടർത്തിയ സഞ്ചാരപഥം ജി.ക്കുണ്ടായിരുന്നു. ജ്ഞാനപീഠത്താൽ അവരോധിക്കപ്പെട്ടിട്ടും പിൽക്കാലത്ത് ഏറ്റവും കുറച്ച് പുനർവായിച്ച കവിയായിരിക്കാം ജി. ജി.യുടെ ഗദ്യം ഇന്നും മലയാള ഭാഷയ്ക്ക് അത്ഭുതമാണ്.ഗദ്യം കൊണ്ടും പദ്യം കൊണ്ടും മലയാള ഭാഷയിൽ തീരാത്ത വിസ്മയങ്ങൾ തീർത്ത ക...