കൊറോണക്കാലം
കൊറോണക്കാലം പ്രമാണിച്ച് . ********************** ഏകാന്തവാസം, അതിജീവനം ! (മായ ബാലകൃഷ്ണൻ ) "ജോലി കിട്ടിയിട്ട് വേണം കുറച്ചുദിവസം ലീവ് എടുക്കാൻ " മലയാളികൾ ഏറെ പറഞ്ഞു പഴകിയ ഒരു തമാശയാണത് . പക്ഷെ അതുപോലൊരു സുവർണ്ണാവസരം വീണു കിട്ടിയപ്പോൾ എല്ലാവരും ഇരുട്ടിൽ തപ്പുന്നു . വീട്ടിലിരിക്കുന്നതിന്റെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ഒരുക്കിയ കൗൺസിലിംങ് സെന്ററിലേക്ക് വിളിക്കുന്നു, വിജനമായ നിരത്തും സിറ്റിയും കാണാനിറങ്ങി നടക്കുന്നു , പൊലീസിന് ഇവരെപ്പിടിക്കാൻ ഡ്രോണുകൾ ഇറക്കേണ്ടി വരുന്നു, മദ്യപാനാസക്തിയിൽ നിൽക്കക്കള്ളിയില്ലാതെ ആത്‍മഹത്യ ചെയ്യുന്നു മറ്റൊരു കൂട്ടർ. "എന്തൊരു പ്രഹസനാ സജി ഇതൊക്കെ? "എന്നു ചോദിച്ചു പോവുകയാണ് . എന്തിന് ! 32 വർഷമായി വീട്ടുമുറിയിൽ കട്ടിലിൽ ക്വാറന്റൈൻ തുടരുന്ന എന്റെ മുന്നിൽ ഇത്തരം വാർത്തകൾ നിറയുമ്പോൾ ചിരിക്കാതിരിക്കാൻ ആവുന്നില്ല. ചലന സംബന്ധമായ അസുഖത്തെ തുടർന്ന് ആദ്യ പത്തു പന്ത്രണ്ടു വർഷങ്ങൾ ആശുപത്രിയും വീടുമായി മാറി മാറിക്കഴിഞ്ഞു . പിന്നവിടുന്നങ്ങോട്ട് മുറ്റത്തിറ ങ്ങാതെ ഒരു കാക്കയെയോ കോഴിയെയോ പോലും കാണാതെ ജീവനുള്ളതായി വീട്ടിലുള്ളവരുടെ മുഖം...