എഴുത്ത്, കാവ്യജീവിതം ജി ശങ്കരക്കുറുപ്പ്
ഫെബ്രുവരി 2 മഹാകവി ജി സ്മരണ ദിനം. അദ്ദേഹത്തിന്റെ എഴുത്ത് / കാവ്യ ജീവിതത്തിലൂടെ ഒരു സഞ്ചാരം =========================== മായാ ബാലകൃഷ്ണൻ "' സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ സ്നേഹത്തിൻ ഫലം സ്നേഹം,ജ്ഞാനത്തിൻ ഫലം ജ്ഞാനം സ്നേഹമേ പരം സൗഖ്യം,സ്നേഹഭംഗമേ ദുഃഖം. സ്നേഹം മേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ! " (സൂര്യകാന്തി) സൂര്യകാന്തിയുടെ മുഗ്ദ്ധമാം സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , 'വിശ്വദർശന' ത്തിൽ ഭാവഗായകനായ് , കേവലമൊരു സോപാനഗായകനായി പ്രപഞ്ചനാഥന്റെ ഗോപുരവാതിക്കൽ കൈകൂപ്പി വണങ്ങി നിൽക്കുകയാണ്. ശുദ്ധവും സത്യവുമായ ഉൾക്കാഴ്ച്ച പകർന്നു തരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ് 1901 ജൂൺ മൂന്നിനു എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ചു . 1978 ഫെബ്രുവരി 2 നു അന്തരിച്ച അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 43 വർഷങ്ങൾ കഴിയുന്നു ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ' ജ്ഞാനപീഠം' ആദ്യമായ് ലഭിച്ചത് 1965 ഇൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴൽ ' എന്ന കൃതിക്കായിരുന്നു! 1963 ഇൽ ' വിശ്വദർശനം' എന്ന കൃതിക്ക...