ഓണവില്ല് (ഓണം മധ്യകേരളത്തിൽ) ************************* ഉത്സവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഓണം എന്നുകേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത്. ഓണത്തിനൊപ്പംവരുന്ന ഒരുകൂട്ടം ഓണപ്പദങ്ങൾ മലയാളത്തിനുമാത്രം സവിശേഷമായിട്ടുള്ളത് വളരെ രസകരമായി തോന്നാം. ഓണപ്പരീക്ഷയിൽതുടങ്ങി ഓണത്തപ്പൻ, ഓണക്കോടി, ഓണസദ്യ, ഓണനിലാവ്, ഓണത്തുമ്പി, ഓണപ്പൂക്കളം, പുത്തനോണം പിള്ളേരോണം. എല്ലാം പോയിട്ട് ഇപ്പൊ ഓണംബംബർ, ഓണം അഡ്വാൻസ്, ഓണം ഉത്സവബത്ത...ഹാ....! എന്തൊരോണം!!... ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരി തൂകിവരുന്ന മാസം! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ചിങ്ങത്തിലെ അത്തംതുടങ്ങി പത്തുദിവസം പൂവിട്ട് ഓണംകൊള്ളും എന്നാണല്ലോ പറയുന്നത്. കേരളത്തിൽത്തന്നെ തെക്ക് വടക്ക് ഭേദത്തിൽ ഓണത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് ചെറിയ വ്യത്യസ്തത ഉണ്ട്. ഞങ്ങളുൾപ്പെടുന്ന മധ്യകേരളത്തിൽ ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്...